ഇനി കൂളായി ചില്ലായി നടക്കാം; ശക്തൻ നഗറിലെ ആകാശനടപ്പാത ശീതീകരണ സംവിധാനത്തോടെ തയ്യാറാകുന്നു

തൃശൂർ: ശക്തൻ നഗറിലെ ആകാശനടപ്പാത (സ്‌കൈ വോക്ക്) ശീതീകരണ സംവിധാനത്തോടെ തയ്യാറാകുന്നു. നടപ്പാതയ്ക്കുള്ളിൽ എയർ കണ്ടിഷനിങ് സംവിധാനം ഒരുക്കുന്നതും വശങ്ങൾക്കു ചുറ്റും ഗ്ലാസും സീലിങ്ങും സ്ഥാപിക്കുന്നതും പൂർത്തിയായി. എയർ കണ്ടിഷനിങ്ങിനൊപ്പം 2 ലിഫ്റ്റുകൾ കൂടി പുതുതായി സജ്ജീകരിച്ചിട്ടുണ്ട്.

ഇവ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതീകരണ ജോലികളും പുരോഗമിക്കുന്നു. ഇതിനായി ട്രാൻസ്‌ഫോമറും ഉടൻ സ്ഥാപിക്കും. അടിയന്തര ആവശ്യങ്ങൾക്കായി ജനറേറ്ററും എത്തിച്ചിട്ടുണ്ട്. 2 മാസത്തിനുള്ളിൽ എല്ലാ മോടിപിടിപ്പിക്കലും പൂർത്തിയാക്കി ആകാശപ്പാത തുറന്നു നൽകാനാണു കോർപ്പറേഷൻ പദ്ധതിയിടുന്നത്. പാത തുറക്കുന്നതോടെ തിരക്കേറിയ ശക്തൻ നഗറിലെ തെരുവുകളിലൂടെയുള്ള കാൽനടയാത്ര അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 38 ലക്ഷം രൂപ ചെലവഴിച്ചാണു സോളർ പ്ലാന്റ് സ്ഥാപിച്ചത്. പാതയ്ക്കുള്ളിലും മറ്റുമായി ഇതിനകം ഇരുപതോളം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

കോർപറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 8 കോടി രൂപയോളം ചെലവഴിച്ചാണു വൃത്താകൃതിയിൽ ആകാശപ്പാത നിർമിച്ചത്. തുടർന്ന് ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തുറന്നു നൽകി. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണു ആകാശപ്പാത ശീതീകരിക്കുന്നത്.