കോൺസുലേറ്റിൽ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ

ന്യൂഡൽഹി: കോൺസുലേറ്റിൽ നിന്ന് ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായി തുടരുന്നതിനിടെയാണ് കാനഡയുടെ പുതിയ നീക്കം. കാനഡ പിരിച്ചുവിട്ടിരിക്കുന്നത് ഇന്ത്യയിലെ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നവരെയാണ്. ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും വിസ നടപടികൾക്ക് തടസമുണ്ടാകില്ലെന്നാണ് കാനഡ അറിയിച്ചിരിക്കുന്നത്.

ഖലിസ്ഥാൻ വാദി നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെ തുടർന്നാണ് ഇന്ത്യയും കാനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. പിന്നീട് ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം തിരികെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യക്കാരായ നിരവധി ജീവനക്കാരെ കാനഡ പിരിച്ചുവിടാൻ ആരംഭിച്ചത്.

ഇന്ത്യയിൽ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ടുകൾ. വിസയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദർശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് കനേഡിയൻ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.