അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കിട്ടിയ അടിയുടെ വേദന ഇപ്പോഴും മനസിലുണ്ട്; സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: തന്റെ സ്‌കൂൾ കാലഘട്ടത്തിലെ ശിക്ഷാ രീതികളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കിട്ടിയ അടിയുടെ വേദന ഇപ്പോഴും മനസിലുണ്ടെന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരു സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കുട്ടികളോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നുള്ളത് ജീവിതകാലം മുഴുവൻ അവരുടെ മനസിലുണ്ടാവും. സ്‌കൂളിലെ ആ ദിവസം താനും ഒരിക്കലും മറക്കില്ല. കൈയിൽ വടി കൊണ്ട് അടികിട്ടിയ കാലത്ത് താനൊരു കുട്ടിക്കുറ്റവാളിയൊന്നും ആയിരുന്നില്ല. പ്രവൃത്തി പരിചയ ക്ലാസിൽ ശരിയായ അളവിലുള്ള സൂചി കൊണ്ടുവരാത്തതിനാണ് തന്നെ അടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൈയിൽ അടിക്കരുതെന്നും കാലിൽ അടിക്കാമോ എന്നും അധ്യാപകനോട് അപേക്ഷിച്ചത് ഇന്നും തനിക്ക് ഓർമയുണ്ട്. അപമാനഭാരത്താൽ മാതാപിതാക്കളോട് പറയാൻ കഴിഞ്ഞില്ല. അടികൊണ്ട് അടയാളം പതിഞ്ഞ വലതു കൈപ്പത്തി പത്ത് ദിവസം ആരും കാണാതിരിക്കാൻ ഒളിപ്പിച്ചുവെച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശരീരത്തിലേറ്റ മുറിവ് ഉണങ്ങി. പക്ഷേ അത് മനസിൽ എക്കാലവും നിലനിൽക്കുന്ന ആഘാതമുണ്ടാക്കി. ഇപ്പോഴും തന്റെ ജോലി ചെയ്യുമ്പോൾ അത് കൂടെയുണ്ട്. കുട്ടികളോട് ചെയ്യുന്ന ഇത്തരം പ്രതികാരങ്ങളുടെ ആഘാതം വളരെ വലുതായിരിക്കും. നിയമവ്യവഹാരങ്ങൾക്കിടയിൽ കുട്ടികളോട് അനുകമ്പാപൂർണമായ നിലപാടെടുക്കണം. അവരുടെ പുനരധിവാസവും സമൂഹത്തിന്റെ ഭാഗമാവാനുള്ള അവസരങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.