പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കും; ഐബിഎ അംഗീകാരം നൽകിയതായി റിപ്പോർട്ട്

ന്യൂഡൽഹി: പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നതിന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) അംഗീകാരം നൽകിയതായി റിപ്പോർട്ട്. ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് നിലവിൽ വിഷയം. ശനിയാഴ്ചകൾ ബാങ്ക് അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കഴിഞ്ഞ മാസം 28-ന് ചേർന്ന ഇന്ത്യൻ ബാങ്കിങ് അസോസിയേഷന്റെ യോഗത്തിൽ യൂണിയനുകൾ ഉന്നയിച്ചിരുന്നു.

തുടർന്നാണ് ഈ ആവശ്യത്തിന് ഐബിഎ അംഗീകാരം നൽകിയത്. പിന്നീട് ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ തിങ്കൾ മുതൽ വെള്ളി വരെയായിരിക്കും ഇനി ബാങ്കുകളുടെ പ്രവർത്തനം. അതേസമയം, ആഴ്ചയിൽ രണ്ട് ദിവസം അവധിയാകുന്ന സ്ഥിതിയുണ്ടായാൽ പ്രവർത്തനസമയം ദിവസം 45 മിനിറ്റ് വരെ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.