National (Page 160)

മുംബൈ : താൻ ഒടുവിൽ ഇന്ത്യൻ പൗരനായെന്ന സന്തോഷവാർത്ത പങ്കുവെച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. 2019 ൽ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകിയെങ്കിലും കോവിഡ് കാരണം നടപടികൾ നീണ്ടു പോവുകയായിരുന്നു എന്ന് നടൻ വിശദീകരിച്ചു. കനേഡിയൻ പൗരത്വമുള്ളതിനാൽ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിക്കാത്ത അവസ്ഥയായിരുന്നു. പൗരത്വം ലഭിച്ച രേഖകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് മനസ്സുകൊണ്ടും പൗരത്വം കൊണ്ടും ഇന്ത്യക്കാരനായെന്ന് അക്ഷയ്കുമാർ കുറിച്ചത്.

ഇന്ത്യ എന്നാൽ തനിക്ക് എല്ലാമാണ്. തന്നെക്കുറിച്ച് ആളുകൾ പറയുന്നതും പരിഹസിക്കുന്നതും എല്ലാം സത്യാവസ്ഥ അറിയാതെയാണ്. കൃത്യമായി നികുതി അടയ്ക്കാൻ താൻ മറക്കാറില്ലെന്നും അക്ഷയ്കുമാർ സോഷ്യൽ മീഡിയയിൽ പറഞ്ഞു. കനേഡിയൻ പൗരത്വം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഏഴ് വർഷമായി താൻ കാനഡയിലേക്ക് പോയിട്ടില്ലെന്ന് അക്ഷയ്കുമാർ ഒരു അഭിമുഖത്തിൽ മുൻപ് വ്യക്തമാക്കിയിരുന്നു.

ചെന്നൈ: കടുവാ സങ്കേതത്തോട് ചേർന്നുള്ള ഗ്രാമത്തിൽ നിന്നും മുഴുവൻ മനുഷ്യരെയും ഒഴിപ്പിച്ച് പുനഃരധിവസിപ്പിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. സ്പെഷ്യൽ ഫോറസ്റ്റ് ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എൻ. സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരാണ് കേസിൽ വിധി പറഞ്ഞത്. ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്കും അവകാശമുണ്ടെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി.

എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ സർക്കാരിന് നിയമപരമായ കടമയുണ്ട്. ഗ്രാമവാസികളെ മാറ്റിപ്പാർപ്പിക്കാൻ അടുത്ത രണ്ട് മാസത്തിനകം ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. മുതുമല കടുവാ സങ്കേതത്തോട് ചേർന്ന് തമിഴ്നാട്ടിലെ തെങ്ങുമറഹദ ഗ്രാമത്തിലെ 495 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വരിക. കേന്ദ്ര ഫണ്ടിൽ നിന്ന് 74.25 കോടി രൂപ ഇതിനായി നൽകേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

തമിഴ്നാട് വനംവകുപ്പിന് രണ്ട് മാസത്തിനകം തുക ലഭിച്ചിരിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

ഹൈദരാബാദ് : ഇന്ത്യൻ പെലെ എന്നറിയപ്പെട്ടിരുന്ന ഫുട്‍ബോൾ ഇതിഹാസം മുഹമ്മദ് ഹബീബ് (74 ) അന്തരിച്ചു. ഡിമെൻഷ്യ, പാർക്കിൻസൺ എന്നീ രോഗങ്ങൾ മൂലം കുറേ നാളുകളായി ചികിത്സയിലായിരുന്നു. 1970 കാലഘട്ടത്തിൽ ഇന്ത്യയിൽ ഫുട്ബോളിന് ചുക്കാൻ പിടിച്ച വ്യക്തിയായിരുന്നു ഹബീബ്. പെലെയുടെ ന്യൂയോർക്ക് കോസ്‌മോസിനെതിരെ 1977 സെപ്റ്റംബർ 24 ന് മോഹൻ ബഗാന് വേണ്ടി ഗോൾ നേടുകയും സാക്ഷാൽ പെലെയുടെ അഭിനന്ദനത്തിന് അർഹനാവുകയും ചെയ്തു.

1960 മുതൽ 1975 വരെയുള്ള കാലഘട്ടത്തിൽ ദേശീയ ടീമിനായി കളിച്ച അദ്ദേഹം ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ടീമിലെ അംഗമായിരുന്നു. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻ സ്പോർട്ടിങ് തുടങ്ങി നിരവധി ക്ലബ്ബുകൾക്കായി മത്സരിച്ചിട്ടുണ്ട്. തെലങ്കാന സ്വദേശിയായ ഹബീബ് 1969 ൽ സന്തോഷ് ട്രോഫി ഉയർത്തിയ ബംഗാൾ ടീമിൽ അംഗമായിരുന്നു.

