അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ താത്ക്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി പിരിച്ചുവിട്ടു; ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ താത്ക്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി സുപ്രീം കോടതി പിരിച്ചുവിട്ടു. ഫെഡറേഷന്റെ ദൈനം ദിന ഭരണത്തിന്റെ ചുമതല ആക്ടിംഗ് സെക്രട്ടറി ജനറലിന് കൈമാറി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരാഴ്ച്ചത്തേക്ക് സുപ്രീം കോടതി നീട്ടിവെയ്ക്കുകയും ചെയ്തു. പുതിയ കരട് ഭരണഘടന പരിശോധിക്കാൻ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, അഭിഭാഷകൻ സമർ ബൻസാൽ എന്നിവരോട് അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കാനും നിർദ്ദേശമുണ്ട്.

താത്ക്കാലിക ഭരണ സമിതി പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ ഇന്ത്യക്ക് ഏർപ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിയമിച്ച താത്ക്കാലിക ഭരണ സമിതി ബാഹ്യ ഇടപെടലാണെന്ന് വിലയിരുത്തിയാണ് ഫിഫ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് സസ്പെൻഷൻ ഏപ്പെടുത്തിയത്. താത്ക്കാലിക ഭരണ സമിതിയുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആക്ടിംഗ് സെക്രട്ടറി ജനറലിന് ദൈനം ദിന പ്രവർത്തനങ്ങളുടെ ചുമതല നൽകണമെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

23 അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് കൗൺസിലിൽ ആകെയുള്ളത്. ഇതിൽ 17 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. പ്രധാന കളിക്കാരെയാണ് ബാക്കി 6 സ്ഥാനങ്ങളിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. ഇതിൽ 4 പുരുഷന്മാരും 2 വനിതകളുമായിരിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദ്ദേശം നൽകി.