കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തന്നെ വരണം; പ്രവർത്തകർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന കാര്യമാണിതെന്ന് അശോക് ഗെഹ്ലോട്ട്

ജയ്പൂർ: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തന്നെ വരണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അല്ലെങ്കിൽ പ്രവർത്തകരെല്ലാം വീട്ടിലിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം മനസിലാക്കണം. കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കമെന്നും അല്ലെങ്കിൽ പ്രവർത്തകർ നിരാശരാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിലേക്കെത്തണമെന്നത് രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇതിൽ ഗാന്ധി കുടുംബമാണോ, ഗാന്ധി കുടുംബം അല്ലാ എന്നതിലൊന്നും കാര്യമില്ല. ഈ തീരുമാനം എല്ലാവരും അംഗീകരിക്കും. കാരണം ഇത് പാർട്ടിയുടെ പ്രശ്‌നമാണ്. കഴിഞ്ഞ 32 വർഷമായി ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നും ആയിട്ടില്ലന്നും എന്നിട്ടും നരേന്ദ്ര മോദി ഗാന്ധികുടുംബത്തെ ഭയക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ 75 വർഷമായി രാജ്യത്ത് ഒന്നും നടന്നിട്ടില്ലെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിക്കുന്നത്. എല്ലാവരും എന്തുകൊണ്ടാണ് കോൺഗ്രസിനെ ആക്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അതിന് കാരണം കോൺഗ്രസ് പാർട്ടിയുടെയും രാജ്യത്തിന്റെയും ഡിഎൻഎയും ഒന്നാണ് എന്നത് കൊണ്ടാണ്. രാജ്യം സ്വാതന്ത്ര്യമാകുന്നതിന് മുമ്പും സ്വാതന്ത്ര്യത്തിനു ശേഷവും അത് അങ്ങനെ തന്നെയാണ്. എല്ലാ മതങ്ങളെയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം നടക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തും. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തങ്ങൾ വിജയിക്കും. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്ര എളുപ്പമുള്ള കളിയാകില്ല. രാജ്യത്തെ ജനാധിപത്യത്തെ 75 വർഷവും സംരക്ഷിച്ച് നിർത്തിയെന്നതാണ് ഇന്ത്യക്ക് കോൺഗ്രസ് പാർട്ടി നൽകിയ വലിയ സംഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.