International (Page 2)

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത എംഎസ്സി ഏരിസ് എന്ന ചരക്കുകപ്പലിലെ 17 ഇന്ത്യക്കാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും കാലാവസ്ഥ മെച്ചപ്പെട്ടാൽ യാത്ര സാധ്യമാക്കുമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി ഇറാജ് എലാഹി. മോശം കാലാവസ്ഥ കാരണം കപ്പൽ തീരത്ത് അടുപ്പിക്കാനോ കപ്പലിനടുത്തേക്കു ബോട്ട് അയയ്ക്കാനോ സാധിച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കപ്പലിലുള്ളവരെ തടഞ്ഞുവച്ചിട്ടില്ലെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനപതി ഇറാജ് എലാഹി വിശദമാക്കി.

കാലാവസ്ഥ മെച്ചപ്പെട്ടാലുടൻ അവർക്കു യാത്ര സാധ്യമാകുമെന്നും അദ്ദേഹം അറിയിച്ചരുന്നു. ഇന്ത്യക്കാരെ കാണാൻ ഇന്ത്യൻ സംഘത്തിന് ഇറാൻ അനുമതി നൽകിയിരുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം ഇവർക്ക് കപ്പലിന് അടുത്തേക്ക് എത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽ നിന്നാണ് ഇറാൻ ഇസ്രയേൽ ചരക്കു കപ്പൽ പിടിച്ചെടുത്തത്. ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇറാന്റെ നടപടി. ഇസ്രയേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. 4 മലയാളികളുൾപ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.

സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ വീണ്ടും കത്തിയാക്രമണം. ക്രിസ്ത്യൻ പള്ളിയിലാണ് ഇത്തവണ ആക്രമണം ഉണ്ടായത്. സിഡ്നിയിൽ നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്ലെയിലെ പള്ളിയിലാണ് കുത്തിക്കുത്ത് നടന്നത്.

പുരോഹിതൻ ഉൾപ്പെടെ ഒട്ടേറെ പേർക്ക് കുത്തേറ്റുവെന്നാണ് പുറത്തു വരുന്ന വിവരം. ആക്രമണത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല.

തിങ്കളാഴ്ച വൈകിട്ട് പള്ളിയിൽ കുർബാന നടക്കുന്നതിനിടെയാണ് യുവാവ് ആക്രമണം നടത്തിയത്. കുർബാനയ്ക്കിടെ അക്രമി കത്തിയുമായി മുന്നോട്ട് നടന്നുനീങ്ങുകയും പുരോഹിതനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതോടെ വിശ്വാസികൾ ഓടിക്കൂടി. തുടർന്ന് അക്രമി ഇവർക്കുനേരേയും ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പള്ളിയിലെ കുർബാന തത്സമയം സംപ്രേഷണം ചെയ്യുന്നതിനാൽ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.

അതേസമയം, രോഷാകുലരായ ജനങ്ങൾ അക്രമിയുടെ വിരലുകൾ മുറിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

സിഡ്നിയിലെ ഷോപ്പിങ് മാളിൽ രണ്ടുദിവസങ്ങൾക്ക് മുൻപാണ് കത്തിയാക്രമണം നടന്നത്. ഷോപ്പിങ് മാളിൽ നടന്ന ആക്രമണത്തിൽ ആറുപേരാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഒൻപതുമാസം പ്രായമുള്ള കുഞ്ഞിനെ ഉൾപ്പെടെ അക്രമി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയായ ജോയൽ കൗച്ചിനെ ഒടുവിൽ വനിതാ പോലീസ് ഓഫീസർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ മാനസികരോഗിയാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

