National (Page 161)

ഓസ്കാർ പുരസ്‌കാരം നേടിയ ഡോക്യുമെന്റ്ററിയായ എലിഫന്റ് വിസ്‌പറേഴ്സിലെ സംവിധായിക കാർത്തികി ഗോൺസാൽവസിനെതിരെ സാമ്പത്തിക ചൂഷണ ആരോപണങ്ങളുമായി ചിത്രത്തിലൂടെ പ്രശസ്തരായ ബൊമ്മനും ബെല്ലിയും. 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംവിധായികയ്ക്ക് ഇവർ വക്കീൽ നോട്ടീസും അയച്ചു. സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്നും വീടും വാഹനവും പണവും നൽകാമെന്ന് സംവിധായിക ഉറപ്പ് നൽകിയിരുന്നതായി ദമ്പതികൾ പറയുന്നു.

സമൂഹത്തിനും മാധ്യമങ്ങൾക്കും മുന്നിൽ ചേർത്തു പിടിച്ചെങ്കിലും തങ്ങൾക്ക് ലഭിച്ച എല്ലാ സാമ്പത്തിക സഹായവും സംവിധായികയും നിർമാതാക്കളും തട്ടിയെടുത്തെന്നും ആരോപണമുണ്ട്. പണം ചോദിച്ചു വിളിച്ചാൽ കാർത്തികി ഫോൺ പോലും എടുക്കാറില്ലെന്ന് ഇവരുടെ അഭിഭാഷകൻ പ്രവീൺ രാജ് പറയുന്നു. എന്നാൽ ഇവരുടെ ആരോപണങ്ങൾ തെറ്റാണെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ സിഖ്യ എന്റെർടെയിൻമെൻറ്സ് പറയുന്നത്.

ബാർബഡോസ് : ആദ്യ ട്വന്റി – 20 വെസ്റ്റ് ഇൻഡീസിനെതിരായി തോറ്റതിന് പിന്നാലെ ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയുമായി ഐ സി സി. സ്ലോ ഓവർ റേറ്റിന്റെ പേരിലാണ് ഇന്ത്യയ്ക്ക് പിഴ വന്നിരിക്കുന്നത്. യഥാ സമയം ഓവറുകൾ പൂർത്തിയാക്കാൻ ടീമിന് കഴിയാത്തതിനാൽ മാച്ച് ഫീസിന്റെ 5 % ടീം പിഴയായി ഒടുക്കേണ്ടി വരും. പിഴയായി ഐ സി സി വെസ്റ്റ് ഇൻഡീസിന് ടീമിന് നൽകിയിരിക്കുന്നത് മാച്ച് ഫീസിന്റെ 10 %ആണ്.

എലീറ്റ് പാനൽ അംഗം റിച്ചി റിച്ചാർഡ്സനാണ് ടീമുകൾക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. രണ്ട് ടീമിന്റെയും ക്യാപ്റ്റന്മാർ ശിക്ഷ അംഗീകരിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിട്ടുണ്ട്. ടീമുകൾക്കെതിരെ നടപടി വേണമെന്ന് ഓൺ ഫീൽഡ് അമ്പയർമാരും തേർഡ് അമ്പയറും നേരത്തെ നിലപാട് എടുത്തിരുന്നു. ആദ്യത്തെ മാച്ചിൽ 4 റൺസിനാണ് വെസ്റ്റിൻഡീസ് ഇന്ത്യയെ തോൽപ്പിച്ചത്. 6 വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 149 റൺസ് എടുത്തപ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ145 റൺസാണ് ഇന്ത്യനേടിയത്.

