National (Page 319)

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അയോധ്യാ രാമക്ഷേത്രം തുറക്കുന്നത് പ്രഖ്യാപിക്കാൻ അമിത് ഷാ ആരെന്ന് ഖാർഗെ ചോദിച്ചു. അക്കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ പണി രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോധ്യയിലെ രാമക്ഷേത്രം നിർമാണം അടുത്ത വർഷം ജനുവരി ഒന്നിന് പൂർത്തിയാകുമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. രാമക്ഷേത്ര നിർമാണത്തിന് തുരങ്കം വച്ചത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമ്മാണം ആരംഭിക്കുകയായിരുന്നുവെന്നും ത്രിപുരയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രംഗത്തെത്തിയത്.

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ. യേൽ, ഓക്‌സ്‌ഫോർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ പ്രമുഖ വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ ആദ്യമായി രാജ്യത്ത് സ്ഥാപിക്കുന്നതിന് അനുവാദം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായാണ് നടപടി.

വിഷയത്തിൽ പൊതുജനാഭിപ്രായം തേടുന്നതിനായുള്ള കരട് നിയമം യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷൻ റെഗുലേഷൻ വ്യാഴാഴ്ച പുറത്തിറക്കി. വിദ്യാർത്ഥികളുടെ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ, ഫീസ് ഘടന, സ്‌കോളർഷിപ്പ് തുടങ്ങിയ കാര്യങ്ങൾ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നാണ് കരട് നിയമത്തിൽ വ്യക്തമാക്കുന്നത്. അദ്ധ്യാപകരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിനുള്ള അവകാശവും സ്ഥാപനങ്ങൾക്കായിരിക്കും.

ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന ചെലവിൽ വിദേശ കോഴ്‌സുകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നേടാനും രാജ്യത്തെ ആഗോള പഠന കേന്ദ്രമാക്കി മാറ്റാനുമുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരം: രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ ലൈസന്‍സ് ടെസ്റ്റ് പൂര്‍ണമായും കംപ്യൂട്ടര്‍ നിയന്ത്രണത്തിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി സംസ്ഥാനത്തും ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. സെന്‍സര്‍, സി സി ടി വി ക്യാമറകള്‍, വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയെല്ലാ ഉള്‍പ്പെടുന്ന കേരളത്തിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം എറണാകുളം പുത്തന്‍കുരിശില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.

ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പ്രത്യേകമായി ഒരുക്കിയ ഗ്രൗണ്ടുകളിലാണ് നടത്തുക. ലൈസന്‍സ് എടുക്കേണ്ട വ്യക്തി വാഹനമോടിക്കുമ്‌ബോള്‍ ഗ്രൗണ്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ഡ്രൈവിംഗ് സ്‌കൂളുകാര്‍ തുടങ്ങി ആരും ഉണ്ടാവില്ല. കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് ടെസ്റ്റ് നിയന്ത്രിക്കുന്ന വ്യക്തി സിഗ്‌നല്‍ നല്‍കുന്നതോടെ വാഹനമോടിച്ചു തുടങ്ങാം. ശേഷം എല്ലാം കമ്ബ്യൂട്ടറിന്റെ നിയന്ത്രണത്തിലായിരിക്കും. വാഹനമോടിക്കുന്ന വ്യക്തിയുടെ ഓരോ ചലനങ്ങളും ഗ്രൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെ കമ്ബ്യൂട്ടര്‍ ഒപ്പിയെടുക്കും.

അതേസമയം, വാഹനമോടിക്കുന്ന വ്യക്തി ട്രാക്ക് പൂര്‍ത്തിയാക്കുമ്‌ബോള്‍ ഈ ദൃശ്യങ്ങള്‍ വിശകലനം ചെയ്യുന്ന കമ്ബ്യൂട്ടര്‍ അയാള്‍ ടെസ്റ്റ് വിജയിച്ചോ പരാജയപ്പെട്ടോ എന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിലയിരുത്തും. ടെസ്റ്റ് നടക്കുമ്‌ബോള്‍ വാഹനം ട്രാക്ക് മറികടന്നോ എന്ന് സെന്‍സറുകള്‍ തിരിച്ചറിയുകയും അത് പ്രത്യേക നിറത്തില്‍ കമ്ബ്യൂട്ടറില്‍ കാണിക്കുകയും ചെയ്യും. കാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ആറുമാസം വരെ സൂക്ഷിച്ചുവയ്ക്കും. ഇതിനുള്ളില്‍ ടെസ്റ്റിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നേരിട്ട് നല്‍കാം.

