രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന ശേഷം സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ പരാമർശം.

അദാനിയെയും അംബാനിയെയും പോലെയുള്ള വൻകിട വ്യവസായികൾക്ക് മറ്റ് നേതാക്കളെ വിലകൊടുത്തു വാങ്ങാൻ കഴിയും. എന്നാൽ തന്റെ സഹോദരനെ അതിന് കിട്ടില്ല. തന്റെ പ്രിയ ജ്യേഷ്ഠനെ ഓർത്ത് താൻ അഭിമാനിക്കുന്നു. കാരണം നിങ്ങളുടെ പ്രതിച്ഛായ തകർക്കാൻ സർക്കാർ ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചിട്ടും നിങ്ങൾ പിന്മാറിയില്ല. അദാനിയും അംബാനിയും നേതാക്കളെ വാങ്ങി, പൊതുമേഖലാ സ്ഥാപനങ്ങളെ വാങ്ങി, മാദ്ധ്യമങ്ങളെ വാങ്ങി, പക്ഷേ എന്റെ സഹോദരനെ വാങ്ങാൻ കഴിഞ്ഞില്ലെന്നും പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധിയെ സംരക്ഷിക്കുന്നത് സത്യത്തിന്റെ കവചമാണ്. അദ്ദേഹത്തിന്റെ ജീവനെ കുറിച്ച് തനിക്ക് ഭയമില്ലെന്നും പ്രിയങ്കാ ഗാന്ധി അറിയിയിച്ചു. സത്യത്തിന്റെ പാത പിന്തുടരുന്നതിന് തന്റെ സഹോദരനെ പ്രിയങ്ക പ്രശംസിക്കുകയും ചെയ്തു. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ആദരവിന്റെയും സന്ദേശം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും തുടർന്നും കൊണ്ടുപോകാൻ പ്രിയങ്കാ ഗാന്ധി പ്രവർത്തകരോട് അഭ്യർത്ഥിക്കുകയും ചെയ്തു.