ഡൽഹി : മണിപ്പൂർ വിഷയത്തിൽ പരിഹാരം കാണാൻ ഹൈക്കോടതി പ്രത്യേക സമിതിയെ നിയോഗിച്ചു. മുൻ ഹൈക്കോടതി ജഡ്ജി ഗീത മിത്തൽ, ശാലിനി ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരാണ് സമിതിയിലുള്ളത്. മനുഷ്യാവകാശ വിഷയങ്ങൾ, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

പ്രത്യേക അന്വേഷണം നടത്തുന്നതിനായി മുൻ ഐ പി എസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനോടൊപ്പം സമിതിക്ക് സുരക്ഷ ഉറപ്പാക്കാൻ മണിപ്പൂർ സർക്കാരിനോട് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്. കോടതി ഈ വിഷയം പരിഗണിക്കവെ മണിപ്പൂരിൽ നിന്നുള്ള അഭിഭാഷകൻ വികാരാധീതനായി. ദേശീയ പാതകളിൽ സ്വന്തമായി പരിശോധന നടത്താൻ സംഘമുണ്ടെന്നും അവർ റോഡ് തടഞ്ഞു പണം വാങ്ങുന്നുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കാശ്മീർ: മാർച്ച് 2024 ൽ കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന റെയിൽ പാത സ്ഥാപിക്കുമെന്ന് ജമ്മു കാശ്‍മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് അദ്ദേഹം ഇത്തരമൊരു പരാമർശം ഉന്നയിച്ചത്. വീഡിയോ കോൺഫറൻസ് വഴിയുള്ള ഉദ്ഘാടനത്തിൽ ഇന്ത്യയിലെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് ആവശ്യമായ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. ഉദ്ദംപൂർ, ബുദ്ഗാം,ജമ്മുതാവി എന്നീ സ്റ്റേഷനുകളെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയതിൽ സിൻഹ നരേന്ദ്രമോദിയോട് നന്ദി പറഞ്ഞു.

റെയിൽ പാതകൾ സമൂഹത്തിന്റെ ജീവരേഖയാണെന്നും വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനോടൊപ്പം ജനങ്ങളുടെജീവിത നിലവാരം ഉയർത്താനും ഇവ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാരാമുള്ള – ബനിഹാൽ, ന്യു ബാരാമുള്ള – ഉറി, അവന്തിപോറ – ഷോപിയാൻ, സോപോർ – കുപ്വാര, അനന്ത് നാഗ്-ബിജ്‌ബെഹ്‌റ -പഹൽഗാം എന്നിവയുടെ പാത ഇരട്ടിപ്പിക്കലിനും ജമ്മുവിലെ അഞ്ച് ഫൈനൽ ലൊക്കേഷൻ സർവേ പ്രവർത്തനങ്ങൾക്കും റെയിൽവേ അനുമതി നൽകിയെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ന്യൂഡൽഹി: ചന്ദ്രബോസ് വധക്കേസിൽ കുറ്റവാളിയായ മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ അപ്പീൽ അന്തിമ വാദം കേൾക്കുന്നതിനായി മാറ്റിവെച്ച് സുപ്രീം കോടതി. ഒരു മാസത്തേക്കാണ് ഹർജി കോടതി മാറ്റിവെച്ചത്. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

കേസിൽ നിഷാം നൽകിയ ജാമ്യാപേക്ഷയും അന്തിമ വാദം കേൾക്കുന്ന സമയത്ത് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാണ് മുഹമ്മദ് നിഷാമിന് വേണ്ടി ഹാജരായത്. മുഹമ്മദ് നിഷാമിന്റേത് വെറും വാഹനാപകട കേസ് മാത്രമാണെന്നാണ് മുകുൾ റോത്തഗി വ്യക്തമാക്കുന്നത്. വെറും വാഹനാപകടക്കേസിൽ എന്തിനാണ് കൊലക്കുറ്റം ചുമത്തിയതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഇത് വെറും വാഹനാപകട കേസല്ലെന്നും ഭയാനകമായ അപകടക്കേസാണെന്നും ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് എഎസ് ബൊപ്പണ്ണ പറഞ്ഞു. ഒമ്പത് വർഷമായി നിഷാം തടവിൽ കഴിയുകയാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും മുകുൾ റോത്തഗി ആവശ്യപ്പെട്ടു. ഇക്കാലയളവിൽ ഒരു മാസം മാത്രമാണ് നിഷാമിന് പരോൾ ലഭിച്ചതെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചിരുന്നു. ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെ നിഷാം നൽകിയ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

