ഗസ്റ്റ് ഹൗസ് നവീകരണം; ശബരിമലയിൽ പരിശോധനക്ക് ഹൈക്കോടതി ജസ്റ്റിസുമാർ നേരിട്ടെത്തും

കൊച്ചി: ശബരിമലയിൽ പരിശോധനക്ക് ഹൈക്കോടതി ജസ്റ്റിസുമാർ നേരിട്ടെത്തും. സന്നിധാനത്തെ ഗസ്റ്റ് ഹൗസ് നവീകരണത്തിന് അനുമതി തേടിയുള്ള ഹർജി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ മേനോൻ തുടങ്ങിയവർ നേരിട്ടെത്തി സന്നിധാനത്തെ സ്ഥിതി പരിശോധിക്കും.

മെയ് എട്ടാം തീയതി ജസ്റ്റിസുമാർ സന്നിധാനത്ത് എത്തുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് സന്നിധാനത്തെ ഗസ്റ്റ് ഹൗസ് നവീകരിക്കാൻ അനുമതി തേടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

1.75 കോടി രൂപ ചെലവിലാണ് ഗസ്റ്റ് ഹൗസ് നവീകരണത്തിന് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ പരിശോധന നടത്താനാണ് ഹൈക്കോടതി ജസ്റ്റിസുമാർ എത്തുന്നത്.