ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളിൽ ഇനി അവശേഷിക്കുന്നത് 17 ശതമാനം ജലം മാത്രം; റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. പല സ്ഥലങ്ങളിലും ജലക്ഷാമം വളരെ രൂക്ഷമായിരിക്കുകയാണ്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളിൽ ഇനി അവശേഷിക്കുന്നത് വെറും 17 ശതമാനം ജലം മാത്രമാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജല സംഭരണം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്നും ശരാശരിയിലും താഴെയാണെന്നുമാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഏപ്രിൽ 28 മുതൽ മെയ് 02 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 – 5°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 28 മുതൽ മെയ് 02 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 28, 29 തീയതികളിൽ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.