National (Page 320)

ന്യൂഡൽഹി: കോവിഡ് നിർദ്ദേശങ്ങൾ പാലിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാസ്‌ക് ധരിക്കാതെയാണ് രാഹുൽ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്. യാത്രയിൽ പങ്കെടുത്ത നിരവധി പ്രവർത്തകരും മാസ് ധരിച്ചിരുന്നില്ല.

അതേസമയം, ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുകയാണെന്നും ഭാരത് ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്‌ക്കേണ്ടി വരുമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്. ഇന്ന് പാർലമെന്റിൽ മാസ്‌ക് ധരിച്ചാണ് അദ്ധ്യക്ഷൻമാരും അംഗങ്ങളും എത്തിയത്. പല രാജ്യങ്ങളിലും കോവിഡ് പടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് സ്പീക്കറും രാജ്യസഭ അധ്യക്ഷനും നിർദ്ദേശിച്ചു. അംഗങ്ങൾക്ക് മാസ്‌ക് വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സ്പീക്കർ നിർദ്ദേശം നൽകുകയും ചെയ്തു.

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ രാഷ്ട്രീയം കളിക്കുകയല്ലെന്ന് രാജ്യസഭയില്‍ വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ.

‘ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിക്ക് വരെ രോഗം സ്ഥിരീകരിച്ചു. സാഹചര്യം കണക്കില്‍ എടുത്താണ് രാജസ്ഥാന്‍ മുഖ്യമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചത്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടത് ആരോഗ്യ മന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ്. കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം പേരില്‍ പരിശോധന നടത്തും. ഈ പരിശോധനയുടെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ പരിശോധനയുടെ എണ്ണം കൂട്ടണം എന്ന് തീരുമാനിക്കും. ആവശ്യമെങ്കില്‍ വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കും. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുമായി ആശയവിനിമയം നടത്തി തീരുമാനം എടുക്കും’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ക്ക് അദ്ധ്യക്ഷന്‍മാര്‍ മാസ്‌ക് ധരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു ശേഷം ഇരിപ്പിടങ്ങള്‍ മാറ്റി നിശ്ചയിച്ചത് പോലുള്ള നിയന്ത്രണങ്ങള്‍ നീക്കിയാണ് ശൈത്യകാല സമ്മേളനം തുടങ്ങിയത്. എന്നാല്‍ പല രാജ്യങ്ങളിലും കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സ്പീക്കറും രാജ്യസഭ അദ്ധ്യക്ഷനും നിര്‍ദ്ദേശിച്ചു.

ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ നടന്ന തമിഴ് ഇസൈ സംഘത്തിന്റെ 80-ാമത് വാർഷിക ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഒരാൾക്ക് എത്രഭാഷ വേണമെങ്കിലും പഠിക്കാം. തമിഴിനേക്കാൾ പ്രാധാന്യം മറ്റൊരു ഭാഷക്ക് നൽകില്ലെന്ന് പറയുന്നത് മറ്റ് ഭാഷകളോടുള്ള വെറുപ്പിനെയല്ല സൂചിപ്പിക്കുന്നത്. പക്ഷെ ഏതെങ്കിലുമൊന്നിനെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാനം അത് അംഗീകരിക്കില്ലെന്നും അതാണ് തങ്ങളുടെ ഭാഷാ നയമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

തമിഴ് ഭാഷ അവഗണിക്കപ്പെടുന്നുണ്ട്. ചിലർ തമിഴ് പാട്ടുകൾ പാടുന്നതിനെ വിലക്കുകയാണ്. നൂറ്റാണ്ടുകളായി തമിഴ്നാട് നിരവധി സാംസ്‌കാരിക അധിനിവേശങ്ങൾ നേരിട്ടിട്ടുണ്ട്. വിദേശ അധിനിവേശം കാരണം സംസ്ഥാനം ഒരുപാട് കഷ്ടപ്പെടുകയും നാടിന്റെ അവകാശങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. വിദേശ ഭാഷ സംസാരിക്കുന്നവരുടെ നിർദ്ദേശം കാരണം സംസ്ഥാനം അവഗണിക്കപ്പെട്ടു. ഭാഷ ഒരു വംശത്തിന്റെ രക്തത്തിലലിഞ്ഞതാണെന്നും അത് നശിച്ചാൽ വംശവും ഇല്ലാതാകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ന്യൂഡല്‍ഹി: കൊവിഡ് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ഐഎംഎ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണം, എല്ലാവരും കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, വിവാഹം, രാഷ്ട്രീയ-സാമൂഹിക യോഗങ്ങള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും ഐഎംഎ നിര്‍ദ്ദേശിച്ചു.

അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 145 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നാലെണ്ണം പുതിയ കൊവിഡ് വകഭേദമായ ബിഎഫ് 7 ആണ്. യുഎസ്എ, ജപ്പാന്‍, സൗത്ത് കൊറിയ, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5.37 ലക്ഷം പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഐഎംഎ അറിയിച്ചു.

മുംബൈ: നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കേരളാ ടീം അംഗം മരിച്ചു. 10 വയസുകാരിയായ നിദ ഫാത്തിമയാണ് മരിച്ചത്. ആലപ്പുഴ സ്വദേശിനിയാണ് നിദ ഫാത്തിമ. കടുത്ത ഛർദ്ദിയെ തുടർന്നാണ് നിദ ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ വെച്ച നിദയ്ക്ക് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് ആരോഗ്യനില വഷളാവുകയുമായിരുന്നുവെന്നുമാണ് വിവരം. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കുട്ടിയുടെ ബന്ധുക്കൾ ആലപ്പുഴയിൽ നിന്നും നാഗ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.

ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ വേണ്ടി നാഗ്പൂരിലെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ കടുത്ത അനീതി നേരിട്ടിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. കോടതി ഉത്തരവിലൂടെയാണ് നിദയുൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ ഇവർക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ല. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നുമായിരുന്നു ഫെഡറേഷന്റെ നിലപാട്.

ഡല്‍ഹി: കൊവിഡ് ഒമിക്രോണ്‍ ബി.എഫ്- 7 വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ വീണ്ടും ശക്തമാക്കി കേന്ദ്രം. ഇനിമുതല്‍ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം കൊവിഡ് പരിശോധന ആരംഭിച്ചു. ആരെങ്കിലും കൊവിഡ് പോസിറ്റീവ് ആയാല്‍ തുടര്‍ന്ന് എല്ലാ യാത്രക്കാരെയും പരിശോധിക്കും. പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കും.

അതേസമയം, ഗുജറാത്തില്‍ യു.എസില്‍ നിന്ന് വഡോദരയില്‍ എത്തിയ ഇന്ത്യന്‍ വംശജയ്ക്കും വിദേശത്തു നിന്ന് അഹമ്മദാബാദില്‍ തിരിച്ചെത്തിയ പുരുഷനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഒഡീഷയിലാണ് മൂന്നാമത്തെ രോഗി. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ അവലോകന യോഗം ചേര്‍ന്നിരുന്നു.

പോസിറ്റീവ് സാമ്ബിളുകള്‍ വിശദ പരിശോധനയ്ക്കായി മികച്ച സംവിധാനങ്ങളുള്ള ഇന്‍സാകോഗ് ലാബുകളിലേക്കയയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. പോസിറ്റീവ് സാമ്ബിളുകള്‍ ജീനോം സീക്വന്‍സിംഗിന് അയയ്ക്കണം. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാന്‍ വൈകരുതെന്നും മുതിര്‍ന്ന പൗരന്മാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, യു.എസ്, യു.കെ, ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡന്മാര്‍ക്ക് എന്നീ രാജ്യങ്ങളിലുള്‍പ്പെടെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

എന്താണ് ബി.എഫ് 7 വകഭേദം?

