National (Page 162)

ചെന്നൈ : തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള നടനാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. അടുത്തിടെ താരത്തിന്റെ സിനിമയായ ജയിലറിലെ ഗാനം ‘കാവാല’ വളരെ ഹിറ്റായിരുന്നു. എന്നാൽ തന്റെ പുതിയ ചിത്രമായ ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ വലിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു മദ്യപാനം എന്നാണ് രജനി കാന്ത് പറഞ്ഞിരിക്കുന്നത്.

മദ്യമില്ലായിരുന്നുവെങ്കിൽ താൻ ഇതിലും വലിയ ഉയരങ്ങളിൽ എത്തിയേനെയെന്നും താൻ സമൂഹത്തെ സേവിച്ചേനെയെന്നുമാണ് താരം തുറന്നു പറഞ്ഞത്. എന്നാൽ താരം ഇതാദ്യമായല്ല മദ്യപാനത്തെ പറ്റി സംസാരിക്കുന്നത്. രജനി കാന്ത് മുഖ്യവേഷം ചെയ്ത കാല എന്ന സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഭാര്യയെ നഷ്ടപ്പെടുന്നത് മദ്യപാനം മൂലമാണ്. ആ സിനിമക്ക് മുൻപ് വരെ മദ്യവും സിഗററ്റുമെല്ലാം സ്റ്റൈലിന്റെ ഭാഗമായാണ് താരം ഉപയോഗിച്ചിരുന്നതെങ്കിലും ആ സിനിമ തികച്ചും മദ്യത്തിനെതിരെയുള്ള സന്ദേശമാണ് തന്നത്. രജനികാന്തിന്റെ 169 മത്തെ ചിത്രമായ ജയിലർ ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യും.

ന്യൂഡൽഹി: ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് തിരിച്ചടി. ലാലു പ്രസാദ് യാദവിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ലാലു പ്രസാദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. ബീഹാറിലും ഡൽഹിയിലും ഉള്ള സ്വത്തുക്കൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ആറ് കോടിയോളം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്.

കേസിൽ കൂടുതൽ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് റിപ്പോർട്ട്. യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരിക്കേ ജോലി വാഗ്ദാനം ചെയ്ത് ഭൂമിതട്ടിപ്പ് നടത്തിയെന്ന കേസിലാണ് ലാലു പ്രസാദിനെതിരെ നടപടി സ്വീകരിച്ചത്. നേരത്തെ ലാലുപ്രസാദിന്റെയും മകൻ തേജസ്വി യാദവിന്റെയും പേരിലുള്ള സ്വത്തുക്കളിൽ ചിലത് കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുന്നത്.

ഹൈദരബാദ് : തെലുങ്കു നടി ജയസുധ ബി ജെ പിയിലേക്കെന്ന വാർത്തകൾ പുറത്തു വരുന്നു. കോൺഗ്രസ് എം എൽ എ ആയിരുന്ന നടി ജൂലൈ 29 ന് ബി ജെ പി പ്രസിഡന്റ് കിഷൻ റെഡ്ഢിയെ സന്ദർശിച്ചതോടെയാണ് പാർട്ടി മാറുമെന്ന കാര്യം പുറത്തറിഞ്ഞത്. എന്നാൽ താൻ ബി ജെ പിയിൽ ചേരുന്നതിൽ തീരുമാനം ആയിട്ടില്ലെന്നാണ് നടി പ്രതികരിക്കുന്നത്. ബി ജെ പിയിലെ ഭാരവാഹികൾ പാർട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും പാർട്ടിയിലെ തന്റെ റോൾ എന്താണെന്ന് വ്യക്തത വന്നതിന് ശേഷമേ തീരുമാനം എടുക്കുകയുള്ളുവെന്ന് ജയ സുധ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷവും ജയസുധയെ ബി ജെപി ക്ഷണിച്ചെങ്കിലും അവർ പാർട്ടിയിലേക്ക് പോയിരുന്നില്ല. എന്നാൽ നടിക്കൊപ്പം ക്ഷണം കിട്ടിയ രാജ ഗോപാൽ റെഡ്‌ഡി ഇപ്പോൾ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. തെലുങ്ക്, തമിഴ് സിനിമ രംഗത്ത് സജീവമായ നടി 2009 ൽ സെക്കന്തരാബാദ് നിയമസഭ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ചിരുന്നു. ആന്ധ്ര വിഭജനത്തിന് ശേഷം 2016 ൽ തെലുങ്ക് ദേശം പാർട്ടിയിലും 2019 ൽ വൈ എസ ആർ കോൺഗ്രസിലും ചേർന്ന നടി അവിടെ നിന്നെല്ലാം രാജി വച്ചിരുന്നു. വിജയിയുടെ അടുത്തിടെ ഇറങ്ങിയ വാരിസ് എന്ന സിനിമയിലാണ് ജയാ സുധ അവസാനമായി അഭിനയിച്ചത്.

