വാഹന ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇനി ക്യാമറ തീരുമാനിക്കണം; പുതിയ സംവിധാനം ഇങ്ങനെ

തിരുവനന്തപുരം: രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ ലൈസന്‍സ് ടെസ്റ്റ് പൂര്‍ണമായും കംപ്യൂട്ടര്‍ നിയന്ത്രണത്തിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി സംസ്ഥാനത്തും ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. സെന്‍സര്‍, സി സി ടി വി ക്യാമറകള്‍, വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയെല്ലാ ഉള്‍പ്പെടുന്ന കേരളത്തിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം എറണാകുളം പുത്തന്‍കുരിശില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.

ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പ്രത്യേകമായി ഒരുക്കിയ ഗ്രൗണ്ടുകളിലാണ് നടത്തുക. ലൈസന്‍സ് എടുക്കേണ്ട വ്യക്തി വാഹനമോടിക്കുമ്‌ബോള്‍ ഗ്രൗണ്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ഡ്രൈവിംഗ് സ്‌കൂളുകാര്‍ തുടങ്ങി ആരും ഉണ്ടാവില്ല. കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് ടെസ്റ്റ് നിയന്ത്രിക്കുന്ന വ്യക്തി സിഗ്‌നല്‍ നല്‍കുന്നതോടെ വാഹനമോടിച്ചു തുടങ്ങാം. ശേഷം എല്ലാം കമ്ബ്യൂട്ടറിന്റെ നിയന്ത്രണത്തിലായിരിക്കും. വാഹനമോടിക്കുന്ന വ്യക്തിയുടെ ഓരോ ചലനങ്ങളും ഗ്രൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെ കമ്ബ്യൂട്ടര്‍ ഒപ്പിയെടുക്കും.

അതേസമയം, വാഹനമോടിക്കുന്ന വ്യക്തി ട്രാക്ക് പൂര്‍ത്തിയാക്കുമ്‌ബോള്‍ ഈ ദൃശ്യങ്ങള്‍ വിശകലനം ചെയ്യുന്ന കമ്ബ്യൂട്ടര്‍ അയാള്‍ ടെസ്റ്റ് വിജയിച്ചോ പരാജയപ്പെട്ടോ എന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിലയിരുത്തും. ടെസ്റ്റ് നടക്കുമ്‌ബോള്‍ വാഹനം ട്രാക്ക് മറികടന്നോ എന്ന് സെന്‍സറുകള്‍ തിരിച്ചറിയുകയും അത് പ്രത്യേക നിറത്തില്‍ കമ്ബ്യൂട്ടറില്‍ കാണിക്കുകയും ചെയ്യും. കാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ആറുമാസം വരെ സൂക്ഷിച്ചുവയ്ക്കും. ഇതിനുള്ളില്‍ ടെസ്റ്റിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നേരിട്ട് നല്‍കാം.