International (Page 3)

തിരുവനന്തപുരം: പുതിയ ദൗത്യം പ്രഖ്യാപിച്ച് നാസ. അന്യഗ്രഹ ജീവൻ തേടിയുള്ള ദൗത്യമാണ് നാസ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടുള്ള ക്ലിപ്പർ പേടകം വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. ഒക്ടോബറിൽ വിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം.

ഓക്സിജൻ കൂടുതലുള്ള യൂറോപ്പയുടെ പ്രതലം ഐസ് കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. അതിനടിയിൽ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നാണ് അനുമാനം. ഇക്കാരണത്താൽ തന്നെ ഭൂമിയെ കൂടാതെ ജീവൻ നിലനിൽക്കാനിടയുള്ള ഇടമായാണ് യൂറോപ്പയെ കണക്കാക്കുന്നത്. പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ എന്ന അടിസ്ഥാനമായ ചോദ്യത്തിനുത്തരമാണ് നാസ കണ്ടെത്താൻ ആഗ്രഹിക്കുന്നതെന്ന് ക്ലിപ്പർ ദൗത്യത്തിന്റെ പ്രൊജക്ട് സയന്റിസ്റ്റായ ബോബ് പാപ്പലാർഡോ വ്യക്തമാക്കി. മറ്റൊരു ഗ്രഹത്തിൽ ജീവിത സാഹചര്യങ്ങൾ കണ്ടെത്താൻ സാധിച്ചാൽ എന്നെങ്കിലും യൂറോപ്പ പോലുള്ള ഒരു സ്ഥലത്ത് ജീവൻ കണ്ടെത്താൻ നമുക്ക് സാധിച്ചേക്കുമെന്നും അദ്ദേഹം അറിയിച്ചു.

500 കോടി ഡോളറാണ് പദ്ധതിയുടെ ചെലവ്. കാലിഫോർണിയയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലാണ് ഇപ്പോൾ പേടകമുള്ളത്. അത് ഇവിടെ നിന്ന് ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ എത്തിക്കുകയും സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിൽ വിക്ഷേപിക്കുകയും ചെയ്യും.

ന്യൂഡൽഹി: കോൺസുലേറ്റിൽ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെയാണ് കാനഡയുടെ പുതിയ നീക്കം. കാനഡ പിരിച്ചുവിട്ടിരിക്കുന്നത് ഇന്ത്യയിലെ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നവരെയാണ്. ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും വിസ നടപടികൾക്ക് തടസമുണ്ടാകില്ലെന്നാണ് കാനഡ അറിയിച്ചിരിക്കുന്നത്.

ഖലിസ്ഥാൻ വാദി നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെ തുടർന്നാണ് ഇന്ത്യയും കാനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. പിന്നീട് ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം തിരികെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യക്കാരായ നിരവധി ജീവനക്കാരെ കാനഡ പിരിച്ചുവിടാൻ ആരംഭിച്ചത്.

ഇന്ത്യയിൽ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ടുകൾ. വിസയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദർശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് കനേഡിയൻ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

ലണ്ടൻ: കുടുംബാംഗത്തിന് വിസ സ്‌പോൺസർ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ വരുമാന പരിധി യുകെ വർധിപ്പിച്ചു. വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായാണ് ഉയർത്തിയത്. രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി.

നിലവിൽ 55 ശതമാനത്തിലധികം വർധനവാണ് വരുത്തിയിരിക്കുന്നത്. അടുത്ത വർഷം ആദ്യം ഇത് 38,700 പൗണ്ടായി ഉയർത്തും. ബ്രിട്ടനിൽ താമസമാക്കിയവർക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ഫാമിലി വിസ സ്‌പോൺസർ ചെയ്യണമെങ്കിൽ വ്യാഴാഴ്ച മുതൽ പുതിയ വരുമാന പരിധി നിർദേശം പാലിക്കേണ്ടതായി വരും.

അനധികൃത കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനും കുടിയേറുന്നവർ നികുതിദായകർക്ക് ഭാരമാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സുനകിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ നടപടി.. കുടിയേറ്റം വർധിക്കുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കേണ്ടത് പ്രധാനമാണെന്നാണ് യുകെ ആഭ്യന്തര മന്ത്രി ജെയിംസ് ക്ലെവർലി അറിയിച്ചിരിക്കുന്നത്.

