National (Page 801)

ന്യൂഡൽഹി: രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിൽ ഡെൽറ്റാ പ്ലസ് വൈറസിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 48 കേസുകളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡിഷ, രാജസ്ഥാൻ, ജമ്മു കശ്മീർ, കർണാടക എന്നിവിടങ്ങളിലാണ് ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡെൽറ്റാ പ്ലസ് കോവിഡ് വകഭേദത്തിന്റെ വ്യാപനം പ്രതിരോധിക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകി. കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. കോവിഡ് വൈറസിന്റെ വകഭേദമാണ് ഡെൽറ്റാ പ്ലസ്. പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷം മാത്രമേ വൈറസിന്റെ രൂക്ഷതയെക്കുറിച്ച് സംസാരിക്കാൻ കഴിയൂവെന്ന് അദ്ദേഹം വിശദീകരിച്ചു. അതേസമയം ഡെൽറ്റാ പ്ലസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. രോഗവ്യാപനത്തിൽ കുറവ് ഉണ്ടായതിനെ തുടർന്ന് നൽകിയ ലോക്ക് ഡൗൺ ഇളവുകൾ പിൻവലിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ന്യൂഡല്‍ഹി: 2020-21 വര്‍ഷത്തെ രാജ്യത്തെ മികച്ച പാസ്‌പോര്‍ട്ട് ഓഫീസിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായത് കൊച്ചി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ്. രണ്ടാം സ്ഥാനത്ത് ജലന്ധര്‍ മേഖലാ പാസ്‌പോര്‍ട്ട് ഓഫീസും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസുമാണ്. ഏഴാം തവണയാണ് കൊച്ചി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് ഈ പുരസ്‌ക്കാരം കരസ്ഥമാക്കുന്നത്.

പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് എടുക്കുന്ന സമയം, പരാതി പരിഹാരം, പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നതിലെ വേഗത, ജീവനക്കാരുടെ കാര്യക്ഷമത, പ്രോസസ് ചെയ്യാന്‍ ബാക്കിയുള്ള അപേക്ഷകള്‍, പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്നുള്ള ഫയലുകളുടെ വര്‍ദ്ധന, അപ്പോയിന്റ്മെന്റ് ലഭ്യത എന്നിവ ഉള്‍പ്പെടെ 15 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രകടനം വിലയിരുത്തുന്നത്.

2021-21 വര്‍ഷത്തില്‍ പ്രതിദിനം 141 ഉം, 139 ഉം അപേക്ഷകള്‍ വീതം പരിശോധിച്ച കൊച്ചി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസിലെ രണ്ട് ജീവനക്കാര്‍ വ്യക്തിഗത മികവിന് വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തിന് വേണ്ടിയുള്ള മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.

covid

കോയമ്പത്തൂർ: കോവിഡ് മഹാമാരിയുടെ പിടിയിലാണ് ലോകരാജ്യങ്ങൾ. ആശങ്കയോടെയും ജാഗ്രതയോടെയുമാണ് കോവിഡിനെതിരെ ജനങ്ങൾ പോരാടുന്നത്. ആഘോഷങ്ങളും കൂടിച്ചേരലുകളും ഒന്നുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. മാസ്‌കിന്റെ മറവോടെയാണ് ആളുകൾ പുറത്തിറങ്ങുന്നത് പോലും. കോവിഡ് വ്യാപനം ഇല്ലാതായി എല്ലാം പഴയപോലെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല.

ലോകം കോവിഡിന്റെ പിടിയിലാണെങ്കിലും വൈറസിനെ അകറ്റി നിർത്തിയിരിക്കുന്ന ചില പ്രദേശങ്ങളുണ്ട്. അത്തരത്തിലൊരു പ്രദേശമാണ് കോയമ്പത്തൂരിലെ മലയോര മേഖലയിലെ ചിന്നമ്പതി എന്ന ആദിവാസി ഗ്രാമം. ഇതുവരെ ഒരൊറ്റ കേസുപോലും റിപ്പോർട്ട് ചെയ്യപ്പെടാതെ ഇപ്പോഴും കോവിഡ് മുക്തമായി തുടരുകയാണ് ഈ ഗ്രാമം. അതിനാൽ തന്നെ ഈ ഗ്രാമത്തിലുള്ളവർക്ക് മാസ്‌ക് ധരിക്കുകയോ സാനിട്ടൈസർ ഉപയോഗിക്കുകയോ വേണ്ട. ഈ ഗ്രാമത്തിലെ ആളുകൾ കോവിഡിനെ ഭയക്കാതെയാണ് ജീവിക്കുന്നത്.

ഗ്രാമത്തിൽ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ല എന്നതാണ് ഇവിടെ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടാത്തതിന്റെ കാരണം. പ്രകൃതിയോട് പൂർണ്ണമായും ഇണങ്ങി ജീവിക്കുന്ന ഇവരുടെ ജീവിത രീതികളും ഗ്രാമവാസികളെ കോവിഡിന്റെ പിടിയിൽ നിന്നും അകറ്റി നിർത്തുന്നു. ഇന്റർനെറ്റും, മൊബൈലും, മറ്റ് ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്ത ഒരു വിദൂര ഗ്രാമമാണ് ചിന്നമ്പതി.

