National (Page 416)

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. റിട്ട് ഹര്‍ജികളില്‍ 2019 ഡിസംബറില്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ഹര്‍ജികളില്‍ പിന്നീട് വാദം കേള്‍ക്കല്‍ നടന്നിരുന്നില്ല. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കുന്നത്.

അതേസമയം, മുസ്ലിം ലീഗിന്റേതിന് പുറമെ, രമേശ് ചെന്നിത്തല, ജയറാം രമേശ്, മെഹുവ മൊയ്ത്ര, ഡി.വൈ.എഫ്.ഐ, ലോക് താന്ത്രിക്ക് യുവ ജനതാദള്‍ നല്‍കിയത് ഉള്‍പ്പടെ ഇരുന്നൂറോളം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. മതത്തിന്റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ഭരണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനം ആണ് നിയമം എന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

എന്നാല്‍, രാജ്യത്തെ പൗരന്മാരെ തിരിച്ചറിയാന്‍ ദേശീയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അവകാശം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാന്‍ ആകില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം പൗരത്വഭേദഗതി നിയമം ഇന്ത്യന്‍ പൗരന്മാരുടെ നിലവിലുള്ള നിയമപരമോ, ജനാധിപത്യപരമോ, മതേതരമോ ആയ അവകാശങ്ങളെ ഹനിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് കയറിയ വ്യക്തി അറസ്റ്റിൽ. ഹേമന്ത് പവാർ എന്നയാളാണ് അറസ്റ്റിലായത്. അതീവ സുരക്ഷയുള്ളിടങ്ങളിലടക്കം ഇയാൾ പ്രവേശിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിലെ ഒരു എംപിയുടെ പേഴ്സണൽ സ്റ്റാഫാണ് പിടിയിലായതെന്നാണ് ലഭ്യമാകുന്ന വിവരം.

സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടക്കാരനെ പോലെയായിരുന്നു ഇയാൾ പെരുമാറിയിരുന്നത്. ഇയാൾ ആഭ്യന്തരമന്ത്രാലയത്തിന്റെ ഐഡി കാർഡും ധരിച്ചിരുന്നു. അതിനാൽ ആരും ഇയാളെ സംശയിച്ചിരുന്നില്ല. വലിയ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

കേരളത്തിലെ ക്രൈസ്തവ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇതുപ്രകാരമാണ് പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കൂടിക്കാഴ്ച തുടരുക.

സംസ്ഥാന അധ്യക്ഷനാണ് കൂടിക്കാഴ്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനം മറികടക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കര്‍ശന നിര്‍ദേശം നല്‍കി.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും. ‘ഏവര്‍ക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകള്‍. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ’- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

‘എല്ലാ സഹപൗരന്മാര്‍ക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങള്‍ക്ക് ഓണാശംസകള്‍ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവര്‍ക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ’- രാഷ്ട്രപതി ദ്രൗപദി മുര്‍മു ആശംസിച്ചു.

അതേസമയം, ‘എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ ഓണാശംസകള്‍. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാന്‍ ഓണോത്സവത്തിന് കഴിയും. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു’- എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആശംസിച്ചു.

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നീ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലേറെ കാൽ നടയായി നടത്തുന്ന ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നു പോകും.