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ തല്‍ക്കതോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന ദേശീയ പരിപാടിയായ പരീക്ഷാ പേ ചര്‍ച്ചയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വിദ്യാര്‍ത്ഥികളിലെ പരീക്ഷാ പേടി മാറ്റാനും ആശങ്കകള്‍ അകറ്റാനുമായി നടത്തുന്ന ദേശീയ നിലവാരത്തിലുള്ള പരിപാടിയാണ് പരീക്ഷാ പേ ചര്‍ച്ച. എല്ലാവരും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക’- എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

പ്ലസ്ടു, പത്താം ക്ലാസ്സ് പരീക്ഷകള്‍ക്ക് മുന്നോടിയായി നടത്തുന്ന പരിപാടിക്ക് 2022 നവംബര്‍ 25 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഡിസംബര്‍ 30 വരെയാണ് രജിസ്‌ട്രേഷന്‍ അനുവദിച്ചിരുന്നത്. ജനുവരി 27നാണ് പരീക്ഷാ പേ ചര്‍ച്ചയുടെ ആറാം എഡിഷന്‍ ആരംഭിക്കുന്നത്. ഏകദേശം 38.80 ലക്ഷം പേരാണ് ഇത്തവണ പരീക്ഷാ പേ ചര്‍ച്ചയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 150 ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും 51 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരും ഈ പരിപാടിയില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ പരീക്ഷ പേ ചര്‍ച്ചയില്‍ 9 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിവിധ മത്സരങ്ങളിലൂടെയും 500 അക്ഷരങ്ങളില്‍ ചോദ്യങ്ങള്‍ ചോദിച്ചും പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ചര്‍ച്ചകളിലൂടെയും മത്സരങ്ങളിലൂടെയും പരീക്ഷയെ പേടിച്ചിരുന്നവര്‍ എന്നതില്‍ നിന്ന് പരീക്ഷാ പോരാളികള്‍ എന്ന നിലയിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. വിദ്യാര്‍ത്ഥികളെ എങ്ങനെ പിന്തുണക്കണം എന്ന വിഷയത്തില്‍ മാതാപിതാക്കളുമായും അധ്യാപകരുമായും പ്രധാനമന്ത്രി തുറന്ന ചര്‍ച്ച നടത്തും. എക്‌സാം വാരിയേഴ്‌സ് (പരീക്ഷ പോരാളികള്‍) എന്ന പേരില്‍ ഒരു പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പുറത്തിറക്കിയിരുന്നു. 2018 മുതലാണ് ഈ പരിപാടി സംഘടിപ്പിച്ച് തുടങ്ങിയത്.

