National (Page 322)

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങളെ കുടിയിറക്കില്ലെന്നും കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷികവൃത്തി വിലക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. കെ. മുരളിധരന്‍ എംപിക്ക് നല്‍കിയ കത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം.

ബഫര്‍ സോണില്‍ സംരക്ഷിത വനമേഖലയിലെ ഖനനത്തിനും, ക്വാറിക്കും, വന്‍കിട നിര്‍മ്മാണങ്ങള്‍ക്കും മാത്രമാണ് നിരോധനമേര്‍പ്പെടുത്തുകയെന്നാണ് കത്തില്‍ വനം പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങള്‍ക്ക് നിബന്ധനകള്‍ പ്രകാരം അനുവാദമുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ന്യുയോര്‍ക്ക്: ഇന്ത്യന്‍ കമ്പനിയായ മാരിയോണ്‍ ബയോടെകിന്റെ അംബ്രോനോള്‍, കോഡ്-1 മാക്‌സ് എന്നീ രണ്ട് കഫ് സിറപ്പുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം ഇവയിലുണ്ടെന്ന് ഉസ്ബക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് ഇത്തരം സിറപ്പുകള്‍ നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചത്.

ഈ മരുന്നുകള്‍ കഴിച്ച് ഉസ്ബക്കിസ്ഥാനില്‍ 19 കുട്ടികള്‍ മരിച്ചുവെന്ന ആരോപണങ്ങളില്‍ ഡബ്ല്യൂഎച്ച്ഒ നേരത്തെ വിശദീകരണം തേടിയിരുന്നു. എന്നാല്‍, കമ്ബനിയുടെ ഭാഗത്തുനിന്ന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിലവിലെ നടപടി. ഈ മരുന്നുകളില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ അനുവദിച്ചതിലും കൂടുതല്‍ എത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഈ മരുന്നുകള്‍ പല രാജ്യങ്ങളിലും കരിഞ്ചന്തകളില്‍ ലഭ്യമാണെന്നും ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, ഉസ്ബക്കിസ്ഥാനില്‍ കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ മാരിയോണ്‍ കമ്ബനിയുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിച്ചിരുന്നു. കമ്ബനിയുടെ ലൈസന്‍സ് ഉത്തര്‍പ്രദേശ് സര്‍ക്കാരും റദ്ദാക്കിയിരുന്നു.

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ 21 രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം. സമാന ചിന്താഗതിക്കാരായ 21 പാർട്ടികൾക്കാണ് ക്ഷണം നൽകുന്നത്. ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയാണ് ഈ പാർട്ടികളുടെ അധ്യക്ഷന്മാർക്ക് കത്തയച്ചത്.

ജനുവരി 30 ന് ശ്രീനഗറിൽ വെച്ചാണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്. സിപിഎം, തൃണമൂൽ കോൺഗ്രസ്, നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ്, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി, മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടി തുടങ്ങിയ പാർട്ടികൾക്ക് ക്ഷണം നൽകിയിട്ടുണ്ട്. എന്നാൽ, ആംആദ്മി പാർട്ടിയ്ക്ക് ക്ഷണം ലഭിച്ചില്ല.

രാജ്യത്ത് വ്യാപിക്കുന്ന വിദ്വേഷത്തിനും അക്രമത്തിനുമെതിരെ സ്വയം പോരാടാനും സത്യത്തിന്റെയും ദയയുടെയും അക്രമരാഹിത്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും ഈ പരിപാടിയിൽ നാം പ്രതിജ്ഞാബദ്ധമാണെന്നാണ് ഖാർഗെ കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനു പുറമെ ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എല്ലാവർക്കും നീതി എന്നിവയുടെ സംരക്ഷണവും നമ്മുടെ ചുമതല തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചീഫ് ടെക്‌നോളജിസ്റ്റായി ഇന്ത്യന്‍ വംശജന്‍ എ.സി. ചരണിയ. സാങ്കേതിക നയപരിപാടികളില്‍ നാസയുടെ ഭരണാധികാരി ബില്‍ നെല്‍സണ് ഉപദേശം നല്‍കുകയാണ് ചരണിയയുടെ ചുമതല.

ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് എയ്‌റോ സ്‌പേസ് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തരബിരുദമുള്ള ചരണിയ, ബ്ലൂ ഒറിജിന്‍, വെര്‍ജിന്‍ ഗലാക്ടിക് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചശേഷമാണ് നാസയിലെത്തുന്നത്.

ഇന്ത്യന്‍ വംശജനായ ഭവ്യ ലാലിന് പകരമാണ് എ.സി ചരണിയ ഈ സ്ഥാനത്തെത്തുന്നത്. വലിയൊരു സംഘത്തെ നയിക്കുന്നതില്‍ അനുഭവസമ്പത്തുള്ള വ്യക്തിയാണ് ചരണിയയെന്നും ചരണിയയുടെ അറിവ് നാസയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ഭവ്യ ലാല്‍ പറഞ്ഞു.

ന്യൂഡൽഹി: ഭൂമിയിൽ വിള്ളലുകൾ വീണ ജോഷിമഠ് എന്ന പ്രദേശത്തെ കുറിച്ചുള്ള നിർണായക പഠന റിപ്പോർട്ട് പുറത്ത്. വർഷത്തിൽ 2.5 ഇഞ്ച് (6.5 സെന്റീമീറ്റർ) എന്ന കണക്കിൽ ഉത്തരാഖണ്ഡിലെ ജോഷിമഠും ചുറ്റുമുള്ള സ്ഥലങ്ങളും താഴ്ന്നുപോകുകയാണെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്. ഡെറാഡൂൺ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് ആണ് പഠനം നടത്തിയത്. രണ്ടു വർഷത്തെ പഠനത്തിന്റെ വിവരങ്ങളാണ് നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടത്.

പ്രദേശത്തിന്റെ ഉപഗ്രഹ വിവരങ്ങളെ കുറിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. മേഖലയിൽ ധാരാളം ടെക്ടോണിക് ആക്ടിവിറ്റികൾ നടക്കുന്നുണ്ടെന്നും അവിടം വളരെ സെൻസിറ്റീവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2020 ജൂലൈ മുതൽ 2022 മാർച്ച് വരെയുള്ള ഉപഗ്രഹചിത്രങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് പഠന വിധേയമാക്കി. ജോഷിമഠിന് 90 കിലോമീറ്റർ അകലെയുള്ള നഗരത്തിലും കെട്ടിടങ്ങളിൽ വിള്ളൽ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

അതേസമയം, ജോഷിമഠിൽ 600 വീടുകൾ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. വീടുകളിൽ വിള്ളലുകളുണ്ടാവുകയും ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്തതിനെ തുടർന്നാണ് നടപടി. 4000 ത്തോളം പേരെ പ്രദേശത്ത് നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. മേഖലയിൽ കഴിഞ്ഞ ദിവസം ഉപഗ്രഹ സർവേ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി മേഖലയിലെ 600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഹെലിക്കോപ്ടറുകൾ ഉൾപ്പെടെ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ജോഷിമഠിലും സമീപപ്രദേശങ്ങളിലും എല്ലാ നിർമാണപ്രവൃത്തികളും നിർത്തിവെക്കാനും അധികൃതർ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ഹെലാങ്- മർവാരി ബൈപ്പാസിന്റെ പ്രവൃത്തിയും എൻ.ടി.പി.സിയുടെ ഹൈഡൽ പ്രൊജക്ടിന്റെ നിർമാണപ്രവൃത്തികളും നിർത്തിവെച്ചു.

ഇൻഡോർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുമായി കൂടിക്കാഴ്ച്ച നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇൻഡോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

മധ്യപ്രദേശിൽ നിക്ഷേപകർക്ക് ഏറ്റവും മികച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്ന് കൂടിക്കാഴ്ച്ചയിൽ ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എ വി ആനന്ദ് റാം, സിഒഒ രജിത്ത് രാധാകൃഷ്ണൻ, സംസ്ഥാന വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. മധ്യപ്രദേശിൽ നിക്ഷേപം നടത്താൻ ശിവരാജ് സിങ് ചൗഹാൻ യൂസഫലിയെ ക്ഷണിക്കുകയും ചെയ്തു.

