540 കോടി രൂപ ചെലവ്; വെർട്ടിക്കൽ ലിഫ്റ്റിങ് സംവിധാനത്തിൽ രാജ്യത്ത് നിർമിക്കുന്ന ആദ്യ റെയിൽപ്പാലം മാർച്ചിൽ പൂർത്തിയാകും

രാമേശ്വരം: മാർച്ച് അവസാനത്തോടെ പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്ന് ദക്ഷിണ റെയിൽവേ. പുതിയ പാലത്തിന്റെ 84 ശതമാനം പണിയും പൂർത്തിയായിട്ടുണ്ട്. ദക്ഷിണ റെയിൽവേ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പഴയ പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം ഡിസംബർ 23 മുതൽ നിർത്തിവെച്ചിരിക്കുകയാണ്. അപകട മുന്നറിയിപ്പിനെത്തുടർന്നായിരുന്നു നടപടി. ജനുവരി 10 വരെയാണ് പഴയ പാലത്തിലൂടെയുള്ള തീവണ്ടിഗതാഗതം നിർത്തിവെച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമാവുകയും പാലത്തിൽ മദ്രാസ് ഐ.ഐ.ടി.യിലെ വിദഗ്ധർ സ്ഥാപിച്ച ഉപകരണത്തിൽനിന്ന് അപകടസൂചന ലഭിക്കുകയും ചെയ്തതോടെയാണ് ഗതാഗതം നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്. കാറ്റിന്റെ വേഗം മണിക്കൂറിൽ 58 കിലോമീറ്ററിൽ കൂടുകയും പാലത്തിന്റെ കമ്പനം നിർദിഷ്ടനിരക്കിലും വർധിക്കുകയും ചെയ്യുമ്പോഴാണ് ഉപകരണം അപായസൂചന നൽകുന്നത്.

നിലവിൽ രാമേശ്വരത്തേക്കുള്ള ചിലവണ്ടികൾ മണ്ഡപം സ്റ്റേഷനിലും ചിലത് രാമനാഥപുരത്തും സർവീസ് അവസാനിപ്പിച്ച് അവിടെനിന്ന് തിരിച്ചുപുറപ്പെടുകയാണ് ചെയ്യുന്നത്. അതേസമയം, പുതിയ പാലത്തിനുവേണ്ട തൂണുകളെല്ലാം കടലിടുക്കിൽ സ്ഥാപിച്ചുകഴിഞ്ഞു. ഇവയ്ക്കു മുകളിൽ 99 സ്പാനുകളും ഒരു നാവിഗേഷണൽ സ്പാനുമാണുണ്ടാവുക. 72.5 മീറ്റർ നീളമുള്ള നാവിഗേഷണൽ സ്പാൻ കപ്പൽവരുമ്പോൾ കുത്തനെ ഉയരും. കപ്പലുകൾക്ക് വഴിയൊരുക്കാൻ പാലത്തിന്റെ ഒരുഭാഗം ലംബമായി ഉയരും. അതിനാലാണ് ഇവയെ ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ പാലം എന്ന് അറിയപ്പെടുന്നത്.

രാജ്യത്ത് വെർട്ടിക്കൽ ലിഫ്റ്റിങ് സംവിധാനത്തിൽ നിർമിക്കുന്ന ആദ്യ റെയിൽപ്പാലമാണ് രാമേശ്വരത്തേത്. പാലത്തിൽ തത്കാലം ഒരു പാതയാണ് സ്ഥാപിക്കുകയെങ്കിലും ഇരട്ടപ്പാതയ്ക്കുള്ള വീതി ഇതിനുണ്ട്. വൈദ്യുതീകരണത്തിനുള്ള സാധ്യതയും മുന്നിൽ കണ്ടുകൊണ്ടാണ് പാലം നിർമിക്കുന്നത്. പഴയ പാലത്തേക്കാൾ മൂന്നുമീറ്റർ ഉയരം കൂടുതലുണ്ടാവും പുതിയ പാലത്തിന്. നാവിഗേഷണൽ സ്പാൻ 17 മീറ്റർ ഉയരും. പാലത്തിന്റെ നിർമാണച്ചെലവ് 540 കോടി രൂപയാണ്.