പ്രതിപക്ഷം വികസന വിരോധികൾ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി പ്രതിപക്ഷം വികസന വിരോധികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയും കുടുംബാധ്യപത്യവും ഇന്ത്യ വിടണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യ’ സഖ്യത്തെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ വികസനത്തെ ചിലർ എതിർക്കുകയാണ്. രാജ്യത്തെ വികസനത്തിന് കാരണം മുപ്പതു കൊല്ലത്തിനു ശേഷം ഒറ്റപാർട്ടിക്ക് ഭൂരിപക്ഷമുള്ള സർക്കാർ വന്നതാണെന്ന് അദ്ദേഹം അറിയിച്ചു. കൂട്ടുകക്ഷി സർക്കാരിനുള്ള സാഹചര്യമൊരുക്കരുതെന്ന സന്ദേശവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു.

രാജ്യത്തെ ഐക്യം തകർക്കാൻ നോക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിഭജനത്തിന്റെ ദിനമായ ഓഗസ്റ്റ് പതിനാല് ഓർമിപ്പിക്കുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വീടുകളിൽ പതാക ഉയർത്തുന്ന ഹർഘർ തിരംഗ പരിപാടി ഇത്തവണയും ആചരിക്കണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.