ടെൽ അവീവ്: ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഡ്രോണാക്രമണങ്ങളും മിസൈലാക്രമണങ്ങളുമാണ് ഇറാൻ ഇസ്രയേലിന് നേരെ നടത്തിയത്. ഇറാന്റെ ഇരുന്നൂറോളം മിസൈലുകളും പത്ത് ഡ്രോണുകളും തകർത്തെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ആരംഭിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേൽ ഏത് ആക്രമണവും നേരിടാൻ സജ്ജമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിന്റെ രക്ഷയ്ക്ക് മിസൈൽവേധ സംവിധാനങ്ങളുള്ള രണ്ട് യു.എസ് യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്ററേനിയനിൽ എത്തിയിട്ടുണ്ട്. അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാ നിർദ്ദേശം നൽകി. ഇസ്രായേൽ – ഇറാൻ സംഘർഷ സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ഇസ്രായേലിലുള്ള ഇന്ത്യക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യാൻ ഫോം നൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഇസ്രായേൽ – ഇറാൻ സംഘർഷത്തിൽ കടുത്ത ആശങ്കയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. മേഖലയുടെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളെന്നായിരുന്നു വിദേശകാര്യകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഒരുക്കണമെന്നും അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ അഭ്യർത്ഥിച്ചു. പ്രസ്താവനയിലൂടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജോർദാനും ഇറാഖും ലെബനനും വ്യോമമേഖല അടച്ചു. ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യയും ആശങ്ക അറിയിച്ചു.

ടെഹ്‌റാൻ: ഇസ്രയേൽ വ്യവസായിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ കപ്പൽ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പിടിച്ചെടുത്തു. ‘എംസിഎസ് ഏരീസ്’ എന്നു പേരുള്ള കണ്ടെയ്നർ കപ്പലാണ് ഇറാൻ പിടിച്ചെടുത്തിരിക്കുന്നത്. യുഎഇയിൽ നിന്നു മുംബൈ നാവസേവ തുറമുഖത്തേയ്ക്കു വരുകയായിരുന്നു കപ്പൽ. ഹോർമുസ് കടലിടുക്കിൽ വച്ചാണ് കപ്പൽ പിടിച്ചെടുത്തത്. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

കപ്പലിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്കു മാറ്റിയെന്നാണ് റിപ്പോർട്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ മലയാളികളാണ് കപ്പലിലുള്ളതെന്നാണ് സൂചന. എംഎസ്സി ഏരീസ് എന്ന കപ്പൽ ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്നർ കപ്പലാണ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി.

ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലിബോൺ ഓപ്പറേഷൻ നടത്തിയാണ് നാവികസേനയുടെ പ്രത്യേക സംഘം കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട വാർത്ത. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിന്റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്നാണ് ഇസ്രയേൽ സൈന്യം വിഷയത്തിൽ പ്രതികരിച്ചത്.

ന്യൂഡൽഹി: ബാധ്യതയുണ്ടായിട്ടും ആദായ നികുതി റിട്ടേൺ നൽകാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ ആദായ നികുതി വകുപ്പ്. നികുതി വിധേയ വരുമാനമുള്ളവർക്കു പുറമെ സ്രോതസിൽ നിന്ന് നികുതി(ടിഡിഎസ്) ഈടാക്കിയിട്ടും റിട്ടേൺ ഫയൽ ചെയ്യാത്തവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഓരോ മേഖലയിലുമുള്ള ഉദ്യോഗസ്ഥരോട് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാൻ പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) നിർദ്ദേശിച്ചിട്ടുണ്ട്.

ടിഡിഎസ് നൽകിയിട്ടുള്ള നിരവധി വ്യക്തികളും സ്ഥാപനങ്ങളും റിട്ടേൺ ഫയൽ ചെയ്തിട്ടില്ലന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ 8.9 കോടി നികുതി ദായകരാണ് ഉണ്ടായിരുന്നത്. റിട്ടേൺ നൽകിയതാകട്ടെ 7.4 കോടിയും. ടിഡിഎസ് ഉണ്ടായിട്ടും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്ത 1.5 കോടി പേർ ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്. ഫയൽ ചെയ്യാത്തവരിൽ ഏറെപേരും വ്യക്തിഗത വിഭാഗത്തിലുള്ളവരാണ്. 1,21,000 സ്ഥാപനങ്ങളുമുണ്ട്.

