ഇന്ത്യയിലേക്ക് കൂടുതൽ ചീറ്റകൾ എത്തുന്നു; രണ്ടാം ബാച്ച് ജനുവരിയിൽ എത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ജനുവരി മാസം ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളുടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഇക്കാര്യം സംബന്ധിച്ച് ദക്ഷിണാഫ്രിക്കൻ അധികൃതരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജനുവരിയിൽ ചീറ്റകൾ എത്തുമെന്നുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചീറ്റയെ ഇന്ത്യയിൽ പുനരവതരിപ്പിക്കുന്നതിന് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തയ്യാറാക്കിയ കർമ്മ പദ്ധതി പ്രകാരം ഇന്ത്യൻ മണ്ണിന് അനുയോജ്യമായ ഏകദേശം 12 മുതൽ 14 ചീറ്റകളെ ദക്ഷിണാഫ്രിക്ക, നമീബിയ മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം, ഫെബ്രുവരിയിൽ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റ വിനോദസഞ്ചാരം ആരംഭിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചീറ്റകൾ വേട്ടയാടി ഭക്ഷണം കഴിക്കാൻ ആരംഭിച്ചതായി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചീറ്റകൾ ഇന്ത്യൻ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട സാഹചര്യമാണുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം സെപ്തംബർ 17 ന് എട്ട് ചീറ്റപ്പുലികളടങ്ങിയ ആദ്യ ബാച്ചിനെ കുനോ നാഷണൽ പാർക്കിൽ തുറന്നു വിട്ടിരുന്നു. 70 വർഷത്തിന് ശേഷമാണ് ചീറ്റപുലികളെ ഇന്ത്യയിലെത്തിച്ചത്.