അഞ്ചു കോടി രൂപയ്ക്ക് എംഎൽഎമാരെ വിലക്കെടുക്കാൻ നോക്കി; ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആംആദ്മി

ന്യൂഡൽഹി: ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആംആദ്മി പാർട്ടി. കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാരിനെ മറിച്ചിടാൻ ബിജെപി അഞ്ചു കോടിക്ക് എംഎൽഎമാരെ വിലക്കെടുക്കാൻ നോക്കിയെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. ബിജെപിയുടെ ശ്രമത്തെ തങ്ങൾ പരാജയപ്പെടുത്തിയെന്നും ഡൽഹിയിലും ഓപ്പറേഷൻ താമരയ്ക്ക് ബിജെപി ശ്രമം നടത്തുകയാണെന്നും ആംആദ്മി നേതാവ് സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ഇതിന് തെളിവായി 2014-ലെ ഒരു വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയെ അല്ലാതെ മറ്റ് സർക്കാരിനെ വോട്ടർമാർ തിരഞ്ഞെടുക്കുമ്പോൾ ആ സർക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങൾക്ക് ബിജെപി തുടക്കമിടുന്നു. ഇതിനെയാണ് ഓപ്പറേഷൻ താമരയെന്ന് പറയുന്നത്. മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് സമീപിച്ച നേതാക്കൾ ആരൊക്കെയാണെന്ന് ശരിയായ സമയത്ത് വെളിപ്പെടുത്തുമെന്നും അത് എപ്പോൾ വേണമെന്ന് ഞങ്ങളുടെ മുതിർന്ന നേതാക്കൾ തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആം ആദ്മി പാർട്ടിയെ പിളർത്തി തങ്ങൾക്കൊപ്പം ചേർന്നാൽ സിബിഐ, ഇഡി കേസുകളിൽ നിന്ന് ഒഴിവാക്കാമെന്ന സന്ദേശം ബിജെപിയിൽ നിന്ന് ലഭിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ഗൂഢാലോചനക്കാർക്കും അഴിമതിക്കാർക്കും മുന്നിൽ താൻ ഒരിക്കലും തലകുനിക്കില്ല. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. താൻ മഹാറാണാ പ്രതാപിന്റെ പിൻഗാമിയും രജപുത്രനുമാണ്. തല പോയാലും താൻ ബിജെപിയിലേക്ക് പോകില്ല. തനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസുകൾ വ്യാജമാണ്. കേസുകളെടുത്ത് വിരട്ടാൻ നോക്കേണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയപ്പോഴാണ് മനീഷ് സിസോദിയ ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിൽ ഡൽഹി മോഡൽ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.