9000കോടി രൂപ ചെലവിട്ട് നിർമ്മാണം; ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായി പണിത ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിക്കുക. പത്തുവരിയുള്ള പാതയാണിത്. ഈ പാത തുറക്കുന്നതോടെ ബെഗളൂരു-മൈസൂരു യാത്രാസമയം ഒരു മണിക്കൂർ 20 മിനിറ്റായി കുറയും. 117 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം.

9000 കോടി രൂപ ചെലവഴിച്ചാണ് പാതയുടെ നിർമ്മാണം നടത്തിയത്. രണ്ട് ഘട്ടങ്ങളായിട്ടാണ് പാത നിർമിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നിഡഗട്ടവരെയാണ് ഒന്നാം ഘട്ടം. നിഗട്ട മുതൽ മൈസൂരു വരെ രണ്ടാം ഘട്ടം. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുന്നതിനുവേണ്ടി പാതകളിൽ സാറ്റലൈറ്റ് ടൗൺഷിപ്പുകൾ സ്ഥാപിക്കണമെന്ന് നിതിൻ ഗഡ്കരി നിർദ്ദേശിച്ചു. കർണാടകത്തിൽ രണ്ടുലക്ഷം കോടി രൂപയുടെ 8005 കിലോമീറ്റർ റോഡ് പദ്ധതിയാണ് ദേശീയ പാതാ അതോറിറ്റി നടത്തിവരുന്നതെന്നും അദ്ദേഹം അറിയിച്ചു.

പുതിയ പദ്ധതി പൂർത്തീകരണത്തോടെ പുത്തൻ സാധ്യതകൾക്കും വ്യവസായ നിക്ഷേപങ്ങൾക്കും വഴിതുറക്കും. വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും ഇത് സഹായകമാകും. ബെംഗളൂരു-ചെന്നൈ അതിവേഗപാത അടുത്തവർഷം മാർച്ചോടെ പൂർത്തിയാകും. 262 കിലോമീറ്റർ ദൈർഘ്യമുള്ള എട്ടുവരിപ്പാത 16,730 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. കർണാടകം, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. കർണാടകത്തിലെയും ആന്ധ്രാപ്രദേശിലെയും വ്യവസായ ഹബ്ബുകളെ ബന്ധിപ്പിക്കുന്നതാകും പാതയെന്നും ബെംഗളൂരുവിലെയും ചെന്നൈയിലെയും സാമ്പത്തിക പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.