ഒരു കോടിയോളം പാകിസ്ഥാനികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ പോയേക്കും; ലോകബാങ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനികൾക്ക് മുന്നറിയിപ്പുമായി ലോകബാങ്ക്. ഒരു കോടിയോളം പാകിസ്ഥാനികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെ പോയേക്കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചാ നിരക്കും പണപെരുപ്പവും കാരണമാണിത് സംഭവിക്കുന്നത്. ലോകബാങ്ക് പുറത്തിറക്കിയ ”ദ്വിവാർഷിക പാകിസ്ഥാൻ ഡെവലപ്‌മെന്റ് ഔട്ട്‌ലുക്ക് റിപ്പോർട്ട്” പ്രകാരം രാജ്യത്ത് പണപ്പെരുപ്പത്തിൽ 26 ശതമാനം വർധനവാണ് ഉണ്ടായത്.

നവീനമായ സാമ്പത്തിക പുരോഗമന പദ്ധതികൾ ഉണ്ടായിരുന്നിട്ടും രാജ്യത്തെ ദാരിദ്ര്യ നിർമ്മാർജ്ജന ശ്രമങ്ങൾ അപര്യാപ്തമായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 98 ദശലക്ഷം പേർ ഇതിനോടകം രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നാണ് റിപ്പോർട്ടിന് നേതൃത്വം നൽകിയ സയ്യിദ് മുർതാസ മുസാഫരി വ്യക്തമാക്കിയത്.

പാകിസ്ഥാന്റെ ബജറ്റിന് ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചേക്കില്ലെന്നും അടുത്ത മൂന്ന് വർഷത്തേക്കെങ്കിലും രാജ്യത്ത് കമ്മി ബജറ്റാവും നിലനിൽക്കുക. രാജ്യത്ത് മിച്ച ബജറ്റിന്റെ ആവശ്യകത അന്താരാഷ്ട്ര നാണയ നിധി നിർബന്ധമാക്കിയ ഘട്ടത്തിലാണിത്. ദാരിദ്ര്യ നിരക്ക് 40 ശതമാനമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക വളർച്ച 1.8 ശതമാനത്തിൽ തന്നെ തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ദരിദ്രരായ ആളുകൾക്ക് കാർഷിക മേഖലയിൽ നിന്നും അപ്രതീക്ഷിത നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ഉയർന്ന പണപ്പെരുപ്പവും നിർമ്മാണ, വ്യാപാര മേഖലകളിലെ കുറഞ്ഞ വേതനവും വളർച്ചയെ തടസ്സപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു.

പണപ്പെരുപ്പം 30 ശതമാനത്തിന് മുകളിൽ എത്തി നിൽക്കുമ്പോൾ പോലും ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ദിവസ വേതനം അഞ്ച് ശതമാനം മാത്രമാണ് വർധിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. യാത്രാചെലവുകൾ ഉൾപ്പെടെ ജീവിത ചെലവ് രാജ്യത്ത് വർധിക്കുന്നതായും, ദരിദ്ര കുടുംബത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സകൾ പലപ്പോഴും ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.