ചെന്നൈ : പല മേഖലകളിലും ഇന്ന് എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. സംവിധായകരും നിർമാതാക്കളും ഫല പ്രദമായി ഇവയെല്ലാം സിനിമയിലും ഉപയോഗിച്ച് വരുന്നതിനെപറ്റി ആലോചിച്ച് വരികയാണ്. എന്നാൽ തമിഴ് സിനിമ ഇൻഡസ്ട്രിയിൽ ചിത്രീകരണം പുരോഗമിക്കുന്ന വെപ്പൺ എന്ന ചിത്രത്തിൽ നിർമിത ബുദ്ധി ഉപയോഗിക്കാൻ പോകുന്നുവെന്ന വാർത്തയാണ് സിനിമ മേഖലയിൽ ഇപ്പോൾ ചർച്ചയാവുന്നത്. ബാഹുബലിയിലെ കട്ടപ്പയായി തിളങ്ങിയ സത്യരാജ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ നടന്റെ കുട്ടിക്കാലം കാണിക്കുന്ന രംഗങ്ങളിൽ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.

അതി മാനുഷിക ശക്തിയുള്ള കഥാപാത്രമായി സത്യരാജ് എത്തുന്ന ചിത്രം സംവിധാനം ചെയ്തത് ഗുഹൻ സെന്നിയപ്പയാണ്. മിത്രൻ എന്ന കഥാപാത്രത്തിൽ നടനെത്തുമ്പോൾ എങ്ങനെയാണ് നടന് അതിമാനുഷിക ശക്തി ലഭിച്ചുവെന്നതിന്റെ വിവരണത്തിനായി കുട്ടിക്കാലം കാണിക്കുന്ന രംഗങ്ങളിലാണ് എ ഐ കടന്നു വന്നിരിക്കുന്നത്.ഇന്ത്യൻ സിനിമയിൽ തന്നെ ഈ ചിത്രമാണ് എ ഐ സാങ്കേതിക വിദ്യയിൽ ആദ്യമായി ചിത്രീകരിച്ചതെന്ന് സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രിജ്ടൗൺ : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മത്സരത്തിൽ ഇഷാൻ കിഷൻ കാഴ്‌ച വച്ചത് മികച്ച പ്രകടനം ആയിരുന്നു. 55 റൺസ് നേടി പുറത്താകുമ്പോൾ തുടർച്ചയായി രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയിരിക്കുകയാണ് താരം. ഒന്നാം വിക്കറ്റിൽ ശുഭമാൻ ഗില്ലുമായി ചേർന്ന് 90 റൺസ് കരസ്ഥമാക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി സച്ചിൻ ഏകദിനത്തിൽ ഓപ്പണിങ് ബാറ്ററായി ആദ്യ 5 ഇന്നിങ്സിൽ നേടിയ റൺസിന്റെ മുൻ റെക്കോർഡ് ഇതോടെ ഇഷാൻ കിഷൻ തകർത്തു.

ആദ്യത്തെ 5 ഇന്നിങ്സിൽ സച്ചിൻ നേടിയത് 321 റൺസായിരുനെങ്കിൽ ഇഷാൻ കിഷൻ കഴിഞ്ഞ മത്സരത്തിൽ 55 റൺസ് നേടിയതോടെ താരത്തിന്റെ നേട്ടം 348 ആയി ഉയർന്നു. കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിലാണ് ആദ്യമായി ഇഷാൻ കിഷൻ ഓപ്പണറായത്. 1994 ൽ സച്ചിൻ നേടിയ റെക്കോർഡ് തകർക്കാൻ താരത്തിനെ സഹായിച്ചത് നിലവിൽ നടന്ന കൊണ്ടിരിക്കുന്ന മത്സരങ്ങളിലെ മികച്ച പ്രകടനമാണ്.

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗ പാതയിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി സംവിധാനം യാത്രക്കാരുടെ സുരക്ഷയ്ക്കായി പാതയിൽ എസ്ഒഎസ് പെട്ടികൾ സ്ഥാപിച്ചിരിക്കുകയാണ്. ദേശീയപാത അതോറിറ്റിയാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. അടിയന്തരഘട്ടങ്ങളിൽ യാത്രക്കാർക്ക് ഈ സംവിധാനത്തിലൂടെ അധികൃതരുമായി ബന്ധപ്പെടാം.

മഞ്ഞ നിറത്തിലുള്ള പെട്ടിയിലെ ‘എമർജൻസി’ എന്ന സ്വിച്ചമർത്തിയാൽ മൈസൂരുവിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. ഇവിടെനിന്ന് എസ്ഒഎസ് പെട്ടിയുടെ ഏറ്റവും അടുത്തുള്ള പോലീസിന്റെ പട്രോളിങ് വാഹനത്തിനും പോലീസ് സ്റ്റേഷനിലും ആംബലൻസിലും സന്ദേശങ്ങൾ കൈമാറി സഹായമെത്തിക്കും. ജിപിഎസ് സംവിധാനവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. സൗരോർജമുപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.

അപകടങ്ങൾ കുറയ്ക്കാനുള്ള വിവിധ സംവിധാനങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് എസ്.ഒ.എസ്. പെട്ടികൾ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്ന പാതയാണ് ബെംഗളൂരു- മൈസൂരു അതിവേഗപാത.

ന്യൂഡൽഹി: രാജ്യത്തെ സിനിമാ വ്യവസായത്തെ സഹായിക്കുന്നതിനും ലൈസൻസിംഗ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായി പൈറസി തടയുന്നതിനുമുള്ള ബിൽ പാസാക്കി രാജ്യസഭ. വ്യാഴാഴ്ച്ചയാണ് രാജ്യസഭ ബിൽ പാസാക്കിയത്. 1952ലെ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാൻ ശ്രമിക്കുന്ന ബിൽ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ബില്ലിൽ, സിനിമകളുടെ പൈറേറ്റഡ് കോപ്പികൾ നിർമ്മിക്കുന്ന വ്യക്തികൾക്ക് പരമാവധി മൂന്ന് വർഷം തടവും ഒരു സിനിമയുടെ നിർമ്മാണ ചെലവിന്റെ അഞ്ച് ശതമാനം വരെ പിഴയും സർക്കാർ നിർദ്ദേശിക്കുന്നു.