ന്യൂഡല്‍ഹി: മൂന്നാംഘട്ട വ്യാപനത്തെ ശക്തമായി പ്രതിരോധിക്കാന്‍ പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 20,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിവയ്ക്കാന്‍ പോകുന്നത്.
കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് പാക്കേജ് കൊണ്ട് ഉദ്ദേശിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ വരുന്നയിടങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ വികസനം, ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, മെഡിക്കല്‍ സൗകര്യങ്ങളും മരുന്നുകളും ആവശ്യത്തിന് എത്തിക്കുക, കൂടുതല്‍ ലബോറട്ടറികളും ടെസ്റ്റിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുക എന്നിവയൊക്കെ പാക്കേജിലൂടെ തയ്യാറാക്കും.

രാജ്യത്ത് മൂന്നാംഘട്ട വ്യാപനം തീര്‍ച്ചയായും ഉണ്ടാകുമെന്നും ഡെല്‍റ്റാ പ്‌ളസ് കൊവിഡ് വകഭേദം കണ്ടെത്തിയതുമാണ് ശക്തമായ പ്രതിരോധ മാര്‍ഗത്തിലേക്ക് കേന്ദ്ര സര്‍ക്കാരിനെ ചിന്തിപ്പിച്ചത്.

ന്യൂഡൽഹി: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവുമായി ബന്ധപ്പെട്ട് ട്വിറ്ററിനോട് വിശദീകരണം ചോദിക്കുമെന്ന് ശശി തരൂർ. മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണമെന്താണെന്നും നടപടികളുടെ വിശദാംശങ്ങളെ കുറിച്ചും ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ശശി തരൂർ പറഞ്ഞു. നേരത്തെ തന്റെ അക്കൗണ്ടും ട്വിറ്റർ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും തരൂർ അറിയിച്ചു. ‘റാസ്പുടിൻ ‘ വൈറൽ വീഡിയോ പങ്കുവെച്ചതിനാണ് തന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തത്.

ഒരു മണിക്കൂർ നേരത്തേക്കാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചത്. യു.എസ് പകർപ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടർന്ന് ഒരുമണിക്കൂറോളം മന്ത്രിക്ക് ട്വിറ്റർ ഉപയോഗിക്കാനായില്ല. സ്വന്തം അജണ്ട പ്രവർത്തിപ്പിക്കാൻ താല്പര്യമുള്ളവരാണ് തങ്ങളെന്ന് വ്യക്തമാക്കുന്നതാണ് ട്വിറ്ററിന്റ ഈ നടപടിയെന്ന് അക്കൗണ്ടിലെ പ്രവർത്തനം പുനഃസ്ഥാപിക്കപ്പെട്ട ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ട്വിറ്ററിന്റെ നടപടി ഐ.ടി ചട്ടത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ട്വിറ്റർ അവകാശപ്പെടുന്നത് പോലെ അവർ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളല്ലെന്നാണ് ഈ നടപടി വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

ന്യൂഡല്‍ഹി:ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. കേന്ദ്ര പട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് സനുസി ബാര്‍കിന്‍ഡോയെ ഓണ്‍ലൈനിലൂടെയാണ് ആശങ്ക അറിയിച്ചത്.

പെട്രോളിയം ഉല്‍പന്നങ്ങള്‍ ഏറ്റവും അധികം ഇറക്കുമതി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.ക്രൂഡ് ഓയിലിന്റെ വില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ സാധ്യത ഉണ്ടാക്കുമെന്നും ക്രൂഡ് ഓയിലിന്റെ വില അമിതമായി ഉയരുകയോ താഴുകയോ ചെയ്യാതിരുന്നാല്‍ മാത്രമേ നിര്‍മാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും പ്രയോജനപ്പെടൂവെന്നു മന്ത്രി ഒപെക് സെക്രട്ടറി ജനറലിനെ അറിയിച്ചതായി മന്ത്രാലയം പറഞ്ഞു.

ന്യൂഡല്‍ഹി: കേരളത്തിലെ നേതൃമാറ്റം നടത്തിയ രീതിയോടാണ് വിയോജിപ്പെന്ന് ഉമ്മന്‍ചാണ്ടി. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. രമേശ് ചെന്നിത്തലക്ക് പിന്നാലെ ഗ്രൂപ്പ് താല്പ്പര്യം പരിഗണിക്കാതെയുള്ള ഹൈക്കമാന്റ് തീരുമാനങ്ങളിലെ അതൃപ്തി ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിച്ചു.