ന്യൂഡൽഹി: പാരീസിൽ ഇന്ത്യൻ വിദ്യാർഥികൾ വാടകയ്ക്കു താമസിച്ചിരുന്ന വീടിന് തീപിടിച്ചു. മലയാളികൾ ഉൾപ്പെടെ താമസിച്ചിരുന്ന വീടിനാണ് തീപിടിച്ചത്. വീട്ടിലുണ്ടായിരുന്ന ഉത്തരേന്ത്യൻ വിദ്യാർഥികളിൽ ഒരാൾക്ക് നിസ്സാര പരുക്കേൽക്കുകയും ചെയ്തു. മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ബാക്കിയുള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരം.

തീപിടുത്തത്തിൽ നിരവധി വിദ്യാർഥികളുടെ വിദ്യാഭ്യാസ രേഖകളും പാസ്‌പോർട്ടും കത്തിനശിച്ചു. മാനേജ്‌മെന്റ്, എൻജിനീയറിങ് പഠനത്തിന് എത്തിയ 8 മലയാളികൾ ഉൾപ്പെടെ 27 വിദ്യാർഥികളാണ് വീട്ടിൽ താമസിച്ചിരുന്നത്. മുറികളിൽ തീപടർന്നശേഷമാണ് വിദ്യാർത്ഥികൾ അറിഞ്ഞത്. റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്ന് വിദ്യാർഥികൾ പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീടിന്റെ ഉടമസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തീപിടുത്തത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് താമസ സ്ഥലത്ത് നിന്നും മാറേണ്ടി വന്നു. ഈ വിദ്യാർഥികൾക്ക് ഇന്ത്യൻ എംബസി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ഹോട്ടലുകളിൽ താമസമൊരുക്കി നൽകി. പിന്നീട് ഇവരെ വിവിധ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. താൽക്കാലിക താമസത്തിന് ഒരുമാസത്തേക്ക് സൗകര്യമൊരുക്കിയതായി സർവ മലയാളി ഫ്രാൻസിന്റെ പ്രസിഡന്റ് ജിത്തു ജനാർദനൻ അറിയിച്ചു.

പ്യോഗ്യാഗ്: യുദ്ധത്തിന് തയ്യാറെടുക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ. രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. 2011ൽ മരിച്ച കിമ്മിന്റെ പിതാവിന്റെ പേരിലുള്ള കിം ജോംഗ് ഇൽ യൂണിവേഴ്‌സിറ്റി ഓഫ് മിലിട്ടറി ആൻഡ് പൊളിറ്റിക്‌സിൽ കിം സന്ദർശനം നടത്തിയിരുന്നു, ഇവിടെ യുദ്ധത്തിന്റെ തയ്യാറെടുപ്പിന് മാർഗനിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് കിമ്മിന്റെ കീഴിൽ ആയുധ വികസനം വലിയ രീതിയിൽ പ്രേത്സാഹിപ്പിക്കുന്നുണ്ട്. റഷ്യയുമായി കൂടുതൽ സൈനികവും രാഷ്ട്രീയവുമായ ബന്ധം സ്ഥാപിക്കാനും ഉത്തര കൊറിയ ശ്രമിച്ചിരുന്നു. അടുത്തിടെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി സന്ദർശിച്ച ശേഷം കിം സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ശത്രുവുമായി രാജ്യം ഏറ്റുമുട്ടാൻ തീരുമാനിച്ചാൽ ശത്രുവിന്റെ മരണം കാണണം. രാജ്യത്തിന് ചുറ്റുമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്താനുള്ള സമയമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാസ: ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മയിൽ ഹനിയയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം ഉണ്ടാകുകയായിരുന്നു.

മൂന്ന് മക്കളും രണ്ട് പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിലെ അൽ ഷാതി അഭയാർത്ഥി ക്യാംപിനു സമീപമാണ് ആക്രമണം നടന്നത്. ഖത്തറിന്റെയും ഈജിപ്തിന്റെയും യു എസിന്റെ നേതൃത്വത്തിൽ കെയ്റോയിൽ സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇസ്മയിൽ ഹനിയ ആയിരുന്നു ഗാസയിൽ ഇസ്രായേലുമായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിലും ഹമാസിന്റെ അന്താരാഷ്ട്ര നയതന്ത്രത്തിലെ പ്രധാന നീക്കങ്ങൾ നടത്തിയിരുന്നത്. കഴിഞ്ഞ നവംബറിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിലെ അദ്ദേഹത്തിന്റെ കുടുംബവീട് തകർന്നിരുന്നു.

ഇസ്മായിൽ ഹനിയയുടെ മൂന്ന് ആൺമക്കളായ ഹസെം, അമീർ, മുഹമ്മദ് എന്നിവർക്ക് ഗാസയിലെ അൽ-ഷാതി ക്യാമ്പിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ജീവൻ നഷ്ടപ്പെട്ടതെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്.

അബുദാബി/റിയാദ്: ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. ശവ്വാൽ മാസപ്പിറ എവിടെയും ദൃശ്യമാകാത്തതിനാലാണ് ചെറിയ പെരുന്നാൾ ബുധനാഴ്ച്ചയാകുന്നത്. ഇത്തവണ റമസാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷം.

ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കുമെന്നാണ് സൗദി സുപ്രീം കോർട്ട് പ്രഖ്യാപിച്ചത്. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കുന്നത്.

അതേസമയം, ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം തുടങ്ങിയ ഒമാനിൽ ഇന്ന് വൈകിട്ടായിരിക്കും പ്രഖ്യാപനം നടക്കുന്നത്.

ഏപ്രിൽ എട്ടാം തീയതി നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ശാസ്ത്രജ്ഞർ. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഹ്രണമാണിത് എന്നതാണ് ഏറ്റവും വലിയ സവിശേഷത.

സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂർണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്‌കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുള്ളൂ.

ഇത്തവണ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകുക വടക്കേ അമേരിക്കയിലായിരിക്കും. അമേരിക്കയിൽ ടെക്സസ് മുതൽ മെയ്ൻ രെയുള്ള സംസ്ഥാനങ്ങളിൽ പൂർണ സൂര്യഗ്രഹണം തന്നെ ആയിരിക്കും കാണാനാകുക. അമേരിക്കയിലെ മറ്റിടങ്ങൾ, ചില കരീബിയൻ രാജ്യങ്ങൾ, കൊളംബിയ, വെനസ്വേല, സ്പെയിൻ, ബ്രിട്ടൻ, പോർച്ചുഗൽ, ഐസ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദർശിക്കാം.

ഇന്ത്യ ഉൾപ്പെടെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇത് കാണാൻ കഴിയില്ല. പക്ഷേ സമ്പൂർണ സൂര്യഗ്രഹണം കാണാൻ ലോകത്തിന്റെ ഏത് കോണിലുള്ളവർക്കും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അവസരമൊരുക്കുകയാണ്. ഏപ്രിൽ 8 ന് ഇന്ത്യൻ സമയം രാത്രി 9.13 മുതൽ ഏപ്രിൽ 9 വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളിൽ ഗ്രഹണം ദൃശ്യമാകുന്നത്. ഈ പ്രതിഭാസത്തെക്കുറിച്ചുളള അവബോധം വളർത്തുന്നതിന്റെ ഭാഗമായി, നാസ വിപുലമായ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. അതിലൊന്നാണ് തത്സമയ ഓൺലൈൻ സ്ട്രീമിങ്. മൂന്നു മണിക്കൂർ നേരത്തേക്ക് നിരവധി വടക്കനമേരിക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ഫുട്ടേജ് നാസ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ഈ സമയത്ത് നാസയുടെ നിരവധി പരീക്ഷണങ്ങളും നടക്കും. ഇവയുടെ എല്ലാം വിവരങ്ങളും നാസ പ്രക്ഷേപണം ചെയ്യും. നാസാ ടിവി, നാസ വെബ്സൈറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലായിരിക്കും സംപ്രേക്ഷണം. ഏപ്രിൽ 8ന് രാത്രി 10.30 മുതൽ ഏപ്രിൽ 9ന് വെളുപ്പിന് 1.30 വരെ ആയിരിക്കും നാസയുടെ ലൈവ്.

ഗ്രഹണം നടക്കുന്ന അമേരിക്കയിൽ ഗ്രഹണം ഒരുമിച്ചിരുന്നു കാണാൻ നാസ ആളുകൾക്ക് ക്ഷണം നൽകുകയും ചെയ്തിട്ടുണ്ട്.

ഇസ്ലാമാബാദ്: പാകിസ്ഥാനികൾക്ക് മുന്നറിയിപ്പുമായി ലോകബാങ്ക്. ഒരു കോടിയോളം പാകിസ്ഥാനികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ പോയേക്കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചാ നിരക്കും പണപെരുപ്പവും കാരണമാണിത് സംഭവിക്കുന്നത്. ലോകബാങ്ക് പുറത്തിറക്കിയ ”ദ്വിവാർഷിക പാകിസ്ഥാൻ ഡെവലപ്‌മെന്റ് ഔട്ട്‌ലുക്ക് റിപ്പോർട്ട്” പ്രകാരം രാജ്യത്ത് പണപ്പെരുപ്പത്തിൽ 26 ശതമാനം വർധനവാണ് ഉണ്ടായത്.

നവീനമായ സാമ്പത്തിക പുരോഗമന പദ്ധതികൾ ഉണ്ടായിരുന്നിട്ടും രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജ്ജന ശ്രമങ്ങൾ അപര്യാപ്തമായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 98 ദശലക്ഷം പേർ ഇതിനോടകം രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നാണ് റിപ്പോർട്ടിന് നേതൃത്വം നൽകിയ സയ്യിദ് മുർതാസ മുസാഫരി വ്യക്തമാക്കിയത്.

പാകിസ്ഥാന്റെ ബജറ്റിന് ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചേക്കില്ലെന്നും അടുത്ത മൂന്ന് വർഷത്തേക്കെങ്കിലും രാജ്യത്ത് കമ്മി ബജറ്റാവും നിലനിൽക്കുക. രാജ്യത്ത് മിച്ച ബജറ്റിന്റെ ആവശ്യകത അന്താരാഷ്ട്ര നാണയ നിധി നിർബന്ധമാക്കിയ ഘട്ടത്തിലാണിത്. ദാരിദ്ര്യ നിരക്ക് 40 ശതമാനമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക വളർച്ച 1.8 ശതമാനത്തിൽ തന്നെ തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ദരിദ്രരായ ആളുകൾക്ക് കാർഷിക മേഖലയിൽ നിന്നും അപ്രതീക്ഷിത നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ഉയർന്ന പണപ്പെരുപ്പവും നിർമ്മാണ, വ്യാപാര മേഖലകളിലെ കുറഞ്ഞ വേതനവും വളർച്ചയെ തടസ്സപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു.

പണപ്പെരുപ്പം 30 ശതമാനത്തിന് മുകളിൽ എത്തി നിൽക്കുമ്പോൾ പോലും ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ദിവസ വേതനം അഞ്ച് ശതമാനം മാത്രമാണ് വർധിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. യാത്രാചെലവുകൾ ഉൾപ്പെടെ ജീവിത ചെലവ് രാജ്യത്ത് വർധിക്കുന്നതായും, ദരിദ്ര കുടുംബത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സകൾ പലപ്പോഴും ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ജെറുസലേം : അൽ ജസീറ ചാനലിനെ രാജ്യത്ത് നിന്ന് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ച് ഇസ്രായേൽ. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനലാണ് അൽ ജസീറ. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തർ പ്രധാന പങ്കുവഹിക്കുന്ന സാഹചര്യത്തിലാണ് ഇസ്രായേലിന്റെ പുതിയ നീക്കം.

അൽ ജസീറയിലെ മാധ്യമപ്രവർത്തകർ ഭീകരവാദികൾ ആണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിക്കുന്നത്. അൽ ജസീറക്ക് ഹമാസുമായി അടുത്ത ബന്ധം ഉണ്ടെന്നും ജേണലിസ്റ്റുകൾ ആയി ഭീകരവാദികളെ എടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇസ്രായേലിന്റെ സുരക്ഷയെ അല്‍ ജസീറ പ്രതികൂലമായി ബാധിച്ചു. ഒക്ടോബർ 7 നടന്ന കൂട്ടക്കൊലയിൽ പങ്കാളികളായി. ഹമാസിനെ പിന്തുണയ്ക്കുന്നവരെ നമ്മുടെ നാട്ടിൽ നിന്നാണ് നീക്കം ചെയ്യാൻ സമയമായിരിക്കുന്നു. ഭീകരവാദ ചാനൽ ആയ അൽ ജസീറ ഇനി ഇസ്രായേലിൽ നിന്ന് സംരക്ഷണം ചെയ്യില്ല. ചാനലിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി പുതിയ നിയമപ്രകാരം ഉടൻ പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കുന്നുവെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.