ഒമിക്രോണ്‍ ബി.എ 5 ന്റെ ഉപവിഭാഗമാണ് ബി.എഫ് 7. ശക്തമായ അണുബാധയ്ക്കും അതിവേഗ വ്യാപനത്തിനും ശേഷിയുണ്ട്. വാക്‌സിന്‍ എടുത്തവരിലും രോഗം വരുത്തും.
അമേരിക്കയില്‍ 5 ശതമാനവും യു.കെയില്‍ 7.26 ശതമാനവും ബി.എഫ് 7 കേസുകള്‍. ഈ രാജ്യങ്ങളില്‍ വ്യാപനത്തോതും ഗുരുതരാവസ്ഥയും തുലോം കുറവാണ്. ചൈനയില്‍ രൂക്ഷമാണ്. ബീജിംഗില്‍ 40 ശതമാനവും കൊവിഡ് ബാധിതരാണുള്ളത്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ചണ്ഡിഗഡ്: കേന്ദ്ര നിര്‍ദ്ദേശം ഉണ്ടായിട്ടും ഹരിയാനയില്‍ തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ മാസ്‌ക് ധരിക്കാതെ രാഹുല്‍ ഗാന്ധി. നിരവധി പ്രവര്‍ത്തകരും യാത്രയില്‍ രാഹുലിനൊപ്പമുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊവിഡ് വ്യാപനം ആശങ്കയുളവാക്കുന്ന സാഹചര്യത്തില്‍ മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുല്‍ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്തയച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രം യാത്രയില്‍ പങ്കെടുപ്പിക്കണം. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കിയത്. ആരോഗ്യ മന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കില്‍ ആദ്യം കത്തയക്കേണ്ടത് പ്രധനാമന്ത്രിക്കാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു.

ന്യൂഡല്‍ഹി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നോ എന്നും നേതാക്കള്‍ ചോദ്യമുന്നയിച്ചു.

വിവിധ നേതാക്കളുടെ പ്രതികരണം ഇങ്ങനെ:

‘യാത്രയെ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇഷ്ടപ്പെടുന്നില്ല. യാത്രയിലൂടെ രാഹുല്‍ ഗാന്ധി നേടുന്ന ജനപിന്തുണ ബിജെപി സര്‍ക്കാരിനെ ഭയപ്പെടുത്തുന്നു’- കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

‘നിലവിലെ വിഷയങ്ങളില്‍നിന്നു ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രിയെ ബിജെപി നിയോഗിച്ചിരിക്കുകയാണെന്നും ചൗധരി കുറ്റപ്പെടുത്തി. കാര്‍ത്തി ചിദംബരവും സമാന നിലപാടുമായി രംഗത്തെത്തി. ”ബിജെപിയെ അസ്വസ്ഥതപ്പെടുത്തുന്നില്ലെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ ഭാരത് ജോഡോ യാത്രയിലേക്ക് ശ്രദ്ധതിരിയുന്നു? പൊതുസ്ഥലത്തെ കൂടിച്ചേരലുകളെ നിയന്ത്രിക്കുന്ന കോവിഡ് പ്രോട്ടോക്കോളുകള്‍ ഇപ്പോള്‍ നിലവില്‍ ഇല്ലല്ലോ’- കാര്‍ത്തി ചോദിച്ചു.

‘യാത്രയുടെ ജനപിന്തുണയില്‍ ബിജെപി അസ്വസ്ഥരാണ്. അതിനെ തടസ്സപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. പ്രധാനമന്ത്രി രണ്ടു ദിവസം മുന്‍പ് ത്രിപുരയില്‍ റാലി നടത്തിയപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ല. കേന്ദ്ര മന്ത്രിയുടേത് രാഷ്ട്രീയ ലക്ഷ്യമല്ല, ശരിയായ ആശങ്കയാണെങ്കില്‍ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതണം’- രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു.

‘അവര്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കാമായിരുന്നു. ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. എന്നാല്‍, മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചോ മുന്‍കരുതല്‍ എടുക്കുന്നതിനെക്കുറിച്ചോ സര്‍ക്കുലര്‍ വന്നിട്ടില്ല. ഇതു സംസ്ഥാനങ്ങളുടെ മേല്‍ കുതിര കയറാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ്. പൊതുജനത്തോടുള്ള അവരുടെ ഉത്തരവാദിത്തം പരാജയപ്പെട്ടു. കൂടുതലൊന്നും അവരില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല’- തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്‍ പറഞ്ഞു.