ചെന്നൈ: ജമ്മു കശ്മീർ മേഖലയിലേക്കുള്ള വന്ദേഭാരത് ട്രെയിനുകൾ തയ്യാറാക്കാൻ ചെന്നൈ കോച്ച് ഫാക്ടറി സജ്ജം. ജനറൽ മാനേജർ ബി.ജി മല്ല്യയാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ട്രെയിനുകളിലെ കംപാർട്ട്‌മെന്റുകളിൽ ചൂട് വെള്ളം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

എൽഎച്ച്ബി കോച്ചുകളുള്ള പുഷ്-പുൾ ട്രെയിനുകളും കോച്ച് ഫാക്ടറി നിർമ്മിക്കും. ഇവ ഏ.സി ഇതര വന്ദേഭാരതിന് സമാനമായ യാത്രാ സൗകര്യം നൽകും. ഇവയുടെ ഇരു വശങ്ങളിലും പ്രത്യേകം നിർമ്മിച്ച രണ്ട് എൻജിനുകൾ ഉണ്ടാകും. ഈ വർഷം തന്നെ ഇത്തരത്തിൽ രണ്ട് ട്രെയിനുകൾ ഇറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വന്ദേഭാരത് സ്ലീപ്പറുകളും ഉടൻ പുറത്തിറക്കും. ഫാക്ടറി ഈ വർഷം വിവിധ തരത്തിലുള്ള 3,241 കോച്ചുകൾ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി : ഓപ്പൺ ടെലികോം സൊല്യൂഷൻസ് സ്ഥാപനവും ജിയോ പ്ലാറ്റ് ഫോംസ് ലിമിറ്റഡിന്റെ ഉപസ്ഥാപനവുമായ റാഡിസിസ് കോർപറേഷൻ മെമോസ നെറ്റ് വർക്കിനെ ഏറ്റെടുത്തു. മുൻപ് എയർ സ്പാൻ നെറ്റ് വർക്കിന്റെ കീഴിലായിരുന്നു മെമോസ പ്രവർത്തിച്ചിരുന്നത്. ലൈസൻസ്ഡ് അല്ലാത്ത സ്പെക്ട്രം ബാൻഡുകളെ സ്വാധീനിക്കുന്ന പോയിന്റ് -ടു -പോയിന്റ് , പോയിന്റ് -ടു -മൾട്ടി -പോയിന്റ് കണക്ടിവിറ്റി ഉത്പന്നങ്ങളാൽ വ്യത്യസ്തമാർന്ന പോർട്ട് ഫോളിയോ മെമോസയ്ക്കുണ്ട്.

ഇത്തരം ഉത്പന്നങ്ങൾ ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾക്കായുള്ള വയർലെസ്സ് കണക്ടിവിറ്റിയും മൾട്ടി ഗിഗാ ബിറ്റ് പെർ സെക്കൻഡ് ഫിക്‌സ്ഡ് വയർലെസ്സ് നെറ്റ് വർക്കുകളും വേഗത്തിൽ ലഭ്യമാക്കും. മെമോസയിപ്പോൾ പൂർണമായും റാഡിസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. റാഡിസിന്റെ ഓപണ്‍ ആക്‌സസ് പോർട്ടഫോളിയോയ്ക്ക് മെമോസയുടെ ഉത്പന്നങ്ങൾ കൂടുതൽ മൂല്യമേകും.

ബർമിങ്ങാം : ലോക ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയത്തോടെ തുടക്കമിട്ട് ഇന്ത്യൻ വനിത ടീം. എതിരില്ലാത്ത ഒരു ഗോളിനാണ് ഓസ്ട്രിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ടീമിന് വേണ്ടി വിജയ ഗോൾ നേടിയത് അക്ഷര റാണയാണ് . ഇതോടെ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് അക്ഷര എന്ന 12 കാരി സ്വന്തമാക്കി.

അർജന്റീനയ്‌ക്കെതിരെ 16 നാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത്. വേൾഡ് ഗെയിംസിന്റെ ഭാഗമായി ഇന്റർ നാഷണൽ ബ്ലൈൻഡ് സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ചാമ്പ്യൻ ഷിപ്പാണിത്. ഐ ബി എഫ് എഫിന്റെ സ്പോർട്ടിങ് ഡയറക്ടർ കൂടിയായ സുനിൽ ജെ മാത്യുവാണ് ടീമിന്റെ പരിശീലകൻ. ടീമിന്റെ ഗോൾ ഗൈഡ് മുൻ ഇന്ത്യൻ വനിതാ താരമായ സി വി സീനയാണ്.

ഡൽഹി : പ്രാദേശിക ഭാഷയിൽ കോടതിവിധികൾ ലഭ്യമാക്കാനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാതൃഭാഷയുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണെന്നും അതിനാൽ സുപ്രീംകോടതിയുടെ നിർദ്ദേശം പ്രശംസനീയമാണെന്നും മോദി പ്രതികരിച്ചു. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കിടയിലെ മോദിയുടെ ഈ അനുമോദനം കൈയ്യടികളോടെയാണ് സദസ്സിലുള്ളവർ സ്വീകരിച്ചത്.

