508 റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ; ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്.

കേരളത്തിലെ അഞ്ച് സ്റ്റേഷനുകളാണ് നവീകരിക്കുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഷൊർണൂർ ജംഗ്ഷൻ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട് എന്നീ സ്റ്റേഷനുകളും മംഗളുരു ജംഗ്ഷൻ, നാഗർകോവിൽ എന്നിവിടങ്ങളുമാണ് നവീകരിക്കുന്നത്. ഇതുൾപ്പെടെ ദക്ഷിണ റെയിൽവേയിലെ 25 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.

തറക്കല്ലിട്ട 508 സ്റ്റേഷനുകളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 25000 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ നവീകരിക്കുന്നത്. 55 എണ്ണം വീതമാണ് ഇവിടെ നവീകരിക്കുന്നത്.

നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, പാർക്കിംഗ് സൗകര്യം, വിശ്രമമുറികൾ, നിരീക്ഷണ ക്യാമറ, ജനറേറ്ററുകൾ. യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം നവീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നുണ്ട്.