കുടുംബാംഗത്തിന് വിസ സ്‌പോൺസർ ചെയ്യൽ; വരുമാന പരിധി വർധിപ്പിച്ച് യുകെ

ലണ്ടൻ: കുടുംബാംഗത്തിന് വിസ സ്‌പോൺസർ ചെയ്യുന്നതിന് ആവശ്യമായ കുറഞ്ഞ വരുമാന പരിധി യുകെ വർധിപ്പിച്ചു. വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായാണ് ഉയർത്തിയത്. രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കാനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണ് നടപടി.

നിലവിൽ 55 ശതമാനത്തിലധികം വർധനവാണ് വരുത്തിയിരിക്കുന്നത്. അടുത്ത വർഷം ആദ്യം ഇത് 38,700 പൗണ്ടായി ഉയർത്തും. ബ്രിട്ടനിൽ താമസമാക്കിയവർക്കു കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ഫാമിലി വിസ സ്‌പോൺസർ ചെയ്യണമെങ്കിൽ വ്യാഴാഴ്ച മുതൽ പുതിയ വരുമാന പരിധി നിർദേശം പാലിക്കേണ്ടതായി വരും.

അനധികൃത കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനും കുടിയേറുന്നവർ നികുതിദായകർക്ക് ഭാരമാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സുനകിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ നടപടി.. കുടിയേറ്റം വർധിക്കുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കേണ്ടത് പ്രധാനമാണെന്നാണ് യുകെ ആഭ്യന്തര മന്ത്രി ജെയിംസ് ക്ലെവർലി അറിയിച്ചിരിക്കുന്നത്.