ആർഎസ്എസ് ചെയ്യുന്നപോലെ കഠിനാദ്ധ്വാനം ചെയ്താൽ വിജയം കൈവരിക്കാം; പ്രകാശ് കാരാട്ട്

കൊൽക്കത്ത: ആർഎസ്എസ് ചെയ്യുന്നപോലെ കഠിനാദ്ധ്വാനം ചെയ്താൽ വിജയം കൈവരിക്കാമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ആർഎസ്എസിനെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ സിപിഎം മുഖപത്രം ഗണശക്തിയുടെ അൻപത്തേഴാം സ്ഥാപക ദിന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബിജെപിയെയും ആർഎസ്എസിനെയും പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് പ്രത്യയ ശാസ്ത്രപരവും രാഷ്ട്രീയപരവുമായ പോരാട്ടമാണ് ആവശ്യം. സാമൂഹികമായും സാംസ്‌കാരികമായും വിദ്യാഭ്യാസ പരമായും ആർഎസ്എസിന്റെ പ്രവർത്തനം ശക്തമാണ്. പ്രവർത്തനങ്ങളിൽ ആർഎസ്എസിനെ മാതൃകയാക്കണം. ആർഎസ്എസ് വിവിധ സംഘടനകളിലൂടെ രാപ്പകൽ പ്രവർത്തിക്കുകയാണ്. ഇക്കാര്യം മാതൃകയാക്കേണ്ടതാണ്. ആർഎസ്എസിന്റെ നിരന്തര പ്രവർത്തനങ്ങൾ വലിയൊരു വിഭാഗം ആളുകളെ ആശയപരമായി സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടതുസാന്നിധ്യം ദുർബലമായ ഒഡീഷയിൽ 15 വർഷങ്ങൾക്ക് മുൻപ് തന്നെ ആർഎസ്എസിന് 1000-ൽ അധികം സ്‌കൂളുകൾ ഉണ്ടായിരുന്നു. ആർഎസ്എസ് പതിറ്റാണ്ടുകൾ മുൻപ് തന്നെ മികച്ച പ്രവർത്തനമാണ് കാഴ്‌ച്ചവച്ചിരുന്നത്. തിരഞ്ഞെടുപ്പിനു മുൻപ് സഖ്യമുണ്ടാക്കിയാൽ ബിജെപി ഭീഷണിയിൽ നിന്നു കരകയറാമെന്നാണ് ഇടതുപക്ഷേതര പാർട്ടികൾ കരുതുന്നത്. എന്നാൽ പ്രത്യയശാസ്ത്ര, രാഷ്ട്രീയ പോരാട്ടങ്ങൾ നടത്താൻ കഴിയാത്തതിനാൽ അത്തരം നീക്കങ്ങൾക്കൊണ്ട് പ്രയോജനമില്ലെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.