National (Page 806)

ബെംഗളൂരു: സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടിക്കെതിരെ മുന്‍ കര്‍ണാടക ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മൈക്കിള്‍ എഫ് സല്‍ദാന രംഗത്ത്. വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘത്തിന്റെ തലവനും, അപ്പോസ്തലിക് നണ്‍സിയോക്കും സല്‍ദാന ലീഗല്‍ നോട്ടീസയച്ചു.സിസ്റ്റര്‍ ലൂസിക്കെതിരായ കത്ത് വത്തിക്കാനില്‍ നിന്നയച്ചത് റോമിലെ ഓഫീസ് അടച്ചിട്ട സമയത്താണെന്നും, കത്ത് വ്യാജമാണോ യഥാര്‍ത്ഥമാണോ എന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് സല്‍ദാന പറയുന്നു.

കോടതി വിഷയം കൈകാര്യം ചെയ്യട്ടെയെന്നും, സിസ്റ്റര്‍ ലൂസിക്ക് വേണ്ടി ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് മറ്റ് സന്യാസിനിമാര്‍ക്ക് അയച്ച കത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതി ശരിവെച്ചെന്ന് അവകാശപ്പെടുന്നത്.

ന്യൂഡല്‍ഹി: അദാനിയുടെ കമ്പനികളില്‍ നിക്ഷേപിച്ച വിദേശ കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗൗതം അദാനിക്ക് ഒരു മണിക്കൂറില്‍ നഷ്ടമായത് 73,000 കോടി രൂപ. വാര്‍ത്ത പുറത്ത് വന്നതിനെ പിന്നാലെ അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞാണ് 73,000 കോടി രൂപ നഷ്ടപ്പെട്ടത്.

നാല് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ 1400 കോടി ഡോളറിന്റെ(ഏകദേശം ഒരു ലക്ഷംകോടി രൂപ) കുറവ് രേഖപ്പെടുത്തിയതെന്ന് ബ്ലൂംബെര്‍ഗ് ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സ് വ്യക്തമാക്കി. ഇതോടെ ഏഷ്യയിലെ രണ്ടാമത്തെ ധനികനായി മുകേഷ് അംബാനിക്ക് പിന്നില്‍ ചൈനീസ് വ്യവസായി ഴോങ് ഷാന്‍ഷാന്‍ സ്ഥാനം പിടിക്കും.അദാനിയുടെ കമ്പനികളുടെ ഓഹരി വലിയ രീതിയില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നതാണ് ചാഞ്ചാട്ടത്തിന് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തി.

covid

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കില്ലെന്ന് ഗവേഷകർ. കുട്ടികളിൽ ഉയർന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ഗവേഷകർ വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കാനുള്ള ശരീരത്തിന്റെ ശേഷിയാണ് സീറോ പോസിറ്റിവിറ്റി. അഞ്ച് സംസ്ഥാനങ്ങളിൽ പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. പഠനത്തിന് വിധേയമാക്കിയ 4509 പേരിൽ, 700 പേർ 18 വയസ്സിനു താഴെയുള്ളവരാണ്. 3809 പേർ പതിനെട്ടു വയസ്സുള്ളവരാണ്. ഡൽഹി അർബൻ, ഡൽഹി റൂറൽ, ഭുവനേശ്വർ, ഗോരഖ്പുർ, അഗർത്തല എന്നിവിടങ്ങളിൽനിന്ന് പഠനത്തിന് വിധേയമാക്കിയ കുട്ടികളുടെ ശരാശരി പ്രായം 11 മുതൽ 14 വയസു വരെയായിരുന്നു.

മാർച്ച് 15 നും ജൂൺ പത്തിനും ഇടയിലാണ് ഗവേഷകർ പഠനത്തിനു വേണ്ടിയുള്ള വിവര ശേഖരണം നടത്തിയത്. പഠനത്തിന് വിധേയരാക്കിയവരിലെ സാർസ് കൊവ്-2 വൈറസിനെതിരായ ടോട്ടൽ സെറം ആന്റിബോഡിയെ കണക്കാക്കാൻ എലിസ കിറ്റുകളാണ് ഉപയോഗപ്പെടുത്തിയതെന്ന് പഠനം നടത്തിയ ഗവേഷകർ വിശദമാക്കി. പ്രായപൂർത്തിയായവരെ അപേക്ഷിച്ച് കുട്ടികളിൽ സീറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ കോവിഡ് മൂന്നാംതരംഗം രണ്ടുവയസ്സോ അതിനു മുകളിലോ പ്രായമുള്ള കുട്ടികളെ ബാധിക്കാൻ സാധ്യത കുറവാണെന്നാണ് ഗവേഷകർ പറയുന്നത്.