ഈ രാജ്യത്ത് ജീവിക്കുന്ന ഓരോ വ്യക്തിയുടെയും മതത്തെയും ഭാഷയെയും പ്രതിനിധീകരിക്കുന്നതാണ് ദേശീയ പതാക. എന്നാൽ ആ പതാക തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് ബിജെപിയും ആർ.എസ്.എസും കരുതുന്നു. രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി നിർണയിക്കാമെന്ന് ഒരു വിഭാഗം കരുതുന്നു. ഇന്ന് ഓരോ സ്ഥാപനവും ബിജെപിയുടെയും ആർഎസ്എസിന്റെയും ആക്രമണത്തിന് വിധേയമാണ്. നേരത്തെ ഇന്ത്യയെ നിയന്ത്രിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു. എന്നാൽ, ഇന്ന് ഇന്ത്യയെ മുഴുവൻ നിയന്ത്രിക്കുന്നത് വൻകിട കമ്പനികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കന്യാകുമാരി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യ്ക്ക് ആവേശോജ്വലമായ തുടക്കം. കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തില്‍ നിന്നു സമ്മേളന വേദിയിലേക്കാണു പദയാത്ര ആരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിക്ക് പതാക കൈമാറി. നൂറ്റിയമ്ബത് ദിവസം നീളുന്ന യാത്രക്കാണ് കന്യാകുമാരിയില്‍ തുടക്കമായത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുത്തൂരിലെ സ്മാരകത്തില്‍ ഇന്നു രാവിലെ 7ന് രാഹുല്‍ പ്രാര്‍ത്ഥന നടത്തി. ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുകയും പിന്നീട് ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലെത്തുകയായിരുന്നു. ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നവോത്ഥാനത്തിന്റെ നിമിഷമാണ്. ഈ യാത്ര കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആകും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്നുമുള്ള ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം വേദിയില്‍ വായിച്ചു.

അതേസമയം, മുതിര്‍ന്ന നേതാക്കളടക്കം 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകും. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും. ദേശീയതലത്തിലെ തുടര്‍ തോല്‍വി, തിരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങള്‍ തന്നെ കൈവിടുന്ന സ്ഥിതി, ഗാന്ധി കുടുംബത്തെ പരസ്യമായി ചോദ്യം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍ വരെ പാര്‍ട്ടി വിടുന്ന അവസ്ഥ എന്നിവക്കെല്ലാം ഉത്തരമാകുമെന്ന ആത്മവിശ്വാസമാണ് നേതൃത്വം നിരത്തുന്നത്. ബീച്ചില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ഉദ്ഘാടന സമ്മേളനം. അഗസ്തീശ്വരം കന്യാകുമാരി വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്നിക് ഗ്രൗണ്ടില്‍ രാത്രി തങ്ങുന്ന രാഹുല്‍ ഗാന്ധി നാളെ മുതല്‍ 10 വരെ കന്യാകുമാരി ജില്ലയില്‍ പര്യടനം നടത്തും. 11ന് യാത്ര കേരളത്തില്‍ പ്രവേശിക്കും. 13 വരെ തിരുവനന്തപുരം ജില്ലയിലാണ്. 29 വരെയാണു കേരളത്തിലെ പര്യടനം. 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 ന് കശ്മീരില്‍ യാത്രക്ക് സമാപനമാകും.

ഡല്‍ഹി കേരള ഹൗസിലെ ഓണാഘോഷത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനേയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആക്ഷേപം. എന്നാല്‍, കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖരനെയും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറും കേരള ഹൗസ് കണ്‍ട്രോളറുമാണ് അതിഥികള്‍ക്ക് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്.

അതേസമയം, ഓണാഘോഷത്തിലേക്ക് പ്രമുഖരെ ക്ഷണിച്ചതിന്റെ മാനദണ്ഡമെന്താണെന്ന് വ്യക്തതയില്ലാത്തതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. എന്നാല്‍, സുരക്ഷ കാര്യങ്ങള്‍ പരിഗണിച്ചാണ് മന്ത്രിമാരെ ഉള്‍പ്പെടെ ക്ഷണിച്ചതെന്നാണ് കേരള ഹൗസ് വിശദീകരിക്കുന്നത്.

ബംഗളൂരു: ബംഗളൂരുവില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനാല്‍ പ്രദേശവാസികളും ഐടി കമ്പനികളും ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ട്രാക്ടര്‍ മാര്‍ഗമാണ് ആളുകള്‍ സഞ്ചരിച്ചിരുന്നത്. വെള്ളം കുറഞ്ഞതോടെ ഗതാഗതം സാധാരണ നിലയിലായി വരുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും അപ്പാര്‍ട്‌മെന്റുകളിലെ പാര്‍ക്കിങ് ഏരിയയിലേക്കും കയറിയ ചെളിവെള്ളം പമ്പ് ചെയ്ത് വറ്റിക്കുകയാണ് ജനം. വെള്ളക്കെട്ട് രൂക്ഷമായ വൈറ്റ്ഫീല്‍ഡ്, ബെലന്തൂര്‍, യെമലൂര്‍, മാറത്തഹള്ളി, സര്‍ജാപുര ഔട്ടര്‍ റിങ് റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് കഴിഞ്ഞ ദിവസം അവധി നല്‍കിയുന്നു

