National (Page 318)

ന്യൂഡൽഹി: പോലീസ്, സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ തുടങ്ങിയ അന്വേഷണ ഏജൻസികൾ ഫയൽ ചെയ്യുന്ന കുറ്റപത്രങ്ങൾ ഓൺലൈനിൽ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. അന്വേഷണ ഏജൻസികൾ ഫയൽ ചെയ്യുന്ന കുറ്റപത്രങ്ങൾ പൊതു രേഖ അല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്. അതിനാൽ അവ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യണമെന്ന് നിർദ്ദേശിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു.

കുറ്റപത്രങ്ങൾ പരസ്യപ്പെടുത്തുന്നത് ക്രിമിനൽ നടപടി ചട്ടത്തിന്റെ ലംഘനമാണ്. കുറ്റപത്രം പരസ്യപ്പെടുത്തുന്നത് പ്രതിയുടേയും ഇരയുടെയും അവകാശത്തെ ഹനിക്കും. തെളിവ് നിയമത്തിന്റെ പരിധിയിൽ വരുന്ന പൊതു രേഖ അല്ല കുറ്റപത്രമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ന്യൂഡല്‍ഹി: ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനും പരിശീലകര്‍ക്കുമെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ കൂടികാഴ്ച നടത്തി.

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, സാക്ഷി മാലിക് അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന്റെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്നും ഡബ്ല്യു എഫ് ഐ പുനഃസംഘടിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. ഗുസ്തി താരങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ആരോപണങ്ങള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാന്‍ ഡബ്ല്യു എഫ് ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുരാഗ് സിംഗ് ഠാക്കൂര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഗുസ്തിക്കാര്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗുസ്തി താരങ്ങളുടെ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുവെന്നും കായികതാരങ്ങളുടെ ക്ഷേമത്തിനാണ് ഏറ്റവും മുന്‍ഗണനയെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ ട്വീറ്റ് ചെയ്തു. താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായും പി ടി ഉഷ അറിയിച്ചു.

ന്യൂഡൽഹി: അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജി ആക്കുന്നതിൽ നിന്ന് തടയാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി കൊളീജിയം. സൗരഭ് കൃപാൽ ഉൾപ്പടെ നാല് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന ശുപാർശ വീണ്ടും കേന്ദ്ര സർക്കാരിന് അയച്ചാണ് സുപ്രീം കോടതി കൊളീജിയം ഇത്തരമൊരു നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ കൊളീജിയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ചേർന്ന സുപ്രീം കോടതി കൊളീജിയം ആണ് സ്വവർഗാനുരാഗിയും അഭിഭാഷകനുമായ സൗരഭ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജി ആയി നിയമിക്കണമെന്ന ശുപാർശ വീണ്ടും കേന്ദ്ര സർക്കാരിന് അയക്കാൻ തീരുമാനിച്ചത്. സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാർശ നേരത്തെ കേന്ദ്രം മടക്കിയിരുന്നു. സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്‌സർലൻഡ് എംബസിയിൽ ജോലിചെയ്യുന്ന വിദേശ പൗരൻ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഈ ശുപാർശ തള്ളിയത്.

ഭരണഘടനാപദവി വഹിക്കുന്ന പലരുടെയും പങ്കാളികൾ വിദേശികളാണെന്ന് കൊളീജിയം വ്യക്തമാക്കി. സ്വിസ്റ്റർലൻഡ് ഇന്ത്യയുടെ സൗഹൃദ രാജ്യമാണെന്നും കൊളീജിയം അറിയിച്ചിരുന്നു. സ്വവർഗാനുരാഗി ആണെന്ന് ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന് ജഡ്ജിസ്ഥാനം നിഷേധിക്കുന്നത് തെറ്റാണ്. ലൈംഗികാഭിമുഖ്യത്തിനനുസരിച്ച് അഭിമാനത്തോടെയും അന്തസോടെയും ജീവിക്കാൻ പൗരന് അവകാശമുണ്ടെന്ന് ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികാഭിമുഖ്യം കൃപാൽ മറച്ചുവെച്ചിട്ടില്ലെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും പരിശീലകരും ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂർ. അനുരാഗ് ഠാക്കൂറിന്റെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും ചില പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിക്കുന്നവെന്നാരോപിച്ചാണ് താരങ്ങൾ പ്രതിഷേധം നടത്തുന്നത്. ഡബ്ല്യുഎഫ്‌ഐ പുനഃസംഘടിപ്പിക്കണമെന്നും ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ലെന്നുമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്ന ആവശ്യം.

ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും ആരോപണങ്ങൾക്ക് 72 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ ദേശീയ ഗുസ്തി ഫെഡറേഷനോട് (ഡബ്ല്യുഎഫ്ഐ) ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഗുസ്തി താരങ്ങൾക്കൊപ്പമാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗുസ്തി താരങ്ങളുടെ നിലവിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നുവെന്നും കായികതാരങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ അറിയിച്ചു. താരങ്ങൾക്ക് നീതി ഉറപ്പാക്കാൻ അന്വേഷണം ഉറപ്പാക്കുമെന്നും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായും പി ടി ഉഷ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. സാമ്രാജ്യത്വ മാനസികാവസ്ഥ വ്യക്തമാക്കുന്നതാണ് ഡോക്യുമെന്ററിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘ ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ ‘ എന്ന ഡോക്യുമെന്ററി സീരീസിനെതിരെയാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്.

ഡോക്യുമെന്ററി വസ്തുതകൾക്ക് നിരക്കാത്തതും മുൻവിധിയോടെയുള്ളതുമാണ്. ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എന്തു പറഞ്ഞുവെന്നത് ഇന്ത്യയെ ബാധിക്കുന്ന കാര്യമല്ല. ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ സംപ്രേഷണം ഇല്ലെന്നത് ബി.ബി.സിയുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷ് സർക്കാർ ഗുജറാത്ത് കലാപത്തെക്കുറിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. റിപ്പോർട്ടിലെ വിവരങ്ങളാണ് തങ്ങൾ പുറത്തുവിടുന്നതെന്നായിരുന്നു ബി.ബി.സി ഡോക്യുമെന്ററിയിൽ അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസമാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്. ജനുവരി 24 നാണ് ഡോക്യുമെന്ററിയുടെ അടുത്ത ഭാഗ സംപ്രേക്ഷണം ചെയ്യുന്നത്.

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വധശ്രമകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടപ്പെട്ടത്. ശേഷം ഇന്നലെയാണ് ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവേളയില്‍ ലക്ഷദ്വീപിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

അതേസമയം, മുന്‍ എംപിയുടെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചാല്‍ മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ഇല്ലാതാകും. വധശ്രമക്കേസില്‍ 10 വര്‍ഷം ശിക്ഷിച്ചതിനാലാണ് ചട്ടപ്രകാരം ലോക്‌സഭാ സെക്രട്ടറി, എംപിയായ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. എന്നാല്‍ സെഷന്‍ കോടതിക്ക് മുകളിലുള്ള മേല്‍ക്കോടതികള്‍ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയാണെങ്കില്‍ അയോഗ്യത ഇല്ലാതാകും.

ശിക്ഷ റദ്ദാക്കണമെന്നതും, ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ജാമ്യത്തില്‍ വിടണമെന്നുമുള്ള കവരത്തി കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസലിന്റെ രണ്ട് ഹര്‍ജികള്‍ നിലവില്‍ ഹൈക്കോടതിയ്ക്ക് മുന്നിലുണ്ട്. ജയില്‍ മോചിതനാക്കണമെന്ന ആവശ്യത്തില്‍ വെള്ളിയാഴ്ച കോടതി വിധി പറയും. എന്നാല്‍ ഇത് കൊണ്ട് കൊണ്ട് അയോഗ്യത മാറില്ല. പിന്നാലെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും വാദം നടത്താനാണ് തീരുമാനം. അനുകൂല വിധി വന്നാല്‍ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ ഉത്തരവ് ഇല്ലാതാവുകയും തെരഞ്ഞെടുപ്പ് ഇല്ലാതാവുകയും ചെയ്യും.

ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിന്റെ കൈ കാറില്‍ കുരുക്കി വലിച്ചിഴച്ചെന്ന് പരാതി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഡല്‍ഹി എയിംസ് ഹോസ്പിറ്റലിനു സമീപമായിരുന്നു സംഭവം. കേസില്‍ നാല്‍പ്പത്തേഴുകാരനായ കാര്‍ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ അറസ്റ്റ് ചെയ്തു. സംഭവ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം, തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ രാത്രികാലത്ത് നേരിടുന്ന വെല്ലുവിളികള്‍ പരിശോധിക്കാനെത്തിയതായിരുന്നു സ്വാതി മലിവാളും സംഘവും. സംഭവത്തില്‍ കര്‍ശന നടപടിക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷ നിര്‍ദ്ദേശം നല്‍കി.

പുലര്‍ച്ചെ എയിംസ് ആശുപത്രിയുടെ സമീപത്തു നില്‍ക്കെ കാറില്‍ അടുത്തെത്തിയ ഹരീഷ് ചന്ദ്ര, വാഹനത്തിനുള്ളില്‍ കയറാന്‍ തന്നെ നിര്‍ബന്ധിച്ചതായാണ് സ്വാതി മലിവാള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഹരീഷ് ചന്ദ്ര മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും പരാതിയിലുണ്ട്. കാറിനുള്ളില്‍ കയറാന്‍ സ്വാതി മലിവാള്‍ വിസമ്മതിച്ചതോടെ മുന്നോട്ടു നീങ്ങിയ ഹരീഷ് ചന്ദ്ര, പെട്ടെന്ന് യു-ടേണ്‍ എടുത്ത് വീണ്ടും അടുത്തേക്കു വന്നു. കാറിനുള്ളില്‍ കയറാന്‍ വീണ്ടും നിര്‍ബന്ധിച്ചതോടെ, ഹരീഷ് ചന്ദ്രയെ പിടികൂടുന്നതിനായി സ്വാതി ഡ്രൈവിങ് സീറ്റിനു സമീപത്തേക്കു ചെന്നു. ഉള്ളിലേക്ക് കയ്യിട്ട് ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും, പെട്ടെന്നു തന്നെ വിന്‍ഡോ ഗ്ലാസ് ഉയര്‍ത്തി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് സ്വാതിയുടെ കൈ കാറിനുള്ളില്‍ കുടുങ്ങിയത്. കാറില്‍ കൈ കുരുങ്ങിയ സ്വാതിയെ, 15 മീറ്ററോളം വലിച്ചിഴച്ചതായാണ് വിവരം. ഇതിനിടെ സ്വാതി സ്വയം കൈ കാറിനുള്ളില്‍ നിന്ന് ഊരിയെടുക്കുകയായിരുന്നു.

ന്യൂഡൽഹി: ഐടി നിയമത്തിലെ ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം പുറത്തിറക്കിയ കരടു രേഖയിലാണ് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്കിങ് വിഭാഗം വ്യാജമാണെന്ന് കണ്ടെത്തിയ വാർത്ത ഓൺലൈൻ മാധ്യമങ്ങളിലോ, സമൂഹ മാധ്യമങ്ങളിലോ ഉണ്ടാകാൻ പാടില്ലെന്ന കരടു രേഖക്കെതിരെയാണ് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

സെൻസർഷിപ്പിന് സമാനമാണ് കേന്ദ്ര നിർദേശമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. 2021 ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. വ്യാജ വാർത്തകളുടെ നിർണയം സർക്കാരിന്റെ മാത്രം കൈകളിൽ ആകാൻ കഴിയില്ലെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അറിയിച്ചു.

മാധ്യമങ്ങളുടെ സെൻസർഷിപ്പിന് പുതിയ നിയമം കാരണമാകും. വസ്തുതാപരമായി തെറ്റാണെന്ന് കണ്ടെത്തിയ ഉള്ളടക്കം കൈകാര്യം ചെയ്യാൻ ഇതിനകം തന്നെ ഒന്നിലധികം നിയമങ്ങൾ നിലവിലുണ്ട്. പുതിയ നിയമം സ്വതന്ത്ര മാധ്യമങ്ങളുടെ വായ മൂടാൻ എളുപ്പമാക്കും. 2021 മാർച്ചിൽ ആദ്യമായി ഐടി നിയമങ്ങൾ അവതരിപ്പിച്ചപ്പോൾ ഗിൽഡ് ആശങ്ക അറിയിച്ചിരുന്നു.

