സമ്പൂർണ സൂര്യഗ്രഹണം ലോകത്തിന്റെ ഏത് കോണിലുള്ളവർക്കും കാണാം; വഴിയൊരുക്കി നാസ

ഏപ്രിൽ എട്ടാം തീയതി നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ശാസ്ത്രജ്ഞർ. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഹ്രണമാണിത് എന്നതാണ് ഏറ്റവും വലിയ സവിശേഷത.

സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂർണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്‌കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുള്ളൂ.

ഇത്തവണ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകുക വടക്കേ അമേരിക്കയിലായിരിക്കും. അമേരിക്കയിൽ ടെക്സസ് മുതൽ മെയ്ൻ രെയുള്ള സംസ്ഥാനങ്ങളിൽ പൂർണ സൂര്യഗ്രഹണം തന്നെ ആയിരിക്കും കാണാനാകുക. അമേരിക്കയിലെ മറ്റിടങ്ങൾ, ചില കരീബിയൻ രാജ്യങ്ങൾ, കൊളംബിയ, വെനസ്വേല, സ്പെയിൻ, ബ്രിട്ടൻ, പോർച്ചുഗൽ, ഐസ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദർശിക്കാം.

ഇന്ത്യ ഉൾപ്പെടെ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇത് കാണാൻ കഴിയില്ല. പക്ഷേ സമ്പൂർണ സൂര്യഗ്രഹണം കാണാൻ ലോകത്തിന്റെ ഏത് കോണിലുള്ളവർക്കും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അവസരമൊരുക്കുകയാണ്. ഏപ്രിൽ 8 ന് ഇന്ത്യൻ സമയം രാത്രി 9.13 മുതൽ ഏപ്രിൽ 9 വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളിൽ ഗ്രഹണം ദൃശ്യമാകുന്നത്. ഈ പ്രതിഭാസത്തെക്കുറിച്ചുളള അവബോധം വളർത്തുന്നതിന്റെ ഭാഗമായി, നാസ വിപുലമായ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. അതിലൊന്നാണ് തത്സമയ ഓൺലൈൻ സ്ട്രീമിങ്. മൂന്നു മണിക്കൂർ നേരത്തേക്ക് നിരവധി വടക്കനമേരിക്കൻ പ്രദേശങ്ങളിൽ നിന്നുള്ള ഫുട്ടേജ് നാസ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ഈ സമയത്ത് നാസയുടെ നിരവധി പരീക്ഷണങ്ങളും നടക്കും. ഇവയുടെ എല്ലാം വിവരങ്ങളും നാസ പ്രക്ഷേപണം ചെയ്യും. നാസാ ടിവി, നാസ വെബ്സൈറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലായിരിക്കും സംപ്രേക്ഷണം. ഏപ്രിൽ 8ന് രാത്രി 10.30 മുതൽ ഏപ്രിൽ 9ന് വെളുപ്പിന് 1.30 വരെ ആയിരിക്കും നാസയുടെ ലൈവ്.

ഗ്രഹണം നടക്കുന്ന അമേരിക്കയിൽ ഗ്രഹണം ഒരുമിച്ചിരുന്നു കാണാൻ നാസ ആളുകൾക്ക് ക്ഷണം നൽകുകയും ചെയ്തിട്ടുണ്ട്.