സ്വാതന്ത്ര്യദിനാഘോഷത്തിൽ അതിഥിയായെത്തിയ ജസ്റ്റിസ് ഡി വൈചന്ദ്രചൂഡ് മോദിയുടെ പ്രസ്താവനയെ കൈകൂപ്പി സ്വാഗതം ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. സുപ്രീംകോടതിവിധികൾ തമിഴ്, ഗുജറാത്തി, ഒഡിയ, ഹിന്ദി ഭാഷകളിൽ ലഭ്യമാക്കണമെന്ന് ജനുവരിയിലായിരുന്നു ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. ഇംഗ്ലീഷിലുള്ള വിധിപ്പകർപ്പ് രാജ്യത്തെ ഭൂരിപക്ഷം ആളുകൾക്കും മനസ്സിലാക്കാൻ കഴിയില്ല എന്ന വ്യക്തമായതോടെയായിരുന്നു ഈ നടപടി സ്വീകരിച്ചത്.

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ പേടകമായ ചാന്ദ്രയാൻ 3 വീണ്ടും ഭ്രമണ പഥത്തിൽ നിന്നും ചന്ദ്രോപരിതലത്തിലെത്തി. പേടകം ഇപ്പോൾ ഒരു നിയർ സർക്കുലാർ ഓർബിറ്റിലാണ് ഉള്ളതെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ജൂലൈ 14ന് വിക്ഷേപിച്ച ചാന്ദ്രയാൻ -3 ഓഗസ്റ്റ് 5 നാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചത്.

കുറഞ്ഞത് 150 കിലോ മീറ്ററും കൂടിയത് 177 കിലോ മീറ്ററും അകലത്തിലുള്ള ഭ്രമണപഥത്തിലൂടെയാണ് നിലവിലെ പേടകത്തിന്റെ സഞ്ചാരം. ഓഗസ്റ്റ് 16 ന് മറ്റൊരു ഭ്രമണപഥ ക്രമീകരണം കൂടി നടത്തി പേടകം 100 മീറ്റർ ഭ്രമണ പഥത്തിൽ എത്തിക്കും. അവിടെ വച്ച് ലാന്റ്റും റോവറും അടങ്ങുന്ന മോഡ്യുൾ പ്രൊപ്പെൽഷൻ മോഡ്യുളിൽ നിന്നും വേർപെടുകയും ഓഗസ്റ്റ് 23 ന് ലാന്റർ ചന്ദ്രനിൽ ഇറങ്ങുകയും ചെയ്യും

കൊൽക്കത്ത : ചെങ്കോട്ടയിൽ ഇന്ന് നടന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം അവസാനത്തേതായിരിക്കുമെന്ന് വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിപക്ഷ സത്യമായ ഇന്ത്യ´ കളത്തിലിറങ്ങുന്നതിനാൽ ഇനിയുള്ള കളി ഇന്ത്യ´ യുടെ കൈയിലായിരിക്കുമെന്നും മമത വ്യക്തമാക്കി. ബംഗാളിലെ ബെഹാലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മമത.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗരീബി ഹട്ടാവോ പദ്ധതി നടപ്പിലാക്കിയപ്പോൾ നരേന്ദ്രമോദി ഗരീബോം കോ ഹട്ടാവോ എന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് അവർ വിമർശിച്ചു. ബി ജെ പിയുടെ വളർച്ച തടഞ്ഞു ഇന്ത്യ എന്ന സഖ്യം രാജ്യത്ത് പടർന്ന് പന്തലിക്കുമെന്നും മമത വ്യക്തമാക്കി. 2024ലെ തിരഞ്ഞെടുപ്പിൽ വിജയം കോൺഗ്രസിന് ആയിരിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അക്ഷയ് കുമാർ നായകനായ ഓ മൈ ഗോഡ് 2 റിലീസായതിന് പിന്നാലെ വിവാദങ്ങൾ കത്തി പടരുകയാണ്. ചിത്രം ഹിന്ദു ദൈവങ്ങൾക്കെതിരെയുള്ള അധിക്ഷേപമാണെന്ന് അഭിപ്രായപ്പെട്ട് നിരവധി സംഘടനകൾ രംഗത്ത് വന്നിരുന്നു. എന്നാൽ അക്ഷയ് കുമാറിനെ തല്ലുന്നവർക്ക് ഇനാമായി 10 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞിരിക്കുകയാണ് ഹിന്ദു സംഘടനയായ ബജ്‌രംഗ് ദൾ. നായകനെ തല്ലുകയോ മുഖത്ത് കരി ഓയിൽ ഒഴിക്കുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ നൽകുമെന്നാണ് രാഷ്ട്രീയ ബജ് രംഗ് ദൾ നേതാവ് ഗോവിന്ദ് പരാസർ പറഞ്ഞിരിക്കുന്നത്.

സിനിമ റിലീസായ ദിവസം മുതൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നടൻ അക്ഷയ് കുമാറിന്റെ കോലം വരെ കത്തിച്ചിരുന്നു. ആത്മീയ നേതാവായ സാധ്വി ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതാണെന്നും ബോളിവുഡ് സിനിമ ഇങ്ങനെ തുടർന്നാൽ റോഡിൽ ഇറങ്ങി പ്രതിഷേധിക്കുമെന്നും വിമർശിച്ചു.