ന്യൂഡൽഹി : ടെലിവിഷൻ ചാനലുകളിലെ പരിപാടികൾ നിരീക്ഷിക്കാൻ ശക്തമായ നടപടികൾ ആവിഷ്‌ക്കരിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാർ ചാനലുകളെ നിരീക്ഷിക്കാനായി നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നൽകി ഉത്തരവിട്ടു. ടി.വി പരിപാടികൾ ചട്ടം ലംഘിച്ചാൽ സംപ്രേഷണം നിർത്തിവയ്ക്കാൻ ഇനി സർക്കാർ ഇടപെടും.

ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങൾക്കും നിയമപരമായ രജിസ്ട്രേഷൻ നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ടെലിവിഷൻ പരിപാടികൾക്ക് നിയന്ത്രണ സംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

ടിവി ചാനലുകളുടെ പരിപാടിയിൽ പരാതി ഉള്ളവർക്ക് ആദ്യം ചാനലുകൾക്ക് പരാതി എഴുതി നൽകാം. അവിടെ പരിഹാരമായില്ലെങ്കിൽ മാദ്ധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. ഇവിടെ നിന്നും പരിഹാരം ലഭിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണ സമിതിയെ അറിയിക്കാം. സമിതിക്ക് നിയമപരിക്ഷ നൽകുമെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

modi

ന്യൂഡൽഹി: ആഴക്കടൽ ദൗത്യം സംബന്ധിച്ച ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. വിഭവങ്ങൾക്കായി ആഴക്കടൽ പര്യവേക്ഷണം ചെയ്യാനും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആഴക്കടൽ ദൗത്യം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ സമുദ്ര സമ്പദ്ഘടനാ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ദൗത്യമായാണ് ആഴക്കടൽ ദൗത്യം രൂപപ്പെടുത്തിയിരിക്കുന്നത്. അഞ്ചുവർഷത്തേക്ക് 4077 കോടി രൂപയാണ് പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള ചെലവായി കണക്കാക്കപ്പെടുന്നത്. 2823.4 കോടി രൂപയാണ് ആദ്യഘട്ടത്തിൽ ചെലവാകുന്നത്.

ആറുഘടകങ്ങളാണ് ആഴക്കടൽ ദൗത്യത്തിനുള്ളത്. ആഴക്കടൽ ഖനനത്തിനായുള്ള സാങ്കേതികവിദ്യകളുടെ വികസനമാണ് ആദ്യത്തേത്. മൂന്ന് പേരെ സമുദ്രത്തിൽ 6000 മീറ്റർ താഴ്ചയിലേക്ക് കൊണ്ടു പോകാൻ കഴിയുന്ന ഒരു മനുഷ്യ മുങ്ങിക്കപ്പൽ വികസിപ്പിക്കും. മധ്യ ഇന്ത്യൻ മഹാസമുദ്രത്തിലെ 6000 മീറ്റർ ആഴത്തിൽ ഖനനം ചെയ്യുന്നതിനായി ഒരു സംയോജിത ഖനന സംവിധാനവും ദൗത്യത്തിന്റെ ഭാഗമായി വികസിപ്പിക്കും.