കൊൽക്കത്ത: ആർഎസ്എസ് ചെയ്യുന്നപോലെ കഠിനാദ്ധ്വാനം ചെയ്താൽ വിജയം കൈവരിക്കാമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ആർഎസ്എസിനെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ സിപിഎം മുഖപത്രം ഗണശക്തിയുടെ അൻപത്തേഴാം സ്ഥാപക ദിന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബിജെപിയെയും ആർഎസ്എസിനെയും പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് പ്രത്യയ ശാസ്ത്രപരവും രാഷ്ട്രീയപരവുമായ പോരാട്ടമാണ് ആവശ്യം. സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസ പരമായും ആർഎസ്എസിന്റെ പ്രവർത്തനം ശക്തമാണ്. പ്രവർത്തനങ്ങളിൽ ആർഎസ്എസിനെ മാതൃകയാക്കണം. ആർഎസ്എസ് വിവിധ സംഘടനകളിലൂടെ രാപ്പകൽ പ്രവർത്തിക്കുകയാണ്. ഇക്കാര്യം മാതൃകയാക്കേണ്ടതാണ്. ആർഎസ്എസിന്റെ നിരന്തര പ്രവർത്തനങ്ങൾ വലിയൊരു വിഭാഗം ആളുകളെ ആശയപരമായി സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടതുസാന്നിധ്യം ദുർബലമായ ഒഡീഷയിൽ 15 വർഷങ്ങൾക്ക് മുൻപ് തന്നെ ആർഎസ്എസിന് 1000-ൽ അധികം സ്‌കൂളുകൾ ഉണ്ടായിരുന്നു. ആർഎസ്എസ് പതിറ്റാണ്ടുകൾ മുൻപ് തന്നെ മികച്ച പ്രവർത്തനമാണ് കാഴ്‌ച്ചവച്ചിരുന്നത്. തിരഞ്ഞെടുപ്പിനു മുൻപ് സഖ്യമുണ്ടാക്കിയാൽ ബിജെപി ഭീഷണിയിൽ നിന്നു കരകയറാമെന്നാണ് ഇടതുപക്ഷേതര പാർട്ടികൾ കരുതുന്നത്. എന്നാൽ പ്രത്യയശാസ്ത്ര, രാഷ്ട്രീയ പോരാട്ടങ്ങൾ നടത്താൻ കഴിയാത്തതിനാൽ അത്തരം നീക്കങ്ങൾക്കൊണ്ട് പ്രയോജനമില്ലെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: സ്വവർഗ്ഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. വിഷയത്തിൽ അടുത്ത മാസം പതിനഞ്ചിന് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ ഹർജികളും സുപ്രിം കോടതിയിലേക്ക് മാറ്റാനും അദ്ദേഹം നിർദ്ദേശം നൽകി.

കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകൾ ഉൾപ്പെടെയാണ് സുപ്രീം കോടതിയിലേക്ക് മാറ്റിയത്. കേസ് മാർച്ച് 13 ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐടി വകുപ്പിന്റെ ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡുകളില്‍ വിവിധ വിഭാഗങ്ങളിലായി മൂന്ന് പുരസ്‌കാരങ്ങള്‍ നേടി കേരളം. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാര്‍ഡും, കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിന് ഗോള്‍ഡ് മെഡലും, ക്ഷീരശ്രീ പോര്‍ട്ടലിന് സില്‍വര്‍ മെഡലും ലഭിച്ചു.

‘അറിവും നൈപുണിയും കൈമുതലായ വിജ്ഞാന സമൂഹമായി കേരളത്തെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യബോധത്തോടെ മുന്നേറുകയാണ് എല്‍ഡിഎഫ് സര്‍ക്കാരാണ്. വിരല്‍ത്തുമ്പില്‍ വിവരങ്ങളെത്തുന്ന ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഭരണനിര്‍വ്വഹണവും ജനസേവനവും ഡിജിറ്റല്‍ ആയേ തീരൂ. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ട്. ഇവയില്‍ പലതിനും ദേശീയവും അന്തര്‍ദേശീയവുമായ അംഗീകാരങ്ങള്‍ ലഭിക്കുന്നുവെന്നത് മലയാളികള്‍ക്ക് ഏറെ അഭിമാനകരമായ കാര്യമാണ്’- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ബെംഗളൂരു: ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായി പണിത ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുക. പത്തുവരിയുള്ള പാതയാണിത്. ഈ പാത തുറക്കുന്നതോടെ ബെഗളൂരു-മൈസൂരു യാത്രാസമയം ഒരു മണിക്കൂർ 20 മിനിറ്റായി കുറയും. 117 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം.

