National (Page 321)

ന്യൂഡൽഹി: ജനുവരി മാസം ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളുടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഇക്കാര്യം സംബന്ധിച്ച് ദക്ഷിണാഫ്രിക്കൻ അധികൃതരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജനുവരിയിൽ ചീറ്റകൾ എത്തുമെന്നുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചീറ്റയെ ഇന്ത്യയിൽ പുനരവതരിപ്പിക്കുന്നതിന് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തയ്യാറാക്കിയ കർമ്മ പദ്ധതി പ്രകാരം ഇന്ത്യൻ മണ്ണിന് അനുയോജ്യമായ ഏകദേശം 12 മുതൽ 14 ചീറ്റകളെ ദക്ഷിണാഫ്രിക്ക, നമീബിയ മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം, ഫെബ്രുവരിയിൽ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റ വിനോദസഞ്ചാരം ആരംഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചീറ്റകൾ വേട്ടയാടി ഭക്ഷണം കഴിക്കാൻ ആരംഭിച്ചതായി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചീറ്റകൾ ഇന്ത്യൻ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട സാഹചര്യമാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം സെപ്തംബർ 17 ന് എട്ട് ചീറ്റപ്പുലികളടങ്ങിയ ആദ്യ ബാച്ചിനെ കുനോ നാഷണൽ പാർക്കിൽ തുറന്നു വിട്ടിരുന്നു. 70 വർഷത്തിന് ശേഷമാണ് ചീറ്റപുലികളെ ഇന്ത്യയിലെത്തിച്ചത്.

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനായി ബിജെപി ദേശീയ നിര്‍വാഹക സമിതി ഡല്‍ഹിയില്‍ ഈ മാസം 16നും 17നും യോഗം ചേരും.

ഈ മാസം 20ന് മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്ന ജെ.പി നദ്ദ തന്നെ പാര്‍ട്ടി അധ്യക്ഷ പദത്തില്‍ ഒരു തവണകൂടി തുടരുമെന്നാണ് സൂചന. മന്ത്രിസഭയില്‍ അഴിച്ചുപണികള്‍ക്ക് മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിക്കഴിഞ്ഞതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, മന്ത്രിസഭയിലെ ജാതി സമവാക്യങ്ങള്‍ക്കൊപ്പം, ഈ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പും അഴിച്ചുപണിയില്‍ പരിഗണിക്കും. ശിവസേനയിലെ ഷിന്‍ഡെ വിഭാഗത്തിന് പ്രാതിനിധ്യം നല്‍കേണ്ടതുമുണ്ട്. ഈ വര്‍ഷം തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാരില്‍ ചിലരെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിക്കുമെന്നും സൂചനയുണ്ട്. ഇനിയും വിജയിക്കാന്‍ സാധിക്കാത്ത ലോക്സഭാ മണ്ഡലങ്ങളിലും ഈ വര്‍ഷം തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിലുമായി മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

രാമേശ്വരം: മാർച്ച് അവസാനത്തോടെ പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്ന് ദക്ഷിണ റെയിൽവേ. പുതിയ പാലത്തിന്റെ 84 ശതമാനം പണിയും പൂർത്തിയായിട്ടുണ്ട്. ദക്ഷിണ റെയിൽവേ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പഴയ പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം ഡിസംബർ 23 മുതൽ നിർത്തിവെച്ചിരിക്കുകയാണ്. അപകട മുന്നറിയിപ്പിനെത്തുടർന്നായിരുന്നു നടപടി. ജനുവരി 10 വരെയാണ് പഴയ പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം നിർത്തിവെച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമാവുകയും പാലത്തിൽ മദ്രാസ് ഐ.ഐ.ടി.യിലെ വിദഗ്ധർ സ്ഥാപിച്ച ഉപകരണത്തിൽനിന്ന് അപകടസൂചന ലഭിക്കുകയും ചെയ്തതോടെയാണ് ഗതാഗതം നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്. കാറ്റിന്റെ വേഗം മണിക്കൂറിൽ 58 കിലോമീറ്ററിൽ കൂടുകയും പാലത്തിന്റെ കമ്പനം നിർദിഷ്ടനിരക്കിലും വർധിക്കുകയും ചെയ്യുമ്പോഴാണ് ഉപകരണം അപായസൂചന നൽകുന്നത്.