സമുദ്ര കാലാവസ്ഥാ വ്യതിയാന ഉപദേശക സേവനങ്ങളുടെ വികസനമാണ് രണ്ടാമത്തെ ഘടകം. ആശയ ഘടകത്തിന്റെ ഈ തെളിവ് പ്രകാരം ഓരോ സീസണിലേക്കു മുതൽ പതിറ്റാണ്ടുകലിലേക്കു വരെ വരെയുള്ള പ്രധാനപ്പെട്ട കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാവി പ്രവചനങ്ങൾ മനസിലാക്കുന്നതിനും നൽകുന്നതിനുമായി നിരീക്ഷണങ്ങളുടെയും മാതൃകകളുടെയും ഒരു ഘടന വികസിപ്പിക്കും. തീരദേശ ടൂറിസത്തിന്റെ സമുദ്ര സമ്പദ്ഘടനാ മുൻഗണനാ മേഖലയ്ക്ക് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദൗത്യത്തിലെ മൂന്നാം ഘടകം ആഴക്കടലിലെ ജൈവ വൈവിധ്യത്തിന്റെ പര്യവേക്ഷണത്തിനും സംരക്ഷണത്തിനുമുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങളാണ്. ആഴക്കടൽ സർവേയും പര്യവേഷണവുമാണ് ദൗത്യത്തിലെ നാലാമത്തെ ഘടകം. ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രവരമ്പുകളിലൂടെയുള്ള ബഹുലോഹ ഹൈഡ്രോതർമൽ സൾഫൈഡ് ധാതുവൽക്കരണത്തിന്റെ സാധ്യത തിരിച്ചറിയുക പര്യവേക്ഷണം ചെയ്യുക, എന്നതാണ് ഈ ഘടകം ലക്ഷ്യമിടുന്നത്.

സമുദ്രത്തിൽ നിന്നുള്ള ഊർജ്ജവും ശുദ്ധജലവുമാണ് അഞ്ചാമത്തേത്. ഓഫ്‌ഷോർ ഓഷീൻ തെർമൽ കൺവേർഷൻ (ഒടെക്) സഹായത്തോടെ കടലിൽ നിന്ന് ഉപ്പു വേർതിരിക്കുന്ന യൂണിറ്റിനായുള്ള പഠന സംവിധാനങ്ങളും വിശദമായ രൂപകൽപനയും കരട് പദ്ധതിരേഖയിലുണ്ട്. സമുദ്ര ജീവശാസ്ത്രം, എഞ്ചിനീയറിംഗ് എന്നിവയിലെ മനുഷ്യ ശേഷിയുടെയും സംരംഭത്തിന്റെയും വികസനം ലക്ഷ്യമിടുന്ന സമുദ്രജീവശാസ്ത്രത്തിന് നൂതന സങ്കേതമാണ് ദൗത്യത്തിന്റെ ആറാം ഘടകം.

മുംബൈ: കോവിഡ് മൂന്നാം തരംഗം നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയേയോ മുംബൈയേയോ ബാധിക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സാണ് മുന്നറിയിപ്പ് നല്കിയിട്ടുള്ളത്.മൂന്നാംതരംഗം ഉണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകനയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വച്ചാണ് ടാസ്‌ക് ഫോഴ്‌സ് നിരീക്ഷണങ്ങള്‍ പങ്ക് വച്ചത്. മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്‌ക് ഫോഴ്‌സ് കണക്കാക്കുന്നു.ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളും, രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.രണ്ടാംതരംഗം അവസാനിച്ച് നാലാഴ്ചയ്ക്കുള്ളിലാണ്് യു.കെയ്ക്ക് മൂന്നാംതരംഗത്തെ നേരിടേണ്ടി വന്നത്. കരുതലോടെയും കോവിഡ് സാഹചര്യത്തിന് യോജിക്കുന്ന പെരുമാറ്റവും പുലര്‍ത്താത്തപക്ഷം നമ്മളും സമാന അവസ്ഥയിലെത്തിയേക്കുമെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ശശാങ്ക് ജോഷി പറഞ്ഞു.

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിദ്യാർത്ഥികളുടെ മൂല്യനിർണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്റെ ആകെത്തുകയായി കണക്കാക്കും. സിബിഎസ്ഇ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 10,11 ക്ലാസുകളിലെ വാർഷിക ഫലത്തിന്റെയും 12-ാം ക്ലാസ് പ്രീ ബോർഡ് പരീക്ഷയുടെയും ഫലം 30:30:40 എന്ന അനുപാതത്തിലെടുത്താകും ഫലം കണക്കാക്കുകയെന്നും സിബിഎസ്ഇ കോടതിയിൽ വ്യക്തമാക്കി. അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാണ് മൂല്യനിർണയങ്ങൾ സംബന്ധിച്ച വിവരങ്ങൾ കോടതിയെ അറിയിച്ചത്.