പാൻ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി വലിയ തുകയുടെ ഇടപാട് നടത്തിയിട്ടുള്ളവർ എറെയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും റിട്ടൺ നൽകാതിരുന്നതിന് വിശദീകരണം ചോദിക്കാനും ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം: പുതിയ ദൗത്യം പ്രഖ്യാപിച്ച് നാസ. അന്യഗ്രഹ ജീവൻ തേടിയുള്ള ദൗത്യമാണ് നാസ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടുള്ള ക്ലിപ്പർ പേടകം വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. ഒക്ടോബറിൽ വിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം.

ഓക്സിജൻ കൂടുതലുള്ള യൂറോപ്പയുടെ പ്രതലം ഐസ് കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. അതിനടിയിൽ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നാണ് അനുമാനം. ഇക്കാരണത്താൽ തന്നെ ഭൂമിയെ കൂടാതെ ജീവൻ നിലനിൽക്കാനിടയുള്ള ഇടമായാണ് യൂറോപ്പയെ കണക്കാക്കുന്നത്. പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ എന്ന അടിസ്ഥാനമായ ചോദ്യത്തിനുത്തരമാണ് നാസ കണ്ടെത്താൻ ആഗ്രഹിക്കുന്നതെന്ന് ക്ലിപ്പർ ദൗത്യത്തിന്റെ പ്രൊജക്ട് സയന്റിസ്റ്റായ ബോബ് പാപ്പലാർഡോ വ്യക്തമാക്കി. മറ്റൊരു ഗ്രഹത്തിൽ ജീവിത സാഹചര്യങ്ങൾ കണ്ടെത്താൻ സാധിച്ചാൽ എന്നെങ്കിലും യൂറോപ്പ പോലുള്ള ഒരു സ്ഥലത്ത് ജീവൻ കണ്ടെത്താൻ നമുക്ക് സാധിച്ചേക്കുമെന്നും അദ്ദേഹം അറിയിച്ചു.

500 കോടി ഡോളറാണ് പദ്ധതിയുടെ ചെലവ്. കാലിഫോർണിയയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലാണ് ഇപ്പോൾ പേടകമുള്ളത്. അത് ഇവിടെ നിന്ന് ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ എത്തിക്കുകയും സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിൽ വിക്ഷേപിക്കുകയും ചെയ്യും.

ന്യൂഡൽഹി: കോൺസുലേറ്റിൽ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെയാണ് കാനഡയുടെ പുതിയ നീക്കം. കാനഡ പിരിച്ചുവിട്ടിരിക്കുന്നത് ഇന്ത്യയിലെ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നവരെയാണ്. ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും വിസ നടപടികൾക്ക് തടസമുണ്ടാകില്ലെന്നാണ് കാനഡ അറിയിച്ചിരിക്കുന്നത്.

ഖലിസ്ഥാൻ വാദി നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെ തുടർന്നാണ് ഇന്ത്യയും കാനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. പിന്നീട് ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം തിരികെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യക്കാരായ നിരവധി ജീവനക്കാരെ കാനഡ പിരിച്ചുവിടാൻ ആരംഭിച്ചത്.

ഇന്ത്യയിൽ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ടുകൾ. വിസയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദർശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് കനേഡിയൻ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

ലണ്ടൻ: കുടുംബാംഗത്തിന് വിസ സ്‌പോൺസർ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ വരുമാന പരിധി യുകെ വർധിപ്പിച്ചു. വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായാണ് ഉയർത്തിയത്. രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി.

നിലവിൽ 55 ശതമാനത്തിലധികം വർധനവാണ് വരുത്തിയിരിക്കുന്നത്. അടുത്ത വർഷം ആദ്യം ഇത് 38,700 പൗണ്ടായി ഉയർത്തും. ബ്രിട്ടനിൽ താമസമാക്കിയവർക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ഫാമിലി വിസ സ്‌പോൺസർ ചെയ്യണമെങ്കിൽ വ്യാഴാഴ്ച മുതൽ പുതിയ വരുമാന പരിധി നിർദേശം പാലിക്കേണ്ടതായി വരും.

