പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴച്ച; ഇപിയുടെ നടപടിയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. ജാവദേക്കറെ കണ്ടത് ജയരാജൻ മൂടി വച്ചത് അതീവ ഗൗരവത്തോടെ സിപിഎം ചർച്ച ചെയ്യുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

ഇ പി ജയരാജനെതിരെ അച്ചടക്ക നടപടിയെടുക്കുന്ന കാര്യം കേന്ദ്ര കമ്മിറ്റി ആലോചിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ബിജെപിയുടെ മുതിർന്ന നേതാവുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തി എന്നത് നിസാരമായി തള്ളാനാവില്ലെന്ന നിലപാടിലാണ് നേതാക്കൾ.

രാഷ്ട്രീയ നേതാക്കൾ തമ്മിൽ കാണുന്നത് സാധാരണമാണ്. എന്നാൽ ബിജെപി നേതാവ് സിപിഎം സിസി അംഗത്തെ വീട്ടിൽ വന്ന് കാണുന്നത് അസാധാരണമാണ്. അങ്ങനെയൊരു കൂടിക്കാഴ്ച നടന്ന ശേഷവും ജയരാജൻ പാർട്ടിയെ ഇക്കാര്യം അറിയിച്ചില്ല. ഇത് അറിയിക്കേണ്ട ബാധ്യതയുണ്ടായിരുന്ന നേതാവ് ഇക്കാര്യം മൂടിവച്ച് പാർട്ടിവിരുദ്ധമാണെന്നാണ് നേതാക്കൾ അഭിപ്രായപ്പെടുന്നതെന്നാണ് പുറത്തു വരുന്ന വിവരം.