2015 ജനുവരി 29-നായരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശ നിർമിത വാഹനമായ ഹമ്മറിൽ എത്തിയ നിഷാമിന് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിന്റെ പേരിലാണ് അദ്ദേഹത്തെ ആക്രമിച്ചത്. രക്ഷപ്പെടാനായി ഓടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് നിഷാം ഇടിച്ചുവീഴ്ത്തുകയായിരുന്നു.

തൃശൂർ : കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന്റെ അമർഷത്തിൽ വൻ ഭീകരാക്രമണത്തിന് ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നതായി മൊഴി പുറത്ത്. ശനിയാഴ്ച് കാട്ടൂരിൽ നിന്നും എൻ ഐ എ യുടെ പിടിയിലായ ഷിയ സിദ്ധിഖ് ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. പ്രതിയെ എൻ ഐ എ കോടതിയിൽ ഹാജരാക്കി 30 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തെങ്കിലും വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയേക്കും.എല്ലാ ജില്ലയിലും ഐസിസിന് യൂണിറ്റ് ഉണ്ടെന്ന് നേരത്തെ സത്യമംഗലത്ത് നിന്ന് പിടി കൂടിയ ആഷിഫ് വ്യക്തമാക്കിയിരുന്നു.

ഐസിസുമായി ടെലഗ്രാം ഗ്രൂപ്പിലൂടെ ചാറ്റ് നടത്തിയ മുപ്പതോളം പേർ എൻ ഐ എ യുടെ നിരീക്ഷണത്തിലാണ്. ജൂലൈ 19 ന് അറസ്റ്റിലായ ആഷിഫ്,സെയ്ദ് നബീൽ അഹമ്മദ്, ഷിയാസ് ,റായീസ് എന്നിവരുടെ കൈയ്യിൽ നിന്ന് ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഐസിസ് കേരളത്തിലെ ചില ആരാധനാലയങ്ങൾക്ക് നേരെയും ചില സാമുദായിക വ്യക്തികൾക്ക് നേരെയും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായ വിവരം ഇവരിൽ നിന്ന് ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് എൻ ഐ എ പറയുന്നത്.

ന്യൂഡൽഹി: രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്.

കേരളത്തിലെ അഞ്ച് സ്റ്റേഷനുകളാണ് നവീകരിക്കുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഷൊർണൂർ ജംഗ്ഷൻ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട് എന്നീ സ്റ്റേഷനുകളും മംഗളുരു ജംഗ്ഷൻ, നാഗർകോവിൽ എന്നിവിടങ്ങളുമാണ് നവീകരിക്കുന്നത്. ഇതുൾപ്പെടെ ദക്ഷിണ റെയിൽവേയിലെ 25 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.

തറക്കല്ലിട്ട 508 സ്റ്റേഷനുകളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 25000 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ നവീകരിക്കുന്നത്. 55 എണ്ണം വീതമാണ് ഇവിടെ നവീകരിക്കുന്നത്.

നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, പാർക്കിംഗ് സൗകര്യം, വിശ്രമമുറികൾ, നിരീക്ഷണ ക്യാമറ, ജനറേറ്ററുകൾ. യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

ന്യൂ ഡൽഹി : സംസ്ഥാനങ്ങളുടെ അധീനതയിലുള്ള ലൈബ്രറികളിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും പൊതു അധികാരം നൽകാനായി നീക്കങ്ങൾ നടത്തി കേന്ദ്ര സാംസ്കാരിക മന്ത്രാലയം. രണ്ട് ദിവസം ഡൽഹിയിൽ വച്ച് നടന്ന ‘ ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസ് -2023’ ലാണ് ഇതിനെപറ്റി ചർച്ചകളുണ്ടായത്. ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളെ സംബന്ധിച്ച് സൂചന നൽകിയത് രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ അജയ് പ്രതാപ് സിംഗാണ്. സംസ്ഥാനങ്ങളിലെ ലൈബ്രറികൾ ഈ വിഷയത്തിൽ പ്രമേയം പാസ്സാക്കാനും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് അവ നൽകാനും ചടങ്ങിൽ നിർദ്ദേശമുയർന്നിരുന്നു.