അനധികൃത കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനും കുടിയേറുന്നവർ നികുതിദായകർക്ക് ഭാരമാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സുനകിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ നടപടി.. കുടിയേറ്റം വർധിക്കുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കേണ്ടത് പ്രധാനമാണെന്നാണ് യുകെ ആഭ്യന്തര മന്ത്രി ജെയിംസ് ക്ലെവർലി അറിയിച്ചിരിക്കുന്നത്.

ന്യൂഡൽഹി: പാരീസിൽ ഇന്ത്യൻ വിദ്യാർഥികൾ വാടകയ്ക്കു താമസിച്ചിരുന്ന വീടിന് തീപിടിച്ചു. മലയാളികൾ ഉൾപ്പെടെ താമസിച്ചിരുന്ന വീടിനാണ് തീപിടിച്ചത്. വീട്ടിലുണ്ടായിരുന്ന ഉത്തരേന്ത്യൻ വിദ്യാർഥികളിൽ ഒരാൾക്ക് നിസ്സാര പരുക്കേൽക്കുകയും ചെയ്തു. മലയാളി വിദ്യാർഥികൾ ഉൾപ്പെടെ ബാക്കിയുള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരം.

തീപിടുത്തത്തിൽ നിരവധി വിദ്യാർഥികളുടെ വിദ്യാഭ്യാസ രേഖകളും പാസ്‌പോർട്ടും കത്തിനശിച്ചു. മാനേജ്‌മെന്റ്, എൻജിനീയറിങ് പഠനത്തിന് എത്തിയ 8 മലയാളികൾ ഉൾപ്പെടെ 27 വിദ്യാർഥികളാണ് വീട്ടിൽ താമസിച്ചിരുന്നത്. മുറികളിൽ തീപടർന്നശേഷമാണ് വിദ്യാർത്ഥികൾ അറിഞ്ഞത്. റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്ന് വിദ്യാർഥികൾ പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീടിന്റെ ഉടമസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തീപിടുത്തത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് താമസ സ്ഥലത്ത് നിന്നും മാറേണ്ടി വന്നു. ഈ വിദ്യാർഥികൾക്ക് ഇന്ത്യൻ എംബസി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ഹോട്ടലുകളിൽ താമസമൊരുക്കി നൽകി. പിന്നീട് ഇവരെ വിവിധ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. താൽക്കാലിക താമസത്തിന് ഒരുമാസത്തേക്ക് സൗകര്യമൊരുക്കിയതായി സർവ മലയാളി ഫ്രാൻസിന്റെ പ്രസിഡന്റ് ജിത്തു ജനാർദനൻ അറിയിച്ചു.

പ്യോഗ്യാഗ്: യുദ്ധത്തിന് തയ്യാറെടുക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ. രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. 2011ൽ മരിച്ച കിമ്മിന്റെ പിതാവിന്റെ പേരിലുള്ള കിം ജോംഗ് ഇൽ യൂണിവേഴ്‌സിറ്റി ഓഫ് മിലിട്ടറി ആൻഡ് പൊളിറ്റിക്‌സിൽ കിം സന്ദർശനം നടത്തിയിരുന്നു, ഇവിടെ യുദ്ധത്തിന്റെ തയ്യാറെടുപ്പിന് മാർഗനിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് കിമ്മിന്റെ കീഴിൽ ആയുധ വികസനം വലിയ രീതിയിൽ പ്രേത്സാഹിപ്പിക്കുന്നുണ്ട്. റഷ്യയുമായി കൂടുതൽ സൈനികവും രാഷ്ട്രീയവുമായ ബന്ധം സ്ഥാപിക്കാനും ഉത്തര കൊറിയ ശ്രമിച്ചിരുന്നു. അടുത്തിടെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി സന്ദർശിച്ച ശേഷം കിം സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ശത്രുവുമായി രാജ്യം ഏറ്റുമുട്ടാൻ തീരുമാനിച്ചാൽ ശത്രുവിന്റെ മരണം കാണണം. രാജ്യത്തിന് ചുറ്റുമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്താനുള്ള സമയമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.