പുകയില വിരുദ്ധ പരസ്യങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും; നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: തിയേറ്ററുകളില്‍ സിനിമ തുടങ്ങും മുന്‍പ് കാണിക്കുന്ന പുകയില വിരുദ്ധ പരസ്യങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍, ഹോട്ട്സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും കേന്ദ്രം വിവരം തേടിയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളില്‍ ലഹരി ഉപയോഗത്തിനെതിരായ ടൈറ്റിലുകളും, മുപ്പത് സെക്കന്റ് കുറയാത്ത പരസ്യവും ഇന്ത്യയില്‍ നല്‍കാറുണ്ട്. ഇവ ഒടിടി പ്ലാറ്റ്‌ഫോമുകളിലും നിര്‍ബന്ധമാക്കണമെന്നാണ് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്.

അതേസമയം, ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും, ഐടി മന്ത്രാലയത്തിന്റെയും നിലപാടുകള്‍ ഈ വിഷയത്തില്‍ നിര്‍ണ്ണായകമാവും. എന്നാല്‍, ഒടിടി പ്ലാറ്റ്‌ഫോമിലെ സീരിസുകള്‍ അടക്കമുള്ളവയ്ക്ക് ഇത് ബാധകമാകുമോ എന്നത് വ്യക്തമായിട്ടില്ല.