ചാൾസ് മൂന്നാമൻ രാജാവുമായി ടെലിഫോണിൽ സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി; വിജയകരമായി ഭരണം നടത്താൻ കഴിയട്ടെയെന്ന് ആശംസ

ന്യൂഡൽഹി: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവുമായി ടെലിഫോണിൽ സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെയുടെ പരമാധികാരിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി അദ്ദേഹത്തോട് സംസാരിക്കുന്നത്. വിജയകരമായി ഭരണം നടത്താൻ കഴിയട്ടെയെന്ന് ചാൾസ് മൂന്നാമന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

കാലാവസ്ഥാ പ്രവർത്തനം, ജൈവവൈവിധ്യ സംരക്ഷണം, ഊർജ-സംക്രമണത്തിന് ധനസഹായം നൽകുന്നതിനുള്ള നൂതനമായ പരിഹാരങ്ങൾ തുടങ്ങിയവ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഈ വിഷയങ്ങളിലെ താൽപ്പര്യത്തിനും പിന്തുണയ്ക്കും മോദി ചാൾസ് രാജാവിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

പൊതു ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രചാരണം ഉൾപ്പെടെ, ജി 20 പ്രസിഡൻസിക്ക് വേണ്ടിയുള്ള ഇന്ത്യയുടെ മുൻഗണനകളെക്കുറിച്ച് പ്രധാനമന്ത്രി അദ്ദേഹത്തോട് വിശദീകരിച്ചു. പരിസ്ഥിതി സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്ന മിഷൻ ലൈഫ് – പരിസ്ഥിതിക്കുള്ള ജീവിതശൈലിയുടെ പ്രസക്തിയും പ്രധാനമന്ത്രി വിശദീകരിച്ചു. ചാൾസ് രാജാവുമായുള്ള ഫോൺ സംഭാഷണത്തെ കുറിച്ചുള്ള വിവരങ്ങൾ നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.