ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട 17 പേർ പാർട്ടിയിലേക്ക് തിരിച്ചെത്തി; ഭാരത് ജോഡോ യാത്ര പുത്തൻ പ്രതീക്ഷ നൽകുന്നുവെന്ന് നേതാക്കൾ

ന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട 17 പേർ പാർട്ടിയിലേക്ക് മടങ്ങിയെത്തി. കശ്മീർ മുൻ ഉപമുഖ്യമന്ത്രിയും മുൻ പി സി സി അധ്യക്ഷനും എംഎൽഎമാരും ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് വ്യക്തമാക്കി.

തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാർട്ടിയോടും ജനങ്ങളോടും ക്ഷമാപണം നടത്തുന്നുവെന്നും മുൻ പിസിസി അധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയ്യിദ് അറിയിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര പുത്തൻ പ്രതീക്ഷ നൽകുന്നുവെന്നും കശ്മീരിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാർട്ടി വിട്ടവർ തറവാട്ടിലേക്ക് തിരികെ വരുന്നുവെന്നും സന്തോഷത്തിന്റെ നിമിഷങ്ങളാണിതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. കൂടുതൽ ആളുകളെ ഭാരത് ജോഡോ യാത്ര കോൺഗ്രസിലേക്ക് അടുപ്പിക്കുന്നു. പോയവർ ഇനിയും തിരികെ വരും. സമാനമനസ്‌കരായ പാർട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസിനൊപ്പം വരും ദിവസങ്ങളിൽ കൂടിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.