‘യുഎ’ വിഭാഗത്തിന് കീഴിൽ ‘യുഎ 7+’, ‘യുഎ 13+’, ‘യുഎ 16+’ എന്നീ മൂന്ന് പ്രായാധിഷ്ഠിത സർട്ടിഫിക്കേഷനുകൾ അവതരിപ്പിക്കാനും ടെലിവിഷനിലോ മറ്റ് മാധ്യമങ്ങളിലോ പ്രദർശനത്തിന് പ്രത്യേക സർട്ടിഫിക്കറ്റ് സഹിതം സിനിമ അനുവദിക്കുന്നതിന് സിബിഎഫ്സിയെ അധികാരപ്പെടുത്താനും ബിൽ ശ്രമിക്കുന്നുണ്ട്. 10 വർഷത്തെ സാധുത കാലയളവ് ഒഴിവാക്കി, ശാശ്വത സാധുതയുള്ള സിനിമകൾക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ഗ്രാന്റ് സർട്ടിഫിക്കറ്റ് അനുവദിക്കാനും സിനിമാറ്റോഗ്രാഫ് (ഭേദഗതി) ബിൽ-2023 നിർദ്ദേശിക്കുന്നു.

സിനിമകളുടെ അനധികൃത റെക്കോർഡിംഗും (വിഭാഗം 6AA), അവയുടെ പ്രദർശനവും (വിഭാഗം 6AB) നിരോധിക്കുന്നതിനുള്ള വ്യവസ്ഥകളോടെ സിനിമാട്ടോഗ്രാഫ് നിയമത്തിൽ പുതിയ വകുപ്പുകൾ കൊണ്ടുവരാനും ബിൽ ല്രക്ഷ്യമിടുന്നുണ്ട്. ബില്ലിലെ കർക്കശമായ പുതിയ വ്യവസ്ഥ 6AA, ഒരേ ഉപകരണത്തിൽ റെക്കോർഡിംഗ് ഉപയോഗിക്കുന്നതിനുള്ള ഒരേയൊരു ഉദ്ദേശ്യത്തോടെ ഒരു ഫിലിം അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗം റെക്കോർഡു ചെയ്യുന്നതിനെ നിരോധിക്കുന്നു.

ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്ക് വധുവിനെ അന്വേഷിക്കൂവെന്ന് ഗ്രാമീണ വനിതകളോട് ആവശ്യപ്പെട്ട് സോണിയ ഗാന്ധി. ഹരിയാനയിലെ ഗ്രാമീണ വനിതകളോടാണ് സോണിയാ ഗാന്ധി രാഹുലിന് വധുവിനെ അന്വേഷിക്കാൻ പറഞ്ഞത്.

സോനിപതിയിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ വനിതകളോടാണ് സോണിയ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. സോണിയാ ഗാന്ധി ഹരിയാന ഗ്രാമീണ വനിതകളുമായി സംസാരിക്കുന്നതും സമയം ചിലവഴിക്കുന്നതുമായ വീഡിയോ രാഹുൽ ഗാന്ധി സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

തനിയ്ക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിച്ചുവയ്ക്കാനുള്ള ദിവസം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡൽഹിയിൽ ഇന്ത്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും ഗ്രാമീണ വനിതകൾ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് ഇവർ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. സോണിയയ്ക്കും കുടുംബത്തിനുമായി വനിതകൾ ലസ്സി നൽകുന്നതും ഇവർക്കൊപ്പം ഭക്ഷമം കഴിക്കുന്നതും വീഡിയോയിൽ കാണാം.