9000 കോടി രൂപ ചെലവഴിച്ചാണ് പാതയുടെ നിർമ്മാണം നടത്തിയത്. രണ്ട് ഘട്ടങ്ങളായിട്ടാണ് പാത നിർമിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നിഡഗട്ടവരെയാണ് ഒന്നാം ഘട്ടം. നിഗട്ട മുതൽ മൈസൂരു വരെ രണ്ടാം ഘട്ടം. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുന്നതിനുവേണ്ടി പാതകളിൽ സാറ്റലൈറ്റ് ടൗൺഷിപ്പുകൾ സ്ഥാപിക്കണമെന്ന് നിതിൻ ഗഡ്കരി നിർദ്ദേശിച്ചു. കർണാടകത്തിൽ രണ്ടുലക്ഷം കോടി രൂപയുടെ 8005 കിലോമീറ്റർ റോഡ് പദ്ധതിയാണ് ദേശീയ പാതാ അതോറിറ്റി നടത്തിവരുന്നതെന്നും അദ്ദേഹം അറിയിച്ചു.

പുതിയ പദ്ധതി പൂർത്തീകരണത്തോടെ പുത്തൻ സാധ്യതകൾക്കും വ്യവസായ നിക്ഷേപങ്ങൾക്കും വഴിതുറക്കും. വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും ഇത് സഹായകമാകും. ബെംഗളൂരു-ചെന്നൈ അതിവേഗപാത അടുത്തവർഷം മാർച്ചോടെ പൂർത്തിയാകും. 262 കിലോമീറ്റർ ദൈർഘ്യമുള്ള എട്ടുവരിപ്പാത 16,730 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. കർണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. കർണാടകത്തിലെയും ആന്ധ്രാപ്രദേശിലെയും വ്യവസായ ഹബ്ബുകളെ ബന്ധിപ്പിക്കുന്നതാകും പാതയെന്നും ബെംഗളൂരുവിലെയും ചെന്നൈയിലെയും സാമ്പത്തിക പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഹൈക്കോടതികളിലെ ഉൾപ്പെടെ ജഡ്ജി നിയമനത്തിനായുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 44 ശുപാർശകളിൽ ശനിയാഴ്ച്ച തീരുമാനം സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

കൊളീജിയം ശുപാർശകളിൽ കേന്ദ്രസർക്കാർ തീരുമാനം വൈകിപ്പിക്കുന്നതിനെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിക്കവെയായിരുന്നു കേന്ദ്രം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സുപ്രീം കോടതി കൊളിജീയം നൽകിയ 104 ശുപാർശകളിൽ ഇതുവരെ തീരുമാനം സ്വീകരിച്ചിട്ടില്ല. ഇതിൽ 44 എണ്ണത്തിലാണ് ശനിയാഴ്ച്ച തീരുമാനമെടുക്കുക. അധികം താമസിയാതെ മറ്റു ശുപാർശകളിലും തീരുമാനമുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു. കൊളീജിയം ശുപാർശകൾ വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പല തവണ കേന്ദ്ര സർക്കാരിനോട് അതൃപ്തി അറിയിച്ചിരുന്നു.

ന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട 17 പേർ പാർട്ടിയിലേക്ക് മടങ്ങിയെത്തി. കശ്മീർ മുൻ ഉപമുഖ്യമന്ത്രിയും മുൻ പി സി സി അധ്യക്ഷനും എംഎൽഎമാരും ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് വ്യക്തമാക്കി.

തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാർട്ടിയോടും ജനങ്ങളോടും ക്ഷമാപണം നടത്തുന്നുവെന്നും മുൻ പിസിസി അധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയ്യിദ് അറിയിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര പുത്തൻ പ്രതീക്ഷ നൽകുന്നുവെന്നും കശ്മീരിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാർട്ടി വിട്ടവർ തറവാട്ടിലേക്ക് തിരികെ വരുന്നുവെന്നും സന്തോഷത്തിന്റെ നിമിഷങ്ങളാണിതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. കൂടുതൽ ആളുകളെ ഭാരത് ജോഡോ യാത്ര കോൺഗ്രസിലേക്ക് അടുപ്പിക്കുന്നു. പോയവർ ഇനിയും തിരികെ വരും. സമാനമനസ്‌കരായ പാർട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസിനൊപ്പം വരും ദിവസങ്ങളിൽ കൂടിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.