ഏകപക്ഷീയമായെടുത്ത തീരുമാനങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ നേതൃമാറ്റത്തിന് എതിരാണെന്ന പ്രതീതിയുണ്ടായിക്കിയെന്നും സംഘടന ദൗര്‍ബല്യമല്ല കൊവിഡ് സാഹചര്യമാണ് തെരഞ്ഞെടുപ്പ് പരാജത്തിന് കാരണമെന്നും കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും ഒപ്പം നിര്‍ത്തി മുന്നോട്ട് പോകണമെന്ന് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചുണ്ട്. ജംബോ കമ്മിറ്റികള്‍്‌ക്കൊണ്ട് ഗുണമില്ലെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുനസംഘടനയില്‍ 51 അംഗ നിര്‍വാഹക സമിതിയിലേക്ക് എത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി. കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന്റെ ഓക്സിജൻ ആവശ്യകത ഡൽഹി സർക്കാർ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്നാണ് പ്രത്യേക സമിതി കണ്ടെത്തിയിരിക്കുന്നത്. വേണ്ടിയിരുന്ന ഓക്സിജൻ അളവിനേക്കാൾ നാല് മടങ്ങാണ് ഡൽഹി ആവശ്യപ്പെട്ടതെന്നാണ് സമിതി പറയുന്നത്. ഇക്കാര്യങ്ങൾ വിശദമാക്കി പ്രത്യേക സമിതി ഇടക്കാല റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇത് മറ്റു സംസ്ഥാനങ്ങളുടെ ഓക്സിജൻ ലഭ്യതയെ ബാധിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കിടക്കകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച് 289 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് ഡൽഹിയ്ക്ക് ആവശ്യമുണ്ടായിരുന്നത്. എന്നാൽ 1,140 മെട്രിക് ടൺ ഓക്‌സിജനാണ് ഡൽഹി സർക്കാർ ആവശ്യപ്പെട്ടത്. ശരാശരി ഓക്സിജൻ ഉപഭോഗം 284-372 മെട്രിക് ടൺ ആയിരിക്കെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം ഡൽഹി തടസപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കിടക്കകളുടെ എണ്ണം കുറവുള്ള ഡൽഹിയിലെ സിംഘാൽ ആശുപത്രി, അരുണ ആസിഫ് ആശുപത്രി, ഇഎസ്ഐസി മോഡൽ ആശുപത്രി ലൈഫറി ആശുപത്രി തുടങ്ങിയ ആശുപത്രികൾ കൂടുതൽ ഓക്സിജന് വേണ്ടി മുറവിളി കൂട്ടിയിരുന്നു. ഇവർ നൽകിയ കണക്കുകൾ തെറ്റായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായതായും കണക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തിയതായും സമിതി വിശദീകരിച്ചു.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. മണ്ഡല പുനർനിർണയം പൂർത്തിയാക്കിയ ശേഷമായിരിക്കും കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക.

എന്നാൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജമ്മുകശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്നാണ് യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടത്.

നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ എട്ട് രാഷ്ട്രീയ കക്ഷികളുടെ പ്രധാന നേതാക്കന്മാരാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ പങ്കെടുത്തത്. ഡൽഹിയിലുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. 2019 ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ യോഗം നടക്കുന്നത്.

രാഷ്ട്രപതി ഭരണത്തിൽ കീഴിലുള്ള ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ സംബന്ധിച്ച് ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച നടന്നത്.

ദുഷാൻബെ: പാകിസ്താനെ പ്രതിരോധത്തിലാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) എൻ.എസ്.എ യോഗത്തിൽ വെച്ചാണ് അജിത് ഡോവൽ പാകിസ്താനെ പ്രതിരോധത്തിലാക്കിയത്. ചില കടുത്ത പരാമർശങ്ങളിലൂടെയാണ് അദ്ദേഹം പാകിസ്താനെതിരെ പ്രതികരിച്ചത്. പാകിസ്താൻ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസുഫ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സമ്മേളനത്തിലാണ് അജിത് ഡോവലിന്റെ പരാമർശങ്ങൾ.

എസ്.സി.ഒ ചട്ടക്കൂടിന്റെ ഭാഗമായി പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നിവർക്കെതിരെ കർമപദ്ധതി കൊണ്ടുവരണമെന്ന് അജിത് ഡോവൽ യോഗത്തിൽ ആവശ്യപ്പെട്ടു. തീവ്രവാദ ധനസഹായത്തെ ചെറുക്കുന്നതിന് എസ്.സി.ഒയും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സും (എഫ്.ടി.എഫ്) തമ്മിലുള്ള ധാരാണപത്രം ഉൾപ്പടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങളെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

മുംബൈ ഭീകാരാക്രമണം, പാർലമെന്റ് ആക്രമണം തുടങ്ങി കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ഇന്ത്യയിൽ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ തീവ്രവാദ സംഘടനകളാണ് ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദും. എല്ലാ ഭീകരരെയും നീതിപീഠത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെട്ട വ്യക്തികൾക്കെതിരെയും സംഘടനകൾക്കെതിരേയും ഉപരോധമേർപ്പെടുത്തികൊണ്ടുള്ള യുഎൻ പ്രമേയങ്ങൾ പൂർണ്ണമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു.