കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി 2024 മാർച്ചോടെ പ്രാബല്യത്തിൽ വരുമെന്ന് കശ്‍മീർ ലെഫ്റ്റ്നന്റ് ഗവർണർ

കാശ്മീർ: മാർച്ച് 2024 ൽ കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന റെയിൽ പാത സ്ഥാപിക്കുമെന്ന് ജമ്മു കാശ്‍മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് അദ്ദേഹം ഇത്തരമൊരു പരാമർശം ഉന്നയിച്ചത്. വീഡിയോ കോൺഫറൻസ് വഴിയുള്ള ഉദ്ഘാടനത്തിൽ ഇന്ത്യയിലെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് ആവശ്യമായ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. ഉദ്ദംപൂർ, ബുദ്ഗാം,ജമ്മുതാവി എന്നീ സ്റ്റേഷനുകളെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയതിൽ സിൻഹ നരേന്ദ്രമോദിയോട് നന്ദി പറഞ്ഞു.

റെയിൽ പാതകൾ സമൂഹത്തിന്റെ ജീവരേഖയാണെന്നും വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനോടൊപ്പം ജനങ്ങളുടെജീവിത നിലവാരം ഉയർത്താനും ഇവ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാരാമുള്ള – ബനിഹാൽ, ന്യു ബാരാമുള്ള – ഉറി, അവന്തിപോറ – ഷോപിയാൻ, സോപോർ – കുപ്വാര, അനന്ത് നാഗ്-ബിജ്‌ബെഹ്‌റ -പഹൽഗാം എന്നിവയുടെ പാത ഇരട്ടിപ്പിക്കലിനും ജമ്മുവിലെ അഞ്ച് ഫൈനൽ ലൊക്കേഷൻ സർവേ പ്രവർത്തനങ്ങൾക്കും റെയിൽവേ അനുമതി നൽകിയെന്നും അദ്ദേഹം കൂട്ടി ചേർത്തു.