മേയറുമായി നടുറോഡിൽ വെച്ച് വാക്കുതർക്കം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടിയെടുക്കുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവർക്കെതിരെ പറഞ്ഞിട്ടില്ല. അതിനാൽ, പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതുവരെ നടപടിയെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

ന്യായത്തിന്റെ ഭാഗത്ത് നിൽക്കണം. മേയറും എംഎൽഎയുമാണ് എതിർഭാഗത്തെന്ന് കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ല. പൊലീസും വിജിലൻസും നൽകുന്ന റിപ്പോർട്ടിൽ കഴമ്പുണ്ടെങ്കിൽ മാത്രം യദുവിനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്. കെഎസ്ആർടിസിയിലെ ഭരണപക്ഷ യൂണിയനുകളും യദുവിന് പിന്തുണ നൽകിയിട്ടുണ്ട്.

അതേസമയം, അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേയർക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നാണ് സിപിഎം നേതാക്കൾ വ്യക്തമാക്കുന്നത്.