വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ രാജ്യത്ത് സ്ഥാപിക്കും; നടപടികളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ. യേൽ, ഓക്‌സ്‌ഫോർഡ്, സ്റ്റാൻഫോർഡ് തുടങ്ങിയ പ്രമുഖ വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ ആദ്യമായി രാജ്യത്ത് സ്ഥാപിക്കുന്നതിന് അനുവാദം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായാണ് നടപടി.

വിഷയത്തിൽ പൊതുജനാഭിപ്രായം തേടുന്നതിനായുള്ള കരട് നിയമം യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷൻ റെഗുലേഷൻ വ്യാഴാഴ്ച പുറത്തിറക്കി. വിദ്യാർത്ഥികളുടെ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ, ഫീസ് ഘടന, സ്‌കോളർഷിപ്പ് തുടങ്ങിയ കാര്യങ്ങൾ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നാണ് കരട് നിയമത്തിൽ വ്യക്തമാക്കുന്നത്. അദ്ധ്യാപകരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിനുള്ള അവകാശവും സ്ഥാപനങ്ങൾക്കായിരിക്കും.

ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന ചെലവിൽ വിദേശ കോഴ്‌സുകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നേടാനും രാജ്യത്തെ ആഗോള പഠന കേന്ദ്രമാക്കി മാറ്റാനുമുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.