ഉയർന്ന സുരക്ഷ സംവിധാനവും മികച്ച യാത്ര സൗകര്യവും; രാജ്യത്തെ ആദ്യ ഇരുനില വൈദ്യുതബസ് പുറത്തിറക്കി

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഇരുനില വൈദ്യുതബസ് പുറത്തിറക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് മൊബിലിറ്റിയാണ് ബസ് പുറത്തിറക്കിയത്. ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് ഡബ്ബിൾ ഡെക്കർ ബസായാണ് സ്വിച്ച് മൊബിലിറ്റിയുടെ EiV22 എത്തിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയിലും നവീനമായ സാങ്കേതികവിദ്യയിലും ഉയർന്ന സുരക്ഷ സംവിധാനവും മികച്ച യാത്ര സൗകര്യവും ബസിൽ ഉറപ്പാക്കിയിട്ടുണ്ട്.

സ്വിച്ച് മുമ്പ് വിപണിയിൽ എത്തിച്ചിട്ടുള്ള സിംഗിൾ ഡെക്കർ EiV12 ബസിന്റെ പ്ലാറ്റ്‌ഫോം തന്നെയാണ് ഡബ്ബിൾ ഡെക്കർ മോഡലിലും ഉപയോഗിച്ചിട്ടുള്ളത്. സിംഗിൾ ഡെക്കർ ബസിനെ അപേക്ഷിച്ച് ഇരട്ടി യാത്രക്കാരെ വഹിക്കാൻ ഡബിൾ ഡെക്കർ ബസിന് ശേഷിയുണ്ട്. 65 സീറ്റുകളാണ് ഈ ബസിലുണ്ട്. വളരെ കനം കുറഞ്ഞ കുഷ്യനിലാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. കാറിൽ യാത്ര ചെയ്യുന്നതിന് സമാനമായ യാത്ര അനുഭവമാണ് ബസിന്റെ മറ്റൊരു പ്രത്യേകത. 231 kWh കപ്പാസിറ്റിയുള്ള ടൂ സ്ട്രിങ്ങ് ലിക്വിഡ് കൂൾഡ് ഹയർ ഡെൻസിറ്റി എൻ.എം.സി. ബാറ്ററി പാക്കും ഡ്യുവൽ ഗൺ ചാർജിങ്ങ് സംവിധാനവുമാണ് ഇതിൽ നൽകിയിട്ടുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ ബസിൽ യാത്ര ചെയ്യാം.

അതേസമയം, രാജ്യത്ത് ഡീസലിന്റെയും പെട്രോളിന്റെയും കാലം കഴിയാറായെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. പരിസ്ഥിതിയും സമ്പദ്‌വ്യവസ്ഥയും പരിഗണിക്കുമ്പോൾ ഹരിത ഹൈഡ്രജനായിരിക്കും ഭാവിയുടെ ഇന്ധനമായി മാറുക. രാജ്യത്ത് 15 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉത്പന്നങ്ങളും വാതകവുമാണ് ഒരുവർഷം ഇറക്കുമതിചെയ്യുന്നത്. ഇത് സമ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല, പരിസ്ഥിതിക്കുകൂടിയാണ് വെല്ലുവിളിയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.