നിലവിൽ രാമേശ്വരത്തേക്കുള്ള ചിലവണ്ടികൾ മണ്ഡപം സ്റ്റേഷനിലും ചിലത് രാമനാഥപുരത്തും സർവീസ് അവസാനിപ്പിച്ച് അവിടെനിന്ന് തിരിച്ചുപുറപ്പെടുകയാണ് ചെയ്യുന്നത്. അതേസമയം, പുതിയ പാലത്തിനുവേണ്ട തൂണുകളെല്ലാം കടലിടുക്കിൽ സ്ഥാപിച്ചുകഴിഞ്ഞു. ഇവയ്ക്കു മുകളിൽ 99 സ്പാനുകളും ഒരു നാവിഗേഷണൽ സ്പാനുമാണുണ്ടാവുക. 72.5 മീറ്റർ നീളമുള്ള നാവിഗേഷണൽ സ്പാൻ കപ്പൽവരുമ്പോൾ കുത്തനെ ഉയരും. കപ്പലുകൾക്ക് വഴിയൊരുക്കാൻ പാലത്തിന്റെ ഒരുഭാഗം ലംബമായി ഉയരും. അതിനാലാണ് ഇവയെ ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ പാലം എന്ന് അറിയപ്പെടുന്നത്.

രാജ്യത്ത് വെർട്ടിക്കൽ ലിഫ്റ്റിങ് സംവിധാനത്തിൽ നിർമിക്കുന്ന ആദ്യ റെയിൽപ്പാലമാണ് രാമേശ്വരത്തേത്. പാലത്തിൽ തത്കാലം ഒരു പാതയാണ് സ്ഥാപിക്കുകയെങ്കിലും ഇരട്ടപ്പാതയ്ക്കുള്ള വീതി ഇതിനുണ്ട്. വൈദ്യുതീകരണത്തിനുള്ള സാധ്യതയും മുന്നിൽ കണ്ടുകൊണ്ടാണ് പാലം നിർമിക്കുന്നത്. പഴയ പാലത്തേക്കാൾ മൂന്നുമീറ്റർ ഉയരം കൂടുതലുണ്ടാവും പുതിയ പാലത്തിന്. നാവിഗേഷണൽ സ്പാൻ 17 മീറ്റർ ഉയരും. പാലത്തിന്റെ നിർമാണച്ചെലവ് 540 കോടി രൂപയാണ്.

ന്യൂഡല്‍ഹി: തിയേറ്ററുകളില്‍ സിനിമ തുടങ്ങും മുന്‍പ് കാണിക്കുന്ന പുകയില വിരുദ്ധ പരസ്യങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍, ഹോട്ട്സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും കേന്ദ്രം വിവരം തേടിയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളില്‍ ലഹരി ഉപയോഗത്തിനെതിരായ ടൈറ്റിലുകളും, മുപ്പത് സെക്കന്റ് കുറയാത്ത പരസ്യവും ഇന്ത്യയില്‍ നല്‍കാറുണ്ട്. ഇവ ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിര്‍ബന്ധമാക്കണമെന്നാണ് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്.

അതേസമയം, ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും, ഐടി മന്ത്രാലയത്തിന്റെയും നിലപാടുകള്‍ ഈ വിഷയത്തില്‍ നിര്‍ണ്ണായകമാവും. എന്നാല്‍, ഒടിടി പ്ലാറ്റ്‌ഫോമിലെ സീരിസുകള്‍ അടക്കമുള്ളവയ്ക്ക് ഇത് ബാധകമാകുമോ എന്നത് വ്യക്തമായിട്ടില്ല.

ന്യൂഡൽഹി: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവുമായി ടെലിഫോണിൽ സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെയുടെ പരമാധികാരിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി അദ്ദേഹത്തോട് സംസാരിക്കുന്നത്. വിജയകരമായി ഭരണം നടത്താൻ കഴിയട്ടെയെന്ന് ചാൾസ് മൂന്നാമന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

കാലാവസ്ഥാ പ്രവർത്തനം, ജൈവവൈവിധ്യ സംരക്ഷണം, ഊർജ-സംക്രമണത്തിന് ധനസഹായം നൽകുന്നതിനുള്ള നൂതനമായ പരിഹാരങ്ങൾ തുടങ്ങിയവ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഈ വിഷയങ്ങളിലെ താൽപ്പര്യത്തിനും പിന്തുണയ്ക്കും മോദി ചാൾസ് രാജാവിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