ഈ നിയമങ്ങളിലെ വിവിധ വ്യവസ്ഥകൾ ഡിജിറ്റൽ വാർത്താ മാധ്യമങ്ങളിൽ അകാരണമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. പുതിയ ഭേദഗതി പൂർണമായും റദ്ദാക്കണമെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കാതിരിക്കാൻ മാധ്യമ സംഘടനകളോടക്കം സർക്കാർ കൂടിയാലോചനകൾ നടത്തണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമാണ് കെ വി തോമസ്. നേരത്തെ എ സമ്പത്ത് വഹിച്ചിരുന്ന പദവിയാണ് കെ വി തോമസിന് നൽകുന്നത്.

സമ്പത്തിനെ കേരളത്തിന്റെ പ്രതിനിധിയായി നിയമിച്ചപ്പോൾ ക്യാബിനറ്റ് റാങ്കും സ്വന്തമായി ഓഫീസും സ്റ്റാഫും താമസസൗകര്യവും ഉൾപ്പെടെ അദ്ദേഹത്തിന് ലഭിച്ചിരുന്നു. കേന്ദ്ര സർക്കാരുമായുള്ള കേരള സർക്കാരിന്റെ ലെയ്സൺ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം. എം.പി എന്ന നിലയിലുള്ള സമ്പത്തിന്റെ പ്രവർത്തിപരിചയം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പദവി നൽകിയതെന്നായിരുന്നു മുഖ്യമന്ത്രി അന്ന് അറിയിച്ചിരുന്നത്.

പുതിയ നിയമനം സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തു വന്നിട്ടില്ല. ഉത്തരവ് പുറത്തിറങ്ങിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

ദേശീയ ക്യാംപുകളില്‍ വച്ച് പരിശീലകനും ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ ശര്‍മയും ഉള്‍പ്പെടെയുള്ളവര്‍ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ഗുസ്തി താരം വിനേഷ് ഫൊഗട്ട്. ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തന രീതികള്‍ക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ശര്‍മയ്ക്കും പരിശീലകര്‍ക്കുമെതിരെ താരങ്ങള്‍ ലൈംഗികാരോപണം നടത്തിയത്.

ചില പരിശീലകര്‍ വര്‍ഷങ്ങളായി താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവരാണ്. ഫെഡറേഷന്‍ അധികൃതരില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും വിനേഷ് ഫൊഗട്ട് ആരോപിച്ചു. വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക്ക് എന്നിവര്‍ക്കു പുറമെ ബജ്റങ് പുനിയ, സംഗീത ഫൊഗട്ട്, സോനം മാലിക്ക്, അന്‍ഷു എന്നിവരുള്‍പ്പെടെ പ്രശസ്തരായ മുപ്പത്തൊന്നു ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഗുസ്തി ഫെഡറേഷന്‍ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സഹായം ഇക്കാര്യത്തില്‍ താരങ്ങള്‍ തേടിയിട്ടുണ്ട്.

അതേസമയം, താരങ്ങളുടെ ആരോപണം ബ്രിജ് ഭൂഷണ്‍ ശര്‍മ തള്ളിക്കളഞ്ഞു. ‘ഡബ്ല്യുഎഫ്‌ഐയിലെ ആളുകള്‍ പീഡിപ്പിച്ചെന്ന് വേറെ ആരെങ്കിലും ഇതുവരെ പരാതിപ്പെട്ടിട്ടുണ്ടോ? വിനേഷ് മാത്രമേ അങ്ങനെ പറഞ്ഞിട്ടുള്ളൂ. ക്യാംപില്‍ ലൈംഗിക പീഡനത്തിന് ഇരകളായെന്ന് മറ്റാരെങ്കിലും ഇതുവരെ പറഞ്ഞു കേട്ടിട്ടുണ്ടോയെന്നും’ ബ്രിജ് ഭൂഷണ്‍ ശര്‍മ ചോദിച്ചു.