വ്യോമാക്രമണം; ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മയിൽ ഹനിയയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസ: ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മയിൽ ഹനിയയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം ഉണ്ടാകുകയായിരുന്നു.

മൂന്ന് മക്കളും രണ്ട് പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിലെ അൽ ഷാതി അഭയാർത്ഥി ക്യാംപിനു സമീപമാണ് ആക്രമണം നടന്നത്. ഖത്തറിന്റെയും ഈജിപ്തിന്റെയും യു എസിന്റെ നേതൃത്വത്തിൽ കെയ്റോയിൽ സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇസ്മയിൽ ഹനിയ ആയിരുന്നു ഗാസയിൽ ഇസ്രായേലുമായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിലും ഹമാസിന്റെ അന്താരാഷ്ട്ര നയതന്ത്രത്തിലെ പ്രധാന നീക്കങ്ങൾ നടത്തിയിരുന്നത്. കഴിഞ്ഞ നവംബറിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിലെ അദ്ദേഹത്തിന്റെ കുടുംബവീട് തകർന്നിരുന്നു.

ഇസ്മായിൽ ഹനിയയുടെ മൂന്ന് ആൺമക്കളായ ഹസെം, അമീർ, മുഹമ്മദ് എന്നിവർക്ക് ഗാസയിലെ അൽ-ഷാതി ക്യാമ്പിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ജീവൻ നഷ്ടപ്പെട്ടതെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്.