പൊതു ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രചാരണം ഉൾപ്പെടെ, ജി 20 പ്രസിഡൻസിക്ക് വേണ്ടിയുള്ള ഇന്ത്യയുടെ മുൻഗണനകളെക്കുറിച്ച് പ്രധാനമന്ത്രി അദ്ദേഹത്തോട് വിശദീകരിച്ചു. പരിസ്ഥിതി സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്ന മിഷൻ ലൈഫ് – പരിസ്ഥിതിക്കുള്ള ജീവിതശൈലിയുടെ പ്രസക്തിയും പ്രധാനമന്ത്രി വിശദീകരിച്ചു. ചാൾസ് രാജാവുമായുള്ള ഫോൺ സംഭാഷണത്തെ കുറിച്ചുള്ള വിവരങ്ങൾ നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

റായ്പൂര്‍: ഛത്തീസ്ഗഢില്‍ നാരായണ്‍പൂരിലെ എഡ്ക ഗ്രാമത്തില്‍ ആദിവാസി വിഭാഗവും ക്രിസ്ത്യന്‍ വിഭാഗക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ നാരായണ്‍പൂര്‍ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നിയന്ത്രിക്കാനെത്തിയ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു.

പ്രദേശത്ത് മതപരിവര്‍ത്തനം വര്‍ധിക്കുന്നുവെന്നാരോപിച്ച് ആദിവാസിവിഭാഗത്തില്‍പ്പെട്ടവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ നാരായണ്‍പൂരിലെ വിശ്വ ദീപ്തി ക്രിസ്ത്യന്‍ സ്‌കൂളിലേക്ക് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സ്‌കൂള്‍ പരിസരത്തുള്ള ക്രിസ്ത്യന്‍ പള്ളിയിലേക്ക് പ്രതിഷേധ പ്രകടനം നീണ്ടപ്പോഴാണ് പൊലീസ് ഇടപെടലുണ്ടായത്.

‘ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ പ്രതിഷേധ പ്രവര്‍ത്തകരെ നിയന്ത്രിക്കാനായി ഞങ്ങള്‍ പുറപ്പെട്ടു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം മടങ്ങിപ്പോകുമെന്ന് അവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, അതിനിടെ ഒരാള്‍ എന്റെ നേരെ പാഞ്ഞെത്തുകയും ഒരു വടി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇതോടെ സ്ഥിതി വഷളായി. പൊലീസുകാര്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുകയും പ്രതിഷേധക്കാരെ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു’- പൊലീസ് സൂപ്രണ്ട് പറഞ്ഞു.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ചു ജനങ്ങളെ ‘ബോധ്യപ്പെടുത്താന്‍’ ഇനി പ്രത്യേക രസീത്. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി എന്തെങ്കിലും സാധനങ്ങള്‍ നല്‍കിയാല്‍ അതിനു വേറെ രസീതും നല്‍കണമെന്നും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു ലഭിച്ചു.

കേന്ദ്രം സൗജന്യമായി തരുന്ന ഭക്ഷ്യധാന്യങ്ങളാണ് ഇതെന്നും, സബ്‌സിഡി തുക മുഴുവന്‍ വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും റേഷന്‍ കടകളിലെ ഇപോസ് മെഷീനില്‍ നിന്നു പ്രിന്റ് ചെയ്യുന്ന രസീതില്‍ രേഖപ്പെടുത്തും. രസീതിന്റെ മാതൃക തയാറാക്കി ഉടന്‍ കൈമാറുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും നല്‍കുന്ന റേഷന് വെവ്വേറെ ബയോ മെട്രിക് വിവരശേഖരണം റേഷന്‍ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇപോസ് മെഷീനില്‍ നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവില്‍ സാധാരണ റേഷന്‍ ലഭിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം സൗജന്യ അരി ലഭിക്കാനും മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്ക് റേഷന്‍ കടകളിലെ ഇ പോസ് മെഷീനില്‍ രണ്ടു തവണയായി വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് വിവരങ്ങള്‍ ഉറപ്പാക്കേണ്ടിയിരുന്നു. ഇത് വ്യാപിപ്പിക്കുന്നതിനൊപ്പം ഉപയോക്താവിനെ കൂടി ഇക്കാര്യം അറിയിക്കുന്നതിന്റെ ഭാഗമായാണ് രസീതില്‍ കേന്ദ്രത്തിന്റെ മുദ്ര സ്ഥാപിക്കുന്ന പുതിയ നടപടി.

മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡുകളുടെ ഉടമകള്‍ക്കു ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം അരി കിലോയ്ക്ക് 3 രൂപയ്ക്കും ഗോതമ്പ് കിലോയ്ക്ക് 2 രൂപയ്ക്കും മറ്റു ധാന്യങ്ങള്‍ കിലോയ്ക്ക് ഒരു രൂപയ്ക്കുമാണു കേന്ദ്രം നല്‍കിയിരുന്നത്. കൂടാതെ കാര്‍ഡ് അംഗങ്ങള്‍ക്ക് 5 കിലോ വീതം അരിയും സൗജന്യമായി നല്‍കിയിരുന്നു. ഈ പദ്ധതികള്‍ സംയോജിപ്പിച്ച് ഈ വര്‍ഷം മുഴുവന്‍ മുന്‍ഗണനാ കാര്‍ഡിലെ അംഗങ്ങള്‍ക്ക് പൂര്‍ണ സൗജന്യമായി ഭക്ഷ്യധാന്യം നല്‍കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭ ഡിസംബറിലാണു തീരുമാനിച്ചത്.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന ശേഷം സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ പരാമർശം.

അദാനിയെയും അംബാനിയെയും പോലെയുള്ള വൻകിട വ്യവസായികൾക്ക് മറ്റ് നേതാക്കളെ വിലകൊടുത്തു വാങ്ങാൻ കഴിയും. എന്നാൽ തന്റെ സഹോദരനെ അതിന് കിട്ടില്ല. തന്റെ പ്രിയ ജ്യേഷ്ഠനെ ഓർത്ത് താൻ അഭിമാനിക്കുന്നു. കാരണം നിങ്ങളുടെ പ്രതിച്ഛായ തകർക്കാൻ സർക്കാർ ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചിട്ടും നിങ്ങൾ പിന്മാറിയില്ല. അദാനിയും അംബാനിയും നേതാക്കളെ വാങ്ങി, പൊതുമേഖലാ സ്ഥാപനങ്ങളെ വാങ്ങി, മാദ്ധ്യമങ്ങളെ വാങ്ങി, പക്ഷേ എന്റെ സഹോദരനെ വാങ്ങാൻ കഴിഞ്ഞില്ലെന്നും പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധിയെ സംരക്ഷിക്കുന്നത് സത്യത്തിന്റെ കവചമാണ്. അദ്ദേഹത്തിന്റെ ജീവനെ കുറിച്ച് തനിക്ക് ഭയമില്ലെന്നും പ്രിയങ്കാ ഗാന്ധി അറിയിയിച്ചു. സത്യത്തിന്റെ പാത പിന്തുടരുന്നതിന് തന്റെ സഹോദരനെ പ്രിയങ്ക പ്രശംസിക്കുകയും ചെയ്തു. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ആദരവിന്റെയും സന്ദേശം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും തുടർന്നും കൊണ്ടുപോകാൻ പ്രിയങ്കാ ഗാന്ധി പ്രവർത്തകരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ന്യൂഡല്‍ഹി: ഭീകരതയുടെ കേന്ദ്രമാണ് പാക്കിസ്ഥാനെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒരു ഓസ്ട്രിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

‘മുംബൈ ആക്രമണത്തിന് പിറകില്‍ പാക്കിസ്ഥാനാണ്. പാര്‍ലമെന്റ് ആക്രമണം നടത്തിയത് പാകിസ്ഥാനാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നില്ല’- ജയ് ശങ്കര്‍ ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: എല്ലാ മത പരിവര്‍ത്തനങ്ങളും നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

മധ്യപ്രദേശ് സര്‍ക്കാരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. മതപരിവര്‍ത്തനം നടത്തിയ ശേഷമുള്ള വിവാഹങ്ങള്‍ വിലക്കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ പറഞ്ഞു. വിവാഹത്തിനായി നടക്കുന്ന മതപരിവര്‍ത്തനം ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്ന് മാത്രമേ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വിസ്സമ്മതിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി ഏഴിന് കേസില്‍ വിശദമായി വാദംകേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.