കണ്ണിന് താഴെ കറുപ്പ് നിറമാകുന്നുണ്ടോ; ഈ രോഗങ്ങളുടെ സൂചനയാകാം

പലർക്കും അനുഭവപ്പെടുന്ന പ്രശ്‌നങ്ങളിലൊന്നാണ് കണ്ണിന് താഴെയുള്ള കറുപ്പ്. നന്നായി ഉറങ്ങാത്തതിനാലാണ് ഇത് സംഭവിക്കുന്നതെന്നാണ് പലരുടെയും ധാരണ. എന്നാൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ് ഈ നിറവ്യത്യാസമെന്നതാണ് യാഥാർത്ഥ്യം. അലർജി, നിർജ്ജലീകരണം എന്നിവ മൂലം ഇത്തരത്തിൽ കണ്ണിന് താഴെ കറുപ്പ് വരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

ഇരുമ്പ്, വിറ്റാമിൻ ഡി, കെ, ഇ, ബി എന്നിവയുടെ കുറവു മൂലവും കണ്ണിന് താഴെ കറുത്തപാടുകൾ വരാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യ ലക്ഷങ്ങളുടെ ഭാഗമായും കണ്ണിന് താഴെ കറുപ്പ് വരാം. നന്നായി ഉറങ്ങിയിട്ടും ജീവിതശൈലി തന്നെ മാറ്റിയിട്ടും ഈകറുപ്പ് മാറുന്നില്ലെങ്കിൽ വൈദ്യ സഹായം തേടണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

ഹീമോഗ്ലോബിൻ കുറയുമ്പോഴും ചില മരുന്നുകളോടുള്ള അലർജിയും വരണ്ട ചർമ്മമുള്ളവർക്കും അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവർക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം. നല്ല പോഷക ഗുണങ്ങളുള്ള ആഹാരം കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. നല്ല ഉറക്കം, സമ്മർദ്ദം കുറയ്ക്കൽ എന്നിവയിലൂടെയും കണ്ണിന് താഴെയുള്ള കറുപ്പ് ഒരു പരിധി വരെ കുറയ്ക്കാം. ഇതൊന്നും ഫലം ചെയ്യുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണ്.