മുംബൈ: മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. മണിപ്പൂരിൽ സംഭവിച്ചതും സംഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും ഏറെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ നടക്കുന്നത് ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള സംഘർഷമല്ലെന്നും അത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണിപ്പൂരിൽ പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ പുനർനിർമിക്കാൻ തങ്ങൾ ആവശ്യമായ സഹായം ചെയ്യും. മണിപ്പൂരിലെ കലാപത്തിന് ചിലർ മതപരമായ മാനങ്ങൾ നൽകി. എന്നാൽ, മണിപ്പൂരിൽ നടക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘട്ടനമല്ല, മറിച്ച് ചരിത്രപരമായി പരസ്പരം ശത്രുത പുലർത്തുന്ന രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണ്. പല കാരണങ്ങൾ കൊണ്ട് മണിപ്പൂർ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. നിരവധി അക്രമ സംഭവങ്ങൾ സംസ്ഥാനത്ത് അരങ്ങേറി. നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടു. ധാരാളം പേരുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടു. എന്നാൽ ഈ സംഭവം മാധ്യമങ്ങളിൽ എങ്ങനെ അവതരിപ്പിക്കപ്പെട്ടു എന്നതിൽ തങ്ങൾക്ക് സങ്കടമുണ്ട്. ഇന്ത്യയിൽ ഇത് സംഭവിച്ചു എന്നതിൽ നമ്മൾ ലജ്ജിച്ചു തല താഴ്ത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മണിപ്പൂരിന്റെ സമാധാനത്തിനായും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായും സംഭാവന നൽകണം. ഇതിനായി ഓഗസ്റ്റ് 12, 13 തീയതികളിൽ പ്രത്യേക യോഗം സംഘടിപ്പിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്യുന്നതാണ്. മണിപ്പൂരിനായി എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹി : കേന്ദ്ര ഉപരിതല മന്ത്രാലയം ദേശീയപാതയിലെ സിഗ്നൽ സംവിധാനങ്ങളിൽ വിട്ടു വീഴ്ച്ച പാടില്ലെന്ന് പറഞ്ഞു കൊണ്ട് മാർഗ നിർദ്ദേശ രേഖ പുറത്തിറക്കിയിരിക്കുകയാണ് . ദേശീയ പാത അതോറിറ്റി, സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. വേഗ പരിധി, നോ എൻട്രി, നോ പാർക്കിംഗ്, നന്ദി ഉൾപ്പെടെ വേണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ദേശീയ പാത, എക്സ്പ്രസ് ഹൈവേ എന്നിവിടങ്ങളിൽ നിർദ്ദേശങ്ങൾ പാലിച്ച് വാഹനമോടിക്കാൻ സിഗ്നൽ അനിവാര്യമാണെന്നും നിർദേശിച്ച അളവിലും വലിപ്പത്തിലും ഓരോ സിഗ്നൽ സ്ഥാപിക്കണമെന്നും മോർത്ത് പറയുന്നു.

നിർബന്ധമായും പാലിക്കേണ്ട ചുവന്ന വൃത്തത്തിനുള്ളിലെ കാര്യങ്ങൾ , ചുവന്ന ത്രികോണത്തിലെ മുന്നറിയിപ്പുകൾ, വിവരങ്ങൾ നൽകുന്ന സിഗ്നലുകൾ നീല ചതുരത്തിൽ എന്നിങ്ങനെ വേണമെന്നാണ് കേന്ദ്രം പറയുന്നത്. 5 കിലോമീറ്ററിനുള്ളിൽ വേഗ പരിധി, നോ എൻട്രി, വേഗ നിയന്ത്രണം, നോ പാർക്കിംഗ് എന്നിവയുടെ അടയാളം വേണം, സ്ഥല സൂചക ബോർഡുകൾ 5 കിലോമീറ്റർ പരിധിയിൽ വയ്ക്കണം, ഇടത് വലത് വളവുകൾ, ദേശീയ പാതയിലേക്കുള്ള വരവും പോക്കും എന്നിവയും നൽകേണ്ട മറ്റ് വിവരങ്ങളാണ്. കൂടാതെ റിഫ്ളക്ടറുകളുടെ നിറം, മറികടക്കാനുള്ള ലൈൻ, ട്രെക്കുകൾക്ക് ഇടത് വശത്തുകൂടി പോകാനുള്ള അടയാളം, ഹോസ്പിറ്റൽ, പെട്രോൾ പമ്പുകൾ, വർക്ക് ഷോപ്, അടിയന്തര ഫോൺ സർവീസ് എന്നിവയും റോഡിൽ സ്ഥാപിക്കേണ്ട മറ്റ് വിവരങ്ങളിൽപ്പെടുന്നു.