സുപ്രീം കോടതി കൊളീജിയം ശുപാർശ; 44 ശുപാർശകളിൽ ശനിയാഴ്ച്ച തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഹൈക്കോടതികളിലെ ഉൾപ്പെടെ ജഡ്ജി നിയമനത്തിനായുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 44 ശുപാർശകളിൽ ശനിയാഴ്ച്ച തീരുമാനം സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

കൊളീജിയം ശുപാർശകളിൽ കേന്ദ്രസർക്കാർ തീരുമാനം വൈകിപ്പിക്കുന്നതിനെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിക്കവെയായിരുന്നു കേന്ദ്രം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സുപ്രീം കോടതി കൊളിജീയം നൽകിയ 104 ശുപാർശകളിൽ ഇതുവരെ തീരുമാനം സ്വീകരിച്ചിട്ടില്ല. ഇതിൽ 44 എണ്ണത്തിലാണ് ശനിയാഴ്ച്ച തീരുമാനമെടുക്കുക. അധികം താമസിയാതെ മറ്റു ശുപാർശകളിലും തീരുമാനമുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു. കൊളീജിയം ശുപാർശകൾ വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പല തവണ കേന്ദ്ര സർക്കാരിനോട് അതൃപ്തി അറിയിച്ചിരുന്നു.