ഭക്ഷ്യ സംസ്‌കരണ, ലൊജിസ്റ്റിക്‌സ്, റീട്ടെയിൽ മേഖലകളിൽ നിക്ഷേപം നടത്താനാണ് മുഖ്യമന്ത്രി അദ്ദേഹത്തെ ക്ഷണിച്ചത്. വിഷയത്തിൽ സർക്കാരിന്റെ എല്ലാ സഹകരണവുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ സർക്കാരുമായി നടത്തുമെന്ന് യൂസഫലി അറിയിച്ചു.

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ പാട്ടിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ആര്‍ആര്‍ആര്‍ ടീമിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത്. ഇത് വലിയൊരു നേട്ടമാണെന്നും എല്ലാ ഇന്ത്യക്കാരും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു എന്നും മോദി ട്വീറ്റ് ചെയ്തു. ഗോള്‍ഡന്‍ ഗ്ലോബിലെ ചരിത്രവിജയത്തിന് ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് നടന്‍ അമിതാഭ് ബച്ചനും രംഗത്തെത്തി. ഇത് അര്‍ഹിച്ച അംഗീകാരമാണെന്നും, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടിയതിന് ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിക്കുന്നുവെന്നും ബച്ചന്‍ പറഞ്ഞു.

അതേസമയം, ‘നാട്ടു നാട്ടു വിന് ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ച വാര്‍ത്ത കേട്ടാണ് ഇന്ന് ഉറക്കമുണര്‍ന്നത്. ഇനിയും നിരവധി പുരസ്‌കാരങ്ങള്‍ നേടാന്‍ സാധിക്കട്ടെ. ഇന്ത്യക്ക് ഇത് അഭിമാന നേട്ടമാണ്’- എന്ന് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു. പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍റഹ്മാനും അഭിനന്ദനങ്ങളുമായി എത്തി. ‘ഈ വാര്‍ത്തയറിഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു’- എന്ന് ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ പോസ്റ്റ് ചെയ്തു. ‘ഈ നേട്ടമറിഞ്ഞ് അഭിമാനവും ആവേശവും തോന്നുന്നു’- എന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും കുറിച്ചു. കരീന കപൂറും ആര്‍ആര്‍ആര്‍ ടീമിന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഭിനന്ദനം അറിയിച്ചു. ‘ഈ വിജയത്തില്‍ എല്ലാവര്‍ക്കും സന്തോഷം ഉണ്ടെന്നും, ലോകം മുഴുവന്‍ നിങ്ങളുടെ സംഗീതം ആഘോഷമാക്കുന്നത് കണ്ടതില്‍ വലിയ അഭിമാനം തോന്നുന്നുവെന്നും’ തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

എന്നാല്‍, ‘പറയാന്‍ വാക്കുകളില്ല’ എന്നാണ് കീരവാണിക്കൊപ്പമുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സംവിധായകന്‍ രാജമൗലി കുറിച്ചത്. സംഗീതത്തിന് അതിരുകളില്ലെന്നും ഈ പാട്ട് സൃഷ്ടിച്ച കീരവാണിക്ക് അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഇത് വളരെ സ്‌പെഷ്യല്‍ ആയിട്ടുള്ള ഒരു പുരസ്‌കാരം ആണ്. ‘നാട്ടു നാട്ടു’ ഏറ്റെടുത്ത് ജനപ്രിയമാക്കിയ എല്ലാ ആരാധകര്‍ക്കും നന്ദി’- അദ്ദേഹം പോസ്റ്റ് ചെയ്തു. ചിത്രത്തില്‍ അഭിനയിച്ച ആലിയ ഭട്ടും പുരസ്‌കാര വാര്‍ത്ത പങ്കുവെച്ചു. രാജമൗലിക്കും കീരവാണിക്കും ജൂനിയര്‍ എന്‍ടിആറിനും ഒപ്പമുള്ള ചിത്രം രാംചരണ്‍ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവെച്ചു. ‘എന്റെ കരിയറില്‍ ഞാന്‍ നിരവധി പാട്ടുകള്‍ക്ക് നൃത്തം ചെയ്തിട്ടുണ്ട്, പക്ഷേ നാട്ടു നാട്ടു എന്നെന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും’-എന്ന് ജൂനിയര്‍ എന്‍ടിആറും കുറിച്ചു.

