ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി; നദ്ദ തന്നെ പാര്‍ട്ടി അധ്യക്ഷനായി തുടരുമെന്ന് സൂചന

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനായി ബിജെപി ദേശീയ നിര്‍വാഹക സമിതി ഡല്‍ഹിയില്‍ ഈ മാസം 16നും 17നും യോഗം ചേരും.

ഈ മാസം 20ന് മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്ന ജെ.പി നദ്ദ തന്നെ പാര്‍ട്ടി അധ്യക്ഷ പദത്തില്‍ ഒരു തവണകൂടി തുടരുമെന്നാണ് സൂചന. മന്ത്രിസഭയില്‍ അഴിച്ചുപണികള്‍ക്ക് മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിക്കഴിഞ്ഞതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, മന്ത്രിസഭയിലെ ജാതി സമവാക്യങ്ങള്‍ക്കൊപ്പം, ഈ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പും അഴിച്ചുപണിയില്‍ പരിഗണിക്കും. ശിവസേനയിലെ ഷിന്‍ഡെ വിഭാഗത്തിന് പ്രാതിനിധ്യം നല്‍കേണ്ടതുമുണ്ട്. ഈ വര്‍ഷം തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാരില്‍ ചിലരെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിക്കുമെന്നും സൂചനയുണ്ട്. ഇനിയും വിജയിക്കാന്‍ സാധിക്കാത്ത ലോക്സഭാ മണ്ഡലങ്ങളിലും ഈ വര്‍ഷം തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിലുമായി മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.