പഴയ വാഹനങ്ങളിലേക്ക് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: പഴയ വാഹനങ്ങളിലേക്ക് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മോണിറ്റർ ചെയ്യാൻ സാധിക്കുന്ന നമ്പർ പ്ലേറ്റുകളായിരിക്കും ഇതിൽ നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി.

ടോൾ പ്ലാസകൾ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്നാണ് വിവരം. നമ്പർ പ്ലേറ്റിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ ഓടുന്ന ദൂരത്തിന് മാത്രം ടോൾ ഈടാക്കുന്ന പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ വ്യക്തമാക്കുന്നത്. 2023-ഓടെ ഈ പദ്ധതി പ്രാവർത്തികമാകുമെന്നും പരീക്ഷണാടിസ്ഥാനത്തിൽ ഒന്നര ലക്ഷം വാഹനങ്ങളിൽ നിന്ന് ജി.പി.എസ്. സംവിധാനത്തിലൂടെ ടോൾ പിരിവ് നടത്തുന്നുണ്ടെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.

നിലവിൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളിൽ പകുതി ദൂരം സഞ്ചരിക്കുന്നവർ പോലും മൂഴുവൻ ടോൾ തുകയും നൽകേണ്ടി വരുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ ഒരുക്കുന്നതോടെ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകിയാൽ മതിയാകും. ഈ സംവിധാനം എല്ലാ വാഹനങ്ങൾക്കും പ്രയോജനപ്പെടുത്തുന്നതിനായാണ് പുതിയ ആവിഷ്‌ക്കരിച്ചത്. വ്യാജനമ്പറുകളിലുള്ള വാഹനങ്ങൾ തടയുക ഏകീകൃത സംവിധാനം ഒരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് അതിസുരക്ഷ നമ്പർ പ്ലേറ്റ് എന്ന ആശയം രൂപീകരിച്ചത്.