ചന്ദ്രബോസ് വധക്കേസ്; വെറും വാഹനാപകട കേസ് മാത്രമാണെന്ന് നിഷാമിന്റെ അഭിഭാഷകൻ

ന്യൂഡൽഹി: ചന്ദ്രബോസ് വധക്കേസിൽ കുറ്റവാളിയായ മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ അപ്പീൽ അന്തിമ വാദം കേൾക്കുന്നതിനായി മാറ്റിവെച്ച് സുപ്രീം കോടതി. ഒരു മാസത്തേക്കാണ് ഹർജി കോടതി മാറ്റിവെച്ചത്. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

കേസിൽ നിഷാം നൽകിയ ജാമ്യാപേക്ഷയും അന്തിമ വാദം കേൾക്കുന്ന സമയത്ത് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയാണ് മുഹമ്മദ് നിഷാമിന് വേണ്ടി ഹാജരായത്. മുഹമ്മദ് നിഷാമിന്റേത് വെറും വാഹനാപകട കേസ് മാത്രമാണെന്നാണ് മുകുൾ റോത്തഗി വ്യക്തമാക്കുന്നത്. വെറും വാഹനാപകടക്കേസിൽ എന്തിനാണ് കൊലക്കുറ്റം ചുമത്തിയതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഇത് വെറും വാഹനാപകട കേസല്ലെന്നും ഭയാനകമായ അപകടക്കേസാണെന്നും ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് എഎസ് ബൊപ്പണ്ണ പറഞ്ഞു. ഒമ്പത് വർഷമായി നിഷാം തടവിൽ കഴിയുകയാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും മുകുൾ റോത്തഗി ആവശ്യപ്പെട്ടു. ഇക്കാലയളവിൽ ഒരു മാസം മാത്രമാണ് നിഷാമിന് പരോൾ ലഭിച്ചതെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചിരുന്നു. ജീവപര്യന്തം തടവുശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെ നിഷാം നൽകിയ ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

2015 ജനുവരി 29-നായരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശ നിർമിത വാഹനമായ ഹമ്മറിൽ എത്തിയ നിഷാമിന് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിന്റെ പേരിലാണ് അദ്ദേഹത്തെ ആക്രമിച്ചത്. രക്ഷപ്പെടാനായി ഓടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് നിഷാം ഇടിച്ചുവീഴ്ത്തുകയായിരുന്നു.