സൂര്യാഘാതം; സംസ്ഥാനത്ത് 2 പേർ മരണപ്പെട്ടു

hot

കണ്ണൂർ: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു പേർ മരണപ്പെട്ടു. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്ബന്റവിട വിശ്വനാഥൻ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) തുടങ്ങിയവരാണ് മരണപ്പെട്ടത്.

കിണർ പണി ചെയ്യുന്നതിനിടെയാണ് വിശ്വനാഥൻ തളർന്നു വീണത്. തുടർന്ന് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ തുടരവെയാണ് അദ്ദേഹം മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നര മുതൽ ലക്ഷ്മിയമ്മയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വൈകുന്നേരം അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാർ കനാലിൽ വീണു കിടക്കുന്ന നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇന്നു രാവിലെ ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണ കാരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

അതേസമയം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
2024 ഏപ്രിൽ 29 ന് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.