അതേസമയം, കര്‍ണാടക ഐ.ടി മന്ത്രി സി. എന്‍ അശ്വത്നാരായണന്‍ ഇന്‍ഫോസിസ്, വിപ്രോ, നാസ്‌കോം, ഗോള്‍മാന്‍ സാക്‌സ്, ടാറ്റ, ഫിലിപ്‌സ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറി വന്ദിത ശര്‍മ്മ, ബെംഗളൂരു സിവില്‍ ബോഡി ചീഫ് കമ്മിഷണര്‍ തുഷാര്‍ ഗിരിനാഥ്, നഗരത്തിലെ ജല അതോറിറ്റി, നഗര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് കമ്മിഷണര്‍ സിഎച്ച് പ്രതാപ് റെഡ്ഡി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

സാധാരണയുള്ളതിനേക്കാള്‍ 150% അധിക മഴയാണ് സെപ്റ്റംബര്‍ 15 വരെ ബംഗളൂരുവില്‍ പെയ്തത്. മഹാദേവപുര, ബൊമ്മനഹള്ളി, കെആര്‍ പുരം മേഖലയില്‍ 307% അധികമഴയാണ് ഈ ദിവസങ്ങളില്‍ ലഭിച്ചത്. ഇത് കഴിഞ്ഞ 42 വര്‍ഷത്തിനിടെ പെയ്ത വലിയ മഴയാണ്. അതേസമയം, സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇനി മുതല്‍ ‘ഗ്രീന്‍ ബെഞ്ച് ‘ആയിരിക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. ഭരണഘടനാ ബെഞ്ച് പേപ്പര്‍ രഹിത ബഞ്ച് ആയിരിക്കും. വാദിക്കാന്‍ എത്തുന്ന അഭിഭാഷകര്‍ പേപ്പറുകളും രേഖകളും കൊണ്ടുവരരുത്. ഇതിനായി സുപ്രീംകോടതി റെജിസ്ട്രിക്കും ഐടി സെല്ലിനും അഭിഭാഷകര്‍ക്ക് പരിശീലനം നല്‍കുമെന്നും ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

അതേസമയം, സെപ്റ്റംബര്‍ 30 വരെയേ താന്‍ സ്ഥാനത്തുള്ളൂവെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, സുപ്രീം കോടതിക്ക് വിശാല അധികാരങ്ങളുണ്ടെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പ്രതികരിച്ചു.

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ചരിത്ര സംഭവം ആകുമെന്ന് മുതിർന്ന നേതാവ് എ കെ ആന്റണി. ഐക്യത്തിൻറെ സന്ദേശം ആണ് ഭാരത് ജോഡോ യാത്ര ഉയർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പൊതു മനസ് രാഹുൽ ഗാന്ധിയുടെ സന്ദേശത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് അസമത്വം കൂടുകയാണ്. സമ്പത്ത് മുഴുവൻ കോർപറേറ്റുകൾ കൊള്ള അടിക്കുകയാണ് . ഇതിനെതിരെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. കന്യാകുമാരിയിൽ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ വൈകുന്നേരം അഞ്ചിനാണ് യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി രാഹുൽഗാന്ധി രാജീവ്ഗാന്ധി വീരമൃത്യു വരിച്ച ശ്രീപെരുമ്പത്തൂരിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ അദ്ദേഹം ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് തിരിക്കും.

കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലേറെ കാൽ നടയായി നടത്തുന്ന ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നു പോകും. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്.

സെപ്തംബർ 11-ാം തീയതിയാണ് യാത്ര കേരളത്തിൽ പ്രവേശിക്കുന്നത്. 29 വരെയാണ് യാത്ര കേരളത്തിൽ പര്യടനം നടത്തുക.