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഇന്ത്യ. ചൈനയിൽ നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രാജ്യം പ്രതിരോധ നടപടികൾ ശക്തമാക്കിയത്. ഒമിക്രോൺ വൈറസിന്റെ ഉപവകഭേദമായ ബിഎഫ് 7 ആണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുള്ളത്.

ഗുജറാത്തിലെ രണ്ട് രോഗികൾക്കും ഒഡീഷയിൽ ഒരാൾക്കുമാണ് രോഗബാധ കണ്ടെത്തിയത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ച്ച മുതൽ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് വൈറസ് പടരാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

തിരക്കേറിയ സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ പൊതുജനങ്ങൾ മാസ്‌ക് ധരിക്കണം. എല്ലാവരും കരുതൽ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. എല്ലാവരും ജാഗ്രത പാലിക്കണം. കോവിഡ് വൈറസ് വ്യാപനം ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: രാജ്യത്തെ സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീത, വേദങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശുപാർശ നൽകി പാർലമെന്ററി പാനൽ. ചരിത്രത്തിൽ ഇടംനേടാതെപോയ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ എന്നിവയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നാണ് ശുപാർശ. തിങ്കളാഴ്ച പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പാനൽ ഇക്കാര്യം ശുപാർശ ചെയ്തിട്ടുള്ളത്. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകൾ, അവരുടെ സംഭാവനകൾ എന്നിവ എൻ.സി.ഇ.ആർ.ടിയുടെ റെഗുലർ ടെക്സ്റ്റ് ബുക്കുകളിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. സിഖ്- മറാഠാചരിത്രം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചരിത്രം എന്നിവ കൂടി ഉൾപ്പെടുത്തണമെന്നും ശുപാർശയിൽ പറയുന്നു.

അതേസമയം, അനുബന്ധപഠനത്തിന് പകരം പ്രധാന പാഠഭാഗങ്ങളിൽ ഉൾപ്പെടുമ്പോൾ മാത്രമേ ഇക്കാര്യങ്ങൾ നിർബന്ധമായും പഠിക്കേണ്ട ഒന്നായി മാറൂവെന്നും ശുപാർശയിൽ വിശദീകരിക്കുന്നുണ്ട്. വിദ്യാഭ്യാസ-വനിതാ-ശിശു-യുവജന-സ്പോർട്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബിജെപി രാജ്യസഭാ എം.പിയുമായ വിവേക് ഠാക്കൂറാണ് നടപടി റിപ്പോർട്ട് രാജ്യസഭയിൽ സമർപ്പിച്ചത്. സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഇടംപിടിച്ച ‘ചരിത്രവിരുദ്ധമായ വസ്തുതകൾ’ കണ്ടുപിടിക്കുക, ഇന്ത്യൻ ചരിത്രത്തിലെ എല്ലാ കാലഘട്ടങ്ങൾക്കും തുല്യസ്ഥാനം ഉറപ്പാക്കുക, പ്രഗത്ഭരായ വനിതകൾക്ക് തുല്യ പ്രാതിനിധ്യം നൽകുക എന്നീ കാര്യങ്ങൾ നടപ്പിൽ വരുത്തുന്നതിനായാണ് സമിതി രൂപവത്കരിച്ചിരുന്നത്.

വേദങ്ങൾ, ഭഗവത് ഗീത എന്നിവയിൽനിന്നുള്ള അറിവുകൾ സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ശുപാർശയും റിപ്പോർട്ടിൽ വിശദമാക്കുന്നു. ആറ്, ഏഴ്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഗീതാശ്ലോകങ്ങൾ ഉൾപ്പെടുത്തുന്ന കാര്യവും നിർദ്ദേശം മുന്നോട്ടുവെയ്ക്കുന്നു.