ലൈബ്രറികളുടെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങി കേന്ദ്രസർക്കാർ; ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച് കേരളം

ന്യൂ ഡൽഹി : സംസ്ഥാനങ്ങളുടെ അധീനതയിലുള്ള ലൈബ്രറികളിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും പൊതു അധികാരം നൽകാനായി നീക്കങ്ങൾ നടത്തി കേന്ദ്ര സാംസ്കാരിക മന്ത്രാലയം. രണ്ട് ദിവസം ഡൽഹിയിൽ വച്ച് നടന്ന ‘ ഫെസ്റ്റിവൽ ഓഫ് ലൈബ്രറീസ് -2023’ ലാണ് ഇതിനെപറ്റി ചർച്ചകളുണ്ടായത്. ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങളെ സംബന്ധിച്ച് സൂചന നൽകിയത് രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ അജയ് പ്രതാപ് സിംഗാണ്. സംസ്ഥാനങ്ങളിലെ ലൈബ്രറികൾ ഈ വിഷയത്തിൽ പ്രമേയം പാസ്സാക്കാനും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് അവ നൽകാനും ചടങ്ങിൽ നിർദ്ദേശമുയർന്നിരുന്നു.

ഗ്രന്ഥലോകം എഡിറ്റർ പി വി കെ പനയാൽ, ഭാരവാഹികളായ എ പി ജയൻ, മംഗലത്ത് ചന്ദ്രൻ എന്നിവർ അടങ്ങുന്ന ഇരുപത്തിമൂന്നോളം പ്രതിനിധികളാണ് ഈ യോഗത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്തത്. ലൈബ്രറികളുടെ സ്വയംഭരണസ്വഭാവം ഈ നിയമം വന്നാൽ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കേന്ദ്ര സർക്കാരിനോട് എതിർപ്പറിയിച്ചിരുന്നു. പൗരാണിക സംസ്കാരം ലോകത്തിന് മുന്നിൽ ഉയർത്തിപിടിക്കാനാണ് പുതിയ നീക്കമെന്ന് കേന്ദ്രം യോഗത്തിൽ വാദിച്ചു. വായന ശീലങ്ങളിലും സംഘപരിവാർ ആശയം കൊണ്ടു വരാനാണ് ശ്രമമെന്ന് വിമർശനമുയരുന്നുണ്ട്.