10,11 ക്ലാസുകളിലെ തിയറി മാർക്കുകളാണ് മൂല്യനിർണയത്തിന് പരിഗണിക്കുന്നത്. ജസ്റ്റിസ് എ.എം ഖാൻവീൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരീക്ഷാ മൂല്യനിർണയ വിവരങ്ങൾ സുപ്രീംകോടതി അംഗീകരിച്ചാലുടൻ വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിരിക്കുന്നത്. പരീക്ഷാ മൂല്യനിർണയം നിരീക്ഷിക്കാൻ 1000 സ്‌കൂളുകൾക്ക് ഒരു സമിതി ഉണ്ടായിരിക്കുമെന്നും മൂല്യ നിർണയത്തിനായി വിദഗ്ദ്ധരായ അദ്ധ്യാപകരെ നിയമിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

വിദ്യാർത്ഥികളിൽ പരീക്ഷ ആവശ്യമുളളവർക്ക് അതിനുളള സൗകര്യം ഏർപ്പെടുത്തണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂലൈ 31 നകം ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചു.

ന്യൂഡല്‍ഹി: കോവിഡില്‍ തകര്‍ന്ന ഇന്ത്യയുടെ സാമ്പത്തികരംഗം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് വാക്‌സിനേഷനെ ആശ്രയിച്ചിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍.ബി.ഐ. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിന്റെ പിടിയില്‍ നിന്ന് തിരികെ കരുത്താര്‍ജ്ജിക്കാനുള്ള കഴിവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായിയുണ്ടെന്നും ബുള്ളറ്റിനില്‍ ചൂണ്ടിക്കാണിക്കുന്നു. ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസം മടങ്ങിവരുന്നുണ്ടെങ്കിലും കോവിഡിന്റെ രണ്ടാം തരംഗത്തോട് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയമായ നേട്ടമാണ് വാക്‌സിനെങ്കിലും വൈറസിനൊപ്പം ജീവിക്കാന്‍ നാം പഠിച്ചേ മതിയാകുവെന്നും ബുള്ളറ്റിനില്‍ പറയുന്നു.

covid

രാജ്യത്ത് ഗ്രീന്‍ ഫംഗസ് ബാധ. മധ്യപ്രദേശില്‍ കോവിഡ് മുക്തി നേടിയ യുവാവിനാണ് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മുപ്പത്തിനാലുകാരനായ യുവാവിനെ ഇന്‍ഡോറിലെ ആശുപത്രിയില്‍നിന്ന് മുംബൈയിലേയ്ക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

ഗ്രീന്‍ ഫംഗസ് ബാധ സംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ. രവി ദോസി പറയുന്നു.ഫംഗസ് ബാധ കണ്ടെത്തിയ യുവാവിന് പനിയും മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്തവും വന്നിരുന്നു.

മുംബൈ: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതായി റിപ്പോർട്ട്. സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്തെ മുൻനിരക്കാരായ എഫ്ഐഎസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 68 ശതമാനം ഉപഭോക്താക്കളും സാമ്പത്തിക ഇടപാടുകൾ നടത്താനായി ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കുന്നുവെന്നാണ് എഫ്‌ഐഎസ് പറയുന്നത്.

ഉപഭോക്താക്കൾ ഓൺലൈൻ സേവനങ്ങൾ നടത്തുന്നതിനൊപ്പം സാമ്പത്തിക തട്ടിപ്പുകളും വർധിക്കുന്നുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 34 ശതമാനം ഇടപാടുകാരും സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായതായാണ് എഫ്‌ഐഎസ് വിശദീകരിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ത്യയിലെ ഉപഭോക്താക്കൾ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നതിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് എഫ്ഐഎസ്, എപിഎംഇഎ ചീഫ് റിസ്‌ക് ഓഫീസർ ഭരത് പഞ്ചാൽ വ്യക്തമാക്കി. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകൾക്ക് അനുസൃതമായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ നടത്താൻ നിലവിൽ ബാങ്കിംഗ് മേഖലയും പര്യാപ്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.