ഗുജറാത്തിൽ മയക്കുമരുന്ന് വ്യാപാരം ഇത്രത്തോളം അനായാസമാണോ; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ എത്രകാലം മൗനം പാലിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു.

ഗുജറാത്തിൽ മയക്കുമരുന്ന് വ്യാപാരം ഇത്രത്തോളം അനായാസമാണോ? മിസ്റ്റർ പ്രധാനമന്ത്രി ഈ ചോദ്യങ്ങൾക്ക് മറുപടി തരൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് ഗുജറാത്തിൽ എത്തിച്ചേരുന്നുണ്ട്. ഗാന്ധിയുടേയും പട്ടേലിന്റേയും പുണ്യസ്ഥലത്ത് ഈ വിഷം പടർത്തുന്നത് ആരാണ്? സംസ്ഥാനത്ത് തുടരെ മയക്കുമരുന്ന് പിടികൂടിയിട്ടും തുറമുഖത്തിന്റെ ഉടമസ്ഥനെ ഇതുവരെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽഗാന്ധിയുടെ പ്രതികരണം.

ഗുജറാത്തിലെ ഒരു മെഫെഡ്രോൺ നിർമാണകേന്ദ്രത്തിൽ മുംബൈ പോലീസിന്റെ ആന്റി നർക്കോട്ടിക്സ് സെൽ റെയ്ഡ് നടത്തുകയും 1,026 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടുകയും ചെയ്തിരുന്നു. ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്.