ന്യൂഡൽഹി: ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ബുധനാഴ്ച്ച കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും കർഷക സംഘടനകളുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കും. ബഫർ സോൺ സംബന്ധിച്ച സുപ്രീം കോടതി വിധി കേരളത്തിൽ പല പ്രതിസന്ധികളും ഉണ്ടാക്കിയെന്ന് അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയുമാണ് സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്.

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിൽ ഉൾപ്പെടുന്ന മേഖലകളെ ബഫർ സോൺ വിധിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയ കേരളത്തിലെ 22 സംരക്ഷിത മേഖലകൾക്ക് ഇളവ് നൽകണമെന്ന് കേരളം ആവശ്യപ്പെടുന്നു.

കവരത്തി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. വധശ്രമ കേസിലാണ് നടപടി. കവരത്തി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർക്കാണ് ശിക്ഷ.

2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഇവർ ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിലാണ് കോടതി വിധി പ്രസ്താവം നടത്തിയത്.

മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭർത്താവാണ് മുഹമ്മദ് സാലിഹ്. 32 പേരാണ് കേസിലെ പ്രതികൾ. ഇതിൽ ആദ്യ നാല് പേർക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ എംപി. ഒരു ഷെഡ് സ്ഥാപിച്ചതിനേത്തുടർന്നുള്ള തർക്കമാണ് ആക്രമണത്തിന് കാരണം.

അതേസമയം, കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകൻ അറിയിച്ചു.

ജാംനഗര്‍: തിങ്കളാഴ്ച രാത്രി മോസ്‌കോയില്‍ നിന്നു ഗോവയിലേക്കുള്ള റഷ്യന്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ സംഭവത്തില്‍ സുരക്ഷയൊരുക്കിയത് ഇന്ത്യന്‍ വ്യോമസേന. 236 യാത്രക്കാരും 8 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.

‘റഷ്യയിലെ അസൂര്‍ എയര്‍ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. സുരക്ഷ കണക്കിലെടുത്ത്, സൈനിക വ്യോമതാവളത്തിലെ ഒറ്റപ്പെട്ട സ്ഥലത്തേക്കു വിമാനം മാറ്റുകയായിരുന്നു ആദ്യനടപടി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിനും ഗരുഡ് സ്‌പെഷല്‍ ഫോഴ്‌സിനും വ്യോമസേന നിര്‍ദേശം നല്‍കി’- പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കാമെന്ന് ഉറപ്പിച്ച ശേഷമാണു യാത്രക്കാരെ പുറത്തിറക്കിയത്. ദൗത്യം നയിച്ച എയര്‍ കമ്മോഡര്‍ ആനന്ദ് സോന്ദി, യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. പിന്നാലെ, വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എന്‍എസ്ജി ബോംബ് സ്‌ക്വാഡ് എത്തുകയും വിമാനവും യാത്രക്കാരുടെ ബാഗേജും പരിശോധിക്കുകയും ചെയ്തു.

അതേസമയം, വ്യാജ ഭീഷണിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യാത്ര പുനഃരാരംഭിച്ച വിമാനം ചൊവ്വാഴ്ച ഉച്ചയോടെ ഗോവയിലെത്തി. ഇത്തരം അടിയന്തര സാഹചര്യങ്ങളില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള വിമാനത്താവളങ്ങളാണു നടപടി സ്വീകരിക്കുക. ഇത്തവണ വിമാനത്തെ മുംബൈ, ഗോവ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കു മാറ്റാന്‍ സമയമില്ലെന്നു മനസ്സിലായതോടെയാണ് ജാംനഗറില്‍ ഇറക്കാന്‍ വ്യോമസേന തയാറായത്. അടിയന്തരമായി ലാന്‍ഡ് ചെയ്ത വിമാനത്തിലെ എല്ലാവരും സുരക്ഷിതരാണെന്നു റഷ്യന്‍ എംബസിയും പ്രതികരിച്ചു. ബോംബ് ഭീഷണിയെപ്പറ്റി ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നെന്നു റഷ്യന്‍ എംബസി പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.