ഗ്രന്ഥലോകം എഡിറ്റർ പി വി കെ പനയാൽ, ഭാരവാഹികളായ എ പി ജയൻ, മംഗലത്ത് ചന്ദ്രൻ എന്നിവർ അടങ്ങുന്ന ഇരുപത്തിമൂന്നോളം പ്രതിനിധികളാണ് ഈ യോഗത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്തത്. ലൈബ്രറികളുടെ സ്വയംഭരണസ്വഭാവം ഈ നിയമം വന്നാൽ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കേന്ദ്ര സർക്കാരിനോട് എതിർപ്പറിയിച്ചിരുന്നു. പൗരാണിക സംസ്കാരം ലോകത്തിന് മുന്നിൽ ഉയർത്തിപിടിക്കാനാണ് പുതിയ നീക്കമെന്ന് കേന്ദ്രം യോഗത്തിൽ വാദിച്ചു. വായന ശീലങ്ങളിലും സംഘപരിവാർ ആശയം കൊണ്ടു വരാനാണ് ശ്രമമെന്ന് വിമർശനമുയരുന്നുണ്ട്.

ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി പ്രതിപക്ഷം വികസന വിരോധികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയും കുടുംബാധ്യപത്യവും ഇന്ത്യ വിടണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യ’ സഖ്യത്തെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ വികസനത്തെ ചിലർ എതിർക്കുകയാണ്. രാജ്യത്തെ വികസനത്തിന് കാരണം മുപ്പതു കൊല്ലത്തിനു ശേഷം ഒറ്റപാർട്ടിക്ക് ഭൂരിപക്ഷമുള്ള സർക്കാർ വന്നതാണെന്ന് അദ്ദേഹം അറിയിച്ചു. കൂട്ടുകക്ഷി സർക്കാരിനുള്ള സാഹചര്യമൊരുക്കരുതെന്ന സന്ദേശവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.

രാജ്യത്തെ ഐക്യം തകർക്കാൻ നോക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിഭജനത്തിന്റെ ദിനമായ ഓഗസ്റ്റ് പതിനാല് ഓർമിപ്പിക്കുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വീടുകളിൽ പതാക ഉയർത്തുന്ന ഹർഘർ തിരംഗ പരിപാടി ഇത്തവണയും ആചരിക്കണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നതിന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) അംഗീകാരം നൽകിയതായി റിപ്പോർട്ട്. ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് നിലവിൽ വിഷയം. ശനിയാഴ്ചകൾ ബാങ്ക് അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കഴിഞ്ഞ മാസം 28-ന് ചേർന്ന ഇന്ത്യൻ ബാങ്കിങ് അസോസിയേഷന്റെ യോഗത്തിൽ യൂണിയനുകൾ ഉന്നയിച്ചിരുന്നു.

തുടർന്നാണ് ഈ ആവശ്യത്തിന് ഐബിഎ അംഗീകാരം നൽകിയത്. പിന്നീട് ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ തിങ്കൾ മുതൽ വെള്ളി വരെയായിരിക്കും ഇനി ബാങ്കുകളുടെ പ്രവർത്തനം. അതേസമയം, ആഴ്ചയിൽ രണ്ട് ദിവസം അവധിയാകുന്ന സ്ഥിതിയുണ്ടായാൽ പ്രവർത്തനസമയം ദിവസം 